മുംബൈ: ഷീന ബോറ കൊലപാതക കേസിലെ മുഖ്യപ്രതിയും ഷീനയുടെ അമ്മയുമായ ഇന്ദ്രാണി മുഖര്‍ജി സമര്‍പ്പിച്ച ജാമ്യ ഹര്‍ജിയെ എതിര്‍ത്ത് സിബിഐ. ഇന്ദ്രാണിക്കെതിരെ ചുമത്തിയിരിക്കുന്ന കുറ്റങ്ങള്‍ ഗൗരവമുള്ളതാണെന്നും ശക്തമാണെന്നും സിബിഐ കോടതിയെ അറിയിച്ചു. 2015ല്‍ അറസ്‌റ്റിലായ ഇന്ദ്രാണി മുമ്പ് നാല് തവണ ജാമ്യം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചിരുന്നെങ്കിലും ജാമ്യം ലഭിച്ചിരുന്നില്ല. ഏറ്റവുമൊടുവില്‍ കഴിഞ്ഞ ഡിസംബറിലാണ് ജാമ്യം നല്‍കണമെന്ന ആവശ്യവുമായി ഇന്ദ്രാണി മുഖര്‍ജി ഡല്‍ഹി സിബിഐ കോടതിയെ സമീപിച്ചത്. ഈ ഹര്‍ജിയിന്‍മേലാണ് സിബിഐ എതിര്‍പ്പ് അറിയിച്ചിരിക്കുന്നത്. സിബിഐ ജഡ്‌ജി ജെ.സി ജാഗ്‌ദലെയാണ് ഹര്‍ജി പരിഗണിക്കുന്നത്.
ജാമ്യത്തിലിറങ്ങിയാല്‍ പ്രതി ഒളിവില്‍ പോകാനും സാക്ഷികളെ സ്വാധീനിക്കാനും സാധ്യതയുണ്ടെന്ന് സിബിഐ കോടതിയെ ധരിപ്പിച്ചു. കേസില്‍ കൂടുതല്‍ സാക്ഷികളുടെ മൊഴി രേഖപ്പെടുത്താനുണ്ടെന്നും നിലവില്‍ ഇന്ദ്രാണിക്കെതിരെ ലഭിച്ച തെളിവുകള്‍ ശക്തമാണെന്നും സിബിഐ അറിയിച്ചു. 2002 ഏപ്രിലിൽ ഇന്ദ്രാണിയുടെ ആദ്യ ജീവിതപങ്കാളിയിലെ മകൾ ഷീന ബോറയെ മുൻ ഭർത്താവ് സഞ്ജീവ് ഖന്ന, ഡ്രൈവർ ശ്യാംവർ റായ് എന്നിവരുടെ സഹായത്തോടെ കൊലപ്പെടുത്തി എന്നാണു കേസ്. പീറ്ററിന്‍റെ ആദ്യവിവാഹത്തിലെ മകനുമായുള്ള ഷീനയുടെ അടുപ്പമാണു കൊലയ്ക്ക് പ്രേരിപ്പിച്ചതെന്നാണു സിബിഐയുടെ നിഗമനം.