കോഴിക്കോട്: ചെന്നൈ-മംഗലാപുരം സൂപ്പർഫാസ്റ്റ് ട്രെയിനിൽ നിന്ന് സ്വർണവും രത്നവും പണവും മോഷണം പോയ സംഭവത്തിൽ റെയിൽവേ പൊലീസ് അന്വേഷണം ആരംഭിച്ചു. ഇന്ന് പുലർച്ചയോടെയാണ് ട്രെയിനിൽ നിന്ന് ആഭരണങ്ങളും പണവും കവർന്ന സംഭവം ഉടമസ്ഥർ അറിയുന്നത്.
ചെന്നൈ അയനപുരം സ്വദേശി മാരന്റെ ഭാര്യ പൊന്നിമാരന്‍റെ 10 ലക്ഷം രൂപ വില വരുന്ന സ്വർണവും രത്നവും 22000 രൂപയുമാണ് ട്രെയിനിൽ നിന്ന് നഷ്ടമായത്. കണ്ണൂരിൽ ഒരു വിവാഹത്തിൽ പങ്കെടുക്കുന്നതിനായി ചെന്നൈയിൽ നിന്ന് യാത്ര പുറപ്പെട്ടതായിരുന്നു ഇവർ. ട്രെയിൻ തിരുപ്പൂരിൽ എത്തിയപ്പോൾ ഇവർ ഉറങ്ങാൻ കിടന്നു. പുലർച്ചെ തിരൂരിൽ എത്തിയപ്പോഴാണ് ഉറക്കം ഉണരുന്നത്. തുടർന്നാണ് ആഭരണവും പണവും നഷ്ടമായ വിവരം അറിയുന്നത്. ഇവരുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കോഴിക്കോട് റെയിൽവേ പൊലീസ് കേസെടുത്തത്.