കൊച്ചി: വ്യാജ കസ്റ്റമര്‍ കെയര്‍ നമ്പറുകള്‍ ഉപയോഗിച്ച് ഓണ്‍ലൈന്‍ തട്ടിപ്പ് നടത്തുന്ന സംഘത്തിലെ പ്രധാന പ്രതിയെ ജാർഖണ്ഡിൽ നിന്ന് പൊലീസ് പിടികൂടി. ദേവ്ഗർ ജില്ലയിൽ പാലാജോരി ഗ്രാമത്തിലെ ഫാറൂഖ് അൻസാരി (25) ആണ് പിടിയിലായത്.
ബാങ്ക് അക്കൗണ്ടില്‍ നിന്നും ആപ്ലിക്കേഷന്‍ ഉപയോഗിച്ച് പണം കൈമാറാന്‍ അനുവദിക്കുന്ന സംവിധാനമാണ് യൂണിഫൈഡ് പേയ്‌മെന്റ് ഇന്റർഫേസ് (യുപിഐ). യുപിഐ. ഈ ആപ്ളിക്കേഷന്‍റെ സാങ്കേതികത്വം അറിയാത്തവരുടെ അജ്ഞത മുതലെടുത്ത് വ്യാജ കോൾ സെന്റർ നമ്പറുകള്‍ പ്രദർശിപ്പിച്ചാണ് തട്ടിപ്പ് നടത്തുന്നത്. വിമാന ടിക്കറ്റ് പിന്‍വലിക്കാന്‍ വേണ്ടി പെരുമ്പാവൂര്‍ സ്വദേശി കസ്റ്റമര്‍ കെയറിനെ സമീപിച്ചപ്പോഴാണ് സംഭവം പുറത്തുവരുന്നത്. വിമാന കമ്പനിയുടെ പേരില്‍ നിര്‍മിച്ച വ്യാജ കോള്‍ സെന്‍ററിലേക്കായിരുന്നു ടിക്കറ്റ് ക്യാന്‍സല്‍ ചെയ്യാന്‍ വിളിച്ചത്. 11,5000 രൂപയാണ് ഇയാളില്‍ നിന്നും സംഘം തട്ടിയെടുത്തത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് സംഘം ജാര്‍ഖണ്ഡില്‍ നിന്നും പൊലീസ് പിടിയിലാകുന്നത്. കൊൽക്കത്തയും ജാര്‍ഖണ്ഡും കേന്ദ്രീകരിച്ചാണ് ഇത്തരം കോള്‍സെന്‍ററുകള്‍ പ്രവര്‍ത്തിക്കുന്നത്.
ആധാർ നമ്പർ ഉപയോഗിച്ച് പുതിയ മൊബൈൽ കണക്ഷനുകൾ എടുക്കുന്ന നിരക്ഷരരായ സാധാരണക്കാരെ വിരലടയാളം പതിഞ്ഞിട്ടില്ല എന്ന് വിശ്വസിപ്പിച്ച് പലവട്ടം വിരലടയാളം പതിപ്പിച്ച് ആ ഐഡി പ്രൂഫ് ഉപയോഗിച്ച് അഞ്ചും ആറും കണക്ഷനുകൾ സംഘടിപ്പിച്ച് ആ നമ്പറുകൾ കോൾ സെന്‍റര്‍ നമ്പറുകളായി ഉപയോഗിക്കുകയാണ് ഇവരുടെ രീതി. ജാര്‍ഖണ്ഡിലെ ദേവ്ഗര്‍ ജില്ലാ സൈബര്‍ പൊലീസിന്‍റെ സഹായത്തോടെയാണ് കേരള പൊലീസ് സംഘം പ്രതിയെ പിടികൂടിയത്. പിടിയിലാകുമ്പോഴും ഇയാള്‍ പത്തോളം മൊബൈല്‍ ഫോണുമായി വ്യാജ കസ്റ്റമര്‍ കെയര്‍ നമ്പറുകള്‍ ഉപയോഗിച്ച് പലരുടേയും കോളുകള്‍ക്ക് മറുപടി നല്‍കുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.