സാംസങ്ങിന്‍റെ ഏറ്റവും പുതിയ 5G ഫോണായ ഗ്യാലക്‌സി M32 5G ഇന്ത്യയിൽ അവതരിപ്പിച്ചു. 12 ഫൈവ്ജി ബാന്‍റുകളെ പിന്തുണയ്‌ക്കുന്ന ഫോണ്‍ സാംസങ്ങിന്‍റെ തന്നെ നോക്‌സ് സെക്യൂരിറ്റി പിന്തുണയുമായാണ് എത്തുന്നത്. സ്ലേറ്റ് ബ്ലാക്ക്, സ്കൈ ബ്ലൂ എന്നിങ്ങനെ രണ്ട് നിറങ്ങളിൽ ഫോണ്‍ ലഭ്യമാണ്.
Also Read: റിയൽമി ജിടി 5G; ഇന്ത്യയിൽ വില്പന ആരംഭിച്ചു
രണ്ട് വേരിയന്‍റുകളിലാണ് ഫോണ്‍ എത്തുന്നത്. 6 ജിബി റാമും 128 ജിബി മെമ്മറിയുമുള്ള മോഡലിന് 18,999 രൂപയാണ് വില. 8 ജിബി+ 128 ജിബി മോഡലിന്‍റെ വില സാംസങ്ങ് പുറത്തുവിട്ടിട്ടില്ല. സെപ്റ്റംബർ രണ്ടിന് ആമസോണിലൂടെയാണ് ഫോണിന്‍റെ വില്പന ആരംഭിക്കുന്നത്.
Samsung Galaxy M32 5G സവിശേഷതകൾ
6.5 ഇഞ്ച് എച്ച്ഡി+ TFT ഇൻഫിനിറ്റി ഡിസ്പ്ലേയാണ് ഫോണിന് നൽകിയിരിക്കുന്നത്. മീഡിയടെക്കിന്‍റെ ഡൈമണ്‍സിറ്റി 720 SoC പ്രൊസസറാണ് ഫോണിന് കരുത്ത് പകരുന്നത്.
128 ജിബി ഇന്‍റേണൽ സ്റ്റോറേജുള്ള രണ്ട് വേരിയന്‍റുകളിലും മൈക്രോ എസ്‌ഡി കാർഡ് ഉപയോഗിച്ച് ഒരു ടിബി വരെ മെമ്മറി വർധിപ്പിക്കാം.
ക്വാഡ് ക്യാമറ സെറ്റപ്പ് ആണ് സാംസങ്ങ് ഗ്യാലക്‌സി M32 5Gക്ക് നൽകിയിരിക്കുന്നത്. 48 എംപിയുടേതാണ് പ്രൈമറി സെൻസർ.
8 എംപിയുടെ അൾട്രാ വൈഡ് ആംഗിൾ സെൻസർ, 2 എംപിയുടെ മാക്രോ ഷൂട്ടർ, 2 എംപിയുടെ ഡെപ്‌ത് സെൻസർ എന്നിങ്ങനെയാണ് ക്യാമറ സെറ്റപ്പ്. 13 എംപിയുടേതാണ് സെൽഫി ക്യാമറ.
ഫിംഗർപ്രിന്‍റ് സെൻസർ സൈഡ് മൗണ്ടഡ് ആണ്. 15W ഫാസ്റ്റ് ചാർജിങ്ങ് സപ്പോർട്ട് ചെയ്യുന്ന 5000 എംഎഎച്ചിന്‍റെ ബാറ്ററിയാണ് ഫോണിന് നൽകിയിരിക്കുന്നത്.
ആൻഡ്രോയിഡ് 11 അധിഷ്‌ഠിത സാംസങ്ങിന്‍റെ വണ്‍ യുഐ 3.1ൽ ആണ് ഫോണ്‍ പ്രവർത്തിക്കുന്നത്.