കണ്ണൂർ: തലശ്ശേരിയിലെ മത്സ്യ മാർക്കറ്റിൽ ഇതര സംസ്ഥാനങ്ങളിൽ നിന്നും കൊണ്ട് വരുന്ന മത്സ്യങ്ങളിൽ ആരോഗ്യത്തിന് ഹാനികരമായ രീതിയിൽ ഫോർമാലിൻ കലർന്നിട്ടുണ്ടെന്ന് കണ്ടെത്തി. ഇതെത്തുടർന്ന് മത്സ്യം മാർക്കറ്റിൽ ഇറക്കുന്നത് ആരോഗ്യ സുരക്ഷാ വിഭാഗം തടഞ്ഞു. ഇത് നേരിയ സംഘർഷത്തിന് ഇടയാക്കി. ഫോർമാലിന്‍റെ അംശം കണ്ടെത്തിയ അഞ്ച് കിന്‍റലോളം മത്സ്യം നശിപ്പിക്കുകയും ചെയ്തു.
ഇന്ന് രാവിലെ എട്ട് മണിയോടെയാണ് സംഭവം. ആരോഗ്യ സുരക്ഷാ വിഭാഗവും ഫിഷറീസ് വകുപ്പിന്റെയും തലശ്ശേരി നഗരസഭയിലെ ആരോഗ്യ വിഭാഗത്തിന്റെയും സംയുക്താഭിമുഖ്യത്തിലായിരുന്നു പരിശോധന.
മത്സ്യം കയറ്റി അയക്കുന്ന സ്ഥലത്ത് പരിശോധന നടത്തണമെന്നും തങ്ങളാണ് കുറ്റക്കാരെന്ന് പൊതുജനം കരുതുമെന്നും മത്സ്യ മാര്‍ക്കറ്റിലെ വില്‍പ്പനക്കാര്‍ പൊലീസിനോട് പറഞ്ഞു.