ഹൈദരാബാദ്: നമ്മുടെ ഫോണുകളിൽ പണമിടപാടുകൾ നടത്തുമ്പോളും മറ്റും എത്തുന്ന ഒടിപി മെസേജുകൾ ഡിലീറ്റ് ചെയ്യാനുള്ള മടി കാരണം കുമിഞ്ഞ് കൂടി കിടപ്പുണ്ടാകും. എന്ത് ചോദിച്ചാലും ഉത്തരം പറയുന്ന ഗൂഗിൾ ഇത്തവണ അതിനും പരിഹാരം കണ്ടെത്തിയിരിക്കുകയാണ്. ഇനി ഗൂഗിൾ മെസേജ് ആപ്ലിക്കേഷനിൽ ഒടിപി സന്ദേശങ്ങൾ സ്വീകരിച്ച് 24 മണിക്കൂറിന് ശേഷം സ്വയം ഡിലീറ്റ് ആകും.
Also Read: 'കുതിരകൾക്ക് വിട, എഞ്ചിന്‍ സിംപിളാണ്, പവര്‍ഫുളാണ്'; കാറിന്‍റെ ആദ്യ പരസ്യത്തിന് 123 ആണ്ട്
ആവശ്യമില്ലെങ്കിൽ ഓട്ടോമാറ്റിക് ഡിലീറ്റ് സംവിധാനം ഓഫ് ചെയ്‌തിടാവുന്നതാണ്. സ്‌പാം പ്രൊട്ടക്ഷന്‍റെ വിപുലീകരിച്ച സൗകര്യമാണ് ഇതിനായി ഗൂഗിൾ ഉപയോഗിക്കുക. കൂടാതെ മെസേജുകൾ ഓട്ടോമാറ്റിക് ആയി തരംതിരിക്കുന്ന സൗകര്യം മെസേജ് അപ്ലിക്കേഷനിൽ ഉൾപ്പെടുത്തുമെന്നും ഗൂഗിൾ അറിയിച്ചിട്ടുണ്ട്.
വ്യക്തിഗത, ഇടപാടുകൾ, ഒടിപി എന്നിങ്ങനെ മെസേജുകളെ വേർതിരിക്കുന്ന സംവിധാനമാണ് ഏർപ്പെടുത്തുക. ഈ സൗകര്യം നിലവിൽ ഐഫോണുകളിൽ ലഭ്യമാണ്. കഴിഞ്ഞ കുറച്ച് വർഷങ്ങളായി ആപ്പിളിന്‍റെ ഐ- മെസേജിന് തുല്യമായി തങ്ങളുടെ മെസേജിങ്ങ് സംവിധാനം ഉയർത്തിക്കൊണ്ട് വരാനുള്ള ശ്രമങ്ങളിലാണ് ഗൂഗിൾ. അതിന്‍റ ഭാഗമായി ഈ മാസം ആദ്യം എസ്എംഎസിന് എൻഡ്-ടു-എൻഡ് എൻക്രിപ്ഷൻ ഗൂഗിൾ ഏർപ്പെടുത്തിയിരുന്നു.
വാട്‌സ്‌ആപ്പ്, ടെലിഗ്രാം പോലുള്ള പ്ലാറ്റ്‌ഫോമുകൾ പലപ്പോഴും മികച്ച സുരക്ഷാ സവിശേഷതയായി ഉയർത്തിക്കാട്ടുന്ന സൗകര്യമാണ് എൻഡ്-ടു-എൻഡ് എൻക്രിപ്ഷൻ. മൾട്ടിമീഡിയ മെസേജുകൾ അയക്കാൻ അനുവദിക്കുന്ന ആർസിഎസ് സംവിധാനവും നേരത്തെ ഗൂഗിൾ അവതരിപ്പിച്ചിരുന്നു.
എന്നാൽ പുതിയ സേവനങ്ങൾ സാംസങ്ങ്, ഷവോമി തുടങ്ങി സ്വന്തം എസ്എംഎസ് ആപ്ലിക്കേഷനുകൾ ഉപയോഗിക്കുന്ന ഫോണുകളിൽ ലഭിക്കില്ല. എന്നാൽ ഈ ഫോണുകളില്‍ പ്ലേസ്റ്റോറിൽ നിന്ന് ഗൂഗിളിന്‍റെ എസ്എംഎസ് ആപ് ഡൗണ്‍ലോഡ് ചെയ്‌ത് ഉപയോഗിക്കാവുന്നതാണ്.