ന്യൂഡൽഹി: അഞ്ച് വർഷത്തിനുള്ളിൽ ഇന്ത്യയിലെ 5ജി സ്മാർട്ട്‌ഫോൺ വരിക്കാരുടെ എണ്ണം 33 കോടി ആകുമെന്ന് സ്വീഡിഷ് ടെലി കമ്മ്യൂണിക്കേഷൻ ഭീമനായ എറിക്‌സണ്‍. രാജ്യത്തെ 5ജി ശേഷിയുള്ള ഡിവൈസുകളുടെ എണ്ണം 2021ന്‍റെ ആദ്യ പാദത്തിൽ ഏഴ് കോടിയായി വർധിച്ചു.
2026 അവസാനത്തോടെ 5ജി ഉപഭോക്താക്കളുടെ എണ്ണം 35 കോടി കടക്കും. ഇക്കാലയളവിൽ രാജ്യത്തെ 60 ശതമാനം ജനങ്ങളിലേക്കും 5ജി സേവനങ്ങൾ എത്തുമെന്നും എറിക്‌സണ്‍ പുറത്തുവിട്ട പഠനത്തിൽ പറയുന്നു. ഇന്ത്യയിലെ സ്മാർട്ട് ഫോണുകളുടെ ശരാശരി ഡേറ്റ ട്രാഫിക്ക് ആഗോളതലത്തിൽ രണ്ടാമതാണ്.
Also Read: ജസ്പ്രീത് ബുംറ വൺപ്ലസ് വെയറബിൾസിന്‍റെ ബ്രാൻഡ് അംബാസഡർ
2019ൽ ഇന്ത്യക്കാരുടെ ശരാശരി ഡേറ്റ ഉപയോഗം ഒരു മാസം 13 ജിബി ആയിരുന്നു. 2020ൽ അത് 14.6 ജിബി ആയി. 2026 ആകുമ്പോഴേക്കും ശരാശരി ഡേറ്റ ഉപയോഗം മാസം 40ജിബി ആകും.
ഈ വർഷം അവസാനത്തോടെ ലോകത്തെ 5ജി മൊബൈൽ ഫോണുകളുടെ എണ്ണം 58 കോടിയിലെത്തും. ദിനവും ലോകത്ത് 10 ലക്ഷം 5ജി മൊബൈലുകൾ വില്‍ക്കപ്പെടുന്നുണ്ടെന്നാണ് എറിക്‌സണിന്‍റെ കണക്ക്.
5ജി ടെക്നോളജിയിലേക്ക് മാറുന്നതിൽ ചൈനയാണ് ഒന്നാമത്. പിന്നാലെ യുഎസ്, ദക്ഷിണ കൊറിയ, ജപ്പാൻ, ജിസിസി രാജ്യങ്ങളാണ്. പുതിയ ടെക്നോളജിയിലേക്ക് മാറുന്ന കാര്യത്തിൽ യൂറോപ്പ് വളരെ പിന്നിലാണെന്നും എറിക്‌സൺ ചൂണ്ടിക്കാട്ടുന്നു.
4ജി ടെക്നോളജി എത്താൻ എടുത്ത സമയത്തേക്കാൾ രണ്ട് കൊല്ലം കുറവ് മതി 5ജി ടെക്നോളജി 100 കോടി ഉപഭോക്താക്കളിലേക്ക് എത്താനെന്നും പഠനം പറയുന്നു. നിലവിൽ ലോകത്ത് 300ൽ അധികം 5ജി സ്മാർട്ട് ഫോണ്‍ മോഡലുകൾ ലഭ്യമാണ്.