എറണാകുളം : നാല് കിലോ കഞ്ചാവുമായി രണ്ട് അസം സ്വദേശികളായ യുവാക്കള്‍ പിടിയിലായി. കൊച്ചി സിറ്റി ഡാൻസാഫും, എറണാകുളം സെൻട്രൽ പൊലീസും ചേർന്നാണ് പ്രതികളെ പിടികൂടിയത്. രത്നബാലി ബോറൊ, ഗീതാർഥ ശർമ്മ എന്നിവരാണ് അറസ്റ്റിലായത്.
കേരളത്തിൽ എറണാകുളം, ആലപ്പുഴ, കൊല്ലം ജില്ലകളിലുള്ള അന്യസംസ്ഥാന തൊഴിലാളികള്‍ക്കും, മലയാളികൾ മുഖേന വിദ്യാർഥികൾക്കും, യുവാക്കൾക്കും കഞ്ചാവ് എത്തിച്ചു കൊടുക്കുന്ന സംഘത്തിലെ പ്രധാന കണ്ണിയാണ് പിടിയിലായ രത്നബാലി ബോറ.
ഒഡീഷയിൽ നിന്ന് കിലോയ്ക്ക് 800 രൂപ വിലയ്‌ക്കെടുക്കുന്ന കഞ്ചാവ് വൻ വിലയ്ക്കാണ് കൊച്ചിയിൽ വിറ്റഴിക്കുന്നത്. മാസത്തിൽ നിരവധി തവണ കൊച്ചിയിൽ എത്തുന്ന ഇവർ പത്തു കിലോഗ്രാം വീതം നിറയ്ക്കാവുന്ന ട്രോളി ബാഗുകളാണ് കഞ്ചാവെത്തിച്ചിരുന്നത്. നാട്ടിലെ വിവിധ ഭാഗങ്ങളിലുള്ള ഏജന്‍റുമാർക്ക് കഞ്ചാവ് നല്‍കി നാട്ടിലേക്ക് തിരിച്ചു പോകുന്നതാണ് ഇവരുടെ രീതി. ആഴ്ചകളായി ഡാൻസാഫിന്റെ രഹസ്യനിരീക്ഷണത്തിലായിരുന്നു പ്രതികൾ.