ബെംഗളുരൂ: ആത്മീയ നേതാവ് കൽക്കി ഭഗവാന്‍റെ വിവിധ സ്ഥാപനങ്ങളിലും ആശ്രമങ്ങളിലും ആദായനികുതി വകുപ്പിന്‍റെ റെയ്‍ഡ്. കണക്കിൽപ്പെടാത്ത ഏകദേശം 409 കോടി രൂപയുടെ സ്വത്ത് വെള്ളിയാഴ്ചത്തെ പരിശോധനയിൽ കണ്ടെത്തി. 43.9 കോടി രൂപയും 18 കോടി യുഎസ് ഡോളറും പിടിച്ചെടുത്തു. സ്വർണവും വജ്രവും ഉൾപ്പെടെ ആകെ 93 കോടി രൂപ മൂല്യമുള്ള സ്വത്തുവകകൾ പിടിച്ചെടുത്തതായും ഉദ്യോഗസ്ഥർ അറിയിച്ചു.
മൂന്നു ദിവസങ്ങളിലായി നടന്ന പരിശോധനയില്‍ 88 കിലോ സ്വർണവും കണ്ടെടുത്തു. 500 കോടി രൂപയുടെ കണക്കിൽപ്പെടാത്ത സ്വത്തുവകകൾ ഉണ്ടെന്നാണ് നിഗമനം. ആന്ധ്രപ്രദേശിലെ വരടൈപാലം, ചെന്നൈ, തമിഴ്‌നാട്, ബെംഗളൂരു എന്നിവിടങ്ങളിലെ ആശ്രമങ്ങളിലും സ്ഥാപനങ്ങളിലുമാണ് പരിശോധന നടന്നത്. തത്വശാസ്ത്രം, ആത്മീയത എന്നീ വിഷയങ്ങളിൽ പരിശീലനം നൽകുന്ന വിവിധ കാമ്പസുകളും പരിശോധനയില്‍ ഉള്‍പ്പെടും. കല്‍ക്കി ഭഗവാന്‍റെയും മകന്‍റെയും വീടുകളിലും പരിശോധന നടന്നു. കൽക്കി ഭഗവാൻ സ്ഥാപിച്ച ട്രസ്റ്റുകളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന നാൽപതോളം സ്ഥലങ്ങളിലും സംഘം പരിശോധന നടത്തി. ഇന്ത്യയിലും വിദേശത്തുമായി നടക്കുന്ന നിരവധി പണമിടപാടുകളുടെ രേഖകൾ മറച്ചുവയ്ക്കുന്നുവെന്ന വിവരത്തെ തുടർന്നാണ് ആദായനികുതി വകുപ്പ് പരിശോധന നടത്തുന്നത്.
മുന്നൂറോളം ഉദ്യോഗസ്ഥര്‍ പങ്കെടുക്കുന്ന റെയ്‌ഡ് ബുധനാഴ്ചയാണ് ആരംഭിച്ചത്. പരിശോധന ഇപ്പോഴും തുടരുകയാണ്. എഴുപതുകാരനായ കൽക്കി ഭഗവാൻ എന്ന വിജയ് കുമാർ നായിഡു തമിഴ്‌നാട്ടിലെ വെല്ലൂർ ജില്ലയിലെ ഗുഡിയാട്ടത്തിനടുത്തുള്ള ഉല്ലനാഥം ഗ്രാമത്തിലാണ് ജനിച്ചത്. ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യയിൽ ഗുമസ്തനായാണ് ജീവിതം ആരംഭിച്ചത്. പിന്നീട് രാജുപേട്ടയിൽ വിദ്യാഭ്യാസ സ്ഥാപനം ആരംഭിക്കുന്നതിനായി ജോലി ഉപേക്ഷിക്കുകയായിരുന്നു. രാഷ്ട്രീയ നേതാക്കളടക്കം ലക്ഷക്കണക്കിന് അനുയായികളാണ് ഇന്ത്യയിലും വിദേശത്തുമായി കൽക്കി ഭഗവാനുള്ളത്.