മംഗലാപുരം: മംഗലാപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ ബോംബ് വച്ചത് ജോലി നിഷേധിച്ചതിലുള്ള പ്രതികാരമായാണെന്ന് അറസ്റ്റിലായ പ്രതി ആദിത്യ റാവു. കോടതിയില്‍ ഹാജരാക്കുന്ന പ്രതിയെ പൊലീസ് കസ്റ്റഡിയില്‍ വാങ്ങും. എഞ്ചിനീയറിംഗ്, എം.ബി.എ ബിരുദധാരിയാണ് പ്രതി. ചില രേഖകളുടെ അഭാവത്തിൽ വിമാനത്താവളത്തിലെ ജോലി നിരസിക്കപ്പെട്ടു. ഇതിന്‍റെ നിരാശയിലായിരുന്നു പ്രതി. ഇതോടെ വിമാനത്താവളത്തില്‍ ബോംബ് വെക്കാന്‍ തീരുമാനിക്കുകയായിരുന്നു. ഇയാൾക്ക് മറ്റ് സംഘടനകളുമായി ബന്ധമോ ബോംബ് നിർമാണത്തിൽ മറ്റാരുടെയും സഹായമോ ലഭിച്ചതായി വിവരമില്ലെന്ന് മംഗളുരു സിറ്റി പൊലീസ് കമ്മിഷണർ പി.എസ് ഹർഷ പറഞ്ഞു. സ്ഫോടന വസ്തു നിയന്ത്രണ നിയമം, നിയമവിരുദ്ധ പ്രവർത്തനം എന്നീ വകുപ്പുകൾ പ്രകാരമാണ് ആദിത്യ റാവുവിനെതിരെ കേസെടുത്തിരിക്കുന്നത്.
നേരത്തെ ബംഗളൂരു വിമാനത്താവളത്തിൽ 25,000 രൂപ ശമ്പളമുള്ള ജോലി ചില രേഖകളുടെ അഭാവത്തിൽ നിഷേധിച്ചിരിന്നു. ഇതിന് പ്രതികാരമായി 2018ൽ രണ്ടുതവണ ബാംഗളൂരു വിമാനത്താവളത്തിൽ ബോംബ് വച്ചിട്ടുണ്ടെന്ന് ഭീഷണി സന്ദേശം നൽകിയിരുന്നു. ഭീഷണി സന്ദേശങ്ങളുടെ പേരിൽ ആദിത്യ റാവു 11 മാസം ജയിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. യോഗ്യതക്ക് അനുസരിച്ച ജോലി നേടാനാകാത്തതിലെ നിരാശയാണ് ആദിത്യയെ പ്രകോപിപ്പിക്കുന്നത്. ഇയാൾക്കെതിരെ വിശദമായി അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിക്കുമെന്നും കമ്മിഷണർ പറഞ്ഞു.