മലപ്പുറം: യുവാവിനെ തട്ടിക്കൊണ്ടുപോയി നഗ്നചിത്രം പകർത്തി സാമൂഹികമാധ്യമങ്ങൾ വഴി പ്രചരിപ്പിച്ച സംഭവത്തിൽ മൂന്നുപേർ അറസ്‌റ്റിൽ. മഞ്ചേരി പൂളക്കുന്നൻ സജാത് റോഷൻ, നറുകര അത്തിമണ്ണിൽ അനസ്, പാണ്ടിക്കാട് മിനാട്ടുകുഴി സിദ്ദീഖ് എന്നിവരാണ് മലപ്പുറത്ത് പൊലീസ് അറസ്‌റ്റ് ചെയ്‌തത്. മഞ്ചേരി നെല്ലിക്കുത്തിൽ നിന്നാണ് സംഘത്തെ അറസ്‌റ്റ് ചെയ്‌തത്. സംഭവത്തിൽ നറുകര സ്വദേശിയായ മറ്റൊരു യുവാവിനെ കൂടി പൊലീസ് തിരയുന്നുണ്ട്.
മലപ്പുറം കുന്നുമ്മലിൽ വെച്ചാണ് ചെമ്മങ്കടവ് സ്വദേശിയായ ഇരുപത്തിരണ്ടുകാരനെ തട്ടിക്കൊണ്ടുപോയത്. തുടർന്ന് മഞ്ചേരി തുറക്കലുള്ള വീട്ടിൽവെച്ച് ഭീഷണിപ്പെടുത്തി നഗ്നനാക്കി ഫോട്ടോ പകർത്തി സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയായിരുന്നു. ഇരുപത്തിരണ്ടുകാരൻ സാമൂഹികമാധ്യമത്തിലൂടെ സന്ദേശം അയച്ചതിലുള്ള വിരോധമാണ് തട്ടിക്കൊണ്ടുപോകാൻ കാരണമെന്ന് പൊലീസ് പറഞ്ഞു. സംഘം കൃത്യത്തിനുപയോഗിച്ച കാർ പൊലീസ് പിടിച്ചെടുത്തു.