കണ്ണൂര്‍: തളിപ്പറമ്പിൽ പതിനാലുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ സംഭവത്തില്‍ രണ്ടുപേരെ പോക്‌സോ നിയമപ്രകാരം തളിപ്പറമ്പ് പൊലീസ് അറസ്റ്റ് ചെയ്തു. തളിപ്പറമ്പ് മാര്‍ക്കറ്റില്‍ മല്‍സ്യകച്ചവടം നടത്തുന്ന ഞാറ്റുലയലിലെ മീത്തലെപാത്ത് അബ്ദുള്‍ റസാക്ക്(41), തളിപ്പറമ്പില്‍ ഉന്തുവണ്ടിയില്‍ പഴക്കച്ചവടം നടത്തുന്ന കീച്ചേരിയിലെ പൂവളപ്പില്‍ ജബ്ബാര്‍(52) എന്നിവരെയാണ് പൊലീസ് പിടികൂടിയത്.
കഴിഞ്ഞ വര്‍ഷം നവംബര്‍ 27 ന് രാത്രി എട്ടിനാണ് സംഭവം. സുഖമില്ലാത്ത ബന്ധുവിനെ ആശുപത്രിയിലെത്തിച്ച് മടങ്ങുകയായിരുന്ന കുട്ടിയെ റസാക്ക് നിര്‍ബന്ധിപ്പിച്ച് ഓട്ടോറിക്ഷയില്‍ കയറ്റിക്കൊണ്ടുപോവുകയായിരുന്നു. തളിപ്പറമ്പിലെ ഒരു സ്വകാര്യ ആശുപത്രിക്ക് സമീപത്തെ ആളൊഴിഞ്ഞ സ്ഥലത്ത് വെച്ച് പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിന് വിധേയനാക്കുകയും പണം കൊടുത്ത് പ്രലോഭിപ്പിക്കുകയും ചെയ്തു.
പഴക്കച്ചവടക്കാനായ ജബ്ബാര്‍ കഴിഞ്ഞ വര്‍ഷം ജൂണ്‍ മുതല്‍ ഈ വര്‍ഷം ജനുവരി വരെ വിവിധ സ്ഥലങ്ങളില്‍ കൊണ്ടുപോയി പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്നും പരാതിയില്‍ പറയുന്നു. ചൈൽഡ് ലൈനിന് നൽകിയ പരാതിയെത്തുടർന്ന് തളിപ്പറമ്പ സി.ഐ സത്യനാഥിന്‍റെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്. തളിപ്പറമ്പ മജിസ്‌ട്രേറ്റ് മുമ്പാകെ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.