പത്തനംതിട്ട: കോന്നി സി.പി.എം മുൻ ലോക്കൽ കമ്മറ്റി സെക്രട്ടറിയുടെ തൂങ്ങി മരണത്തിൽ പ്രാദേശിക നേതൃത്വത്തിനെതിരെ ആരോപണവുമായി ഭാര്യ രാധ . പത്തനംതിട്ട കോന്നി വട്ടപ്പാറ ചരിവുകാലായിൽ വീട്ടിൽ ഓമനക്കുട്ടനെയാണ്(50) വീടിനോട് ചേർന്ന് ഇന്ന് രാവിലെ ആറ് മണിയോടെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ വട്ടക്കാവ് വാർഡിൽ ഇടത് സ്ഥാനാർത്ഥി പരാജയപ്പെട്ടതിന് ഉത്തരവാദി ഓമനക്കുട്ടനാണെന്ന് സി.പി.എം പ്രാദേശിക നേതൃത്വം കുറ്റപ്പെടുത്തിയിരുന്നതായും ഇതിന്‍റെ പേരിൽ തന്‍റെ ഭർത്താവിനെ സി.പി.എം പ്രവർത്തകർ ഭീഷണിപ്പെടുത്തിയിരുന്നതായും ഓമനക്കുട്ടന്‍റെ ഭാര്യ രാധ പറഞ്ഞു.
കോന്നി റീജിയണൽ സഹകരണ ബാങ്കിൽ കളക്ഷൻ ഏജന്‍റായി പ്രവർത്തിച്ച് വരികയായിരുന്നു ഓമനക്കുട്ടൻ. ഓമനക്കുട്ടനായിരുന്നു ക്ഷേമ പെൻഷനുകൾ വീടുകളിൽ എത്തിച്ചിരുന്നത്. എന്നാൽ അടുത്തിടെ ഈ ചുമതലയിൽ നിന്നും ഓമനക്കുട്ടനെ ബാങ്ക് അധികൃതർ നീക്കിയിരുന്നു. പൊലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.