കൊല്ലം: ജപ്തി നടപടിക്കെത്തിയ ബാങ്ക് ഉദ്യോഗസ്ഥരുടെ മുന്നില്‍ വീട്ടമ്മ ആത്മഹത്യക്ക് ശ്രമിച്ചു. കൊട്ടാരക്കര കടയ്ക്കൽ കുമ്മിളിൽ എസ്ബിഐ ബാങ്കില്‍ നിന്നും ജപ്തി നടപടിക്കെത്തിയ ഉദ്യോഗസ്ഥർക്ക് മുന്നിലാണ് ചിതറ തൂറ്റിക്കൽ വാർഡിൽ താമസിക്കുന്ന വിശാഖത്തിൽ ഷീജ (38) ആത്മഹത്യക്ക് ശ്രമിച്ചത്. അമിതമായി ഗുളിക കഴിച്ചശേഷം വീടിന് മുകളിൽ നിന്നും ചാടാനൊരുങ്ങിയ ഷീജയെ ജപ്തിക്കെത്തിയ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ ഉടന്‍ തന്നെ കടയ്ക്കൽ താലൂക്ക് ആശുപത്രിയിലും പിന്നീട് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ആരോഗ്യനില മെച്ചപ്പെട്ട് വരികയാണ്.
എസ്ബിഐയുടെ കുമ്മിൾ ബ്രാഞ്ചിൽ നിന്നും ഷീജ പത്തുലക്ഷം രൂപ ഭവന വായ്പ എടുത്തിരുന്നു. ആദ്യഘട്ടത്തിൽ കൃത്യമായി തവണകൾ അടച്ചിരുന്നെങ്കിലും പിന്നീട് മുടങ്ങി. ഏഴര ലക്ഷം രൂപവരെ തിരിച്ചടച്ചുവെന്നാണ് ഷീജയുടെ ബന്ധുക്കൾ പറയുന്നത്. 15 വർഷത്തെ കാലാവധി വായ്പക്കുണ്ട്. തിരിച്ചടവ് മുടങ്ങിയതോടെ ബാങ്ക് നിരന്തരം നോട്ടീസുകൾ അയക്കുകയും കേസ് ഫയൽ ചെയ്ത് കോടതി ഉത്തരവിന്‍റെ അടിസ്ഥാനത്തില്‍ ബാങ്ക് ഉദ്യോഗസ്ഥർ ജപ്തിക്കായി ഷീജയുടെ വീട്ടിലെത്തുകയുമായിരുന്നു.
നടപടികള്‍ക്കായി വീട്ടിലെത്തിയപ്പോൾ ഷീജ വീടിന് മുകളിൽ നിൽക്കുകയായിരുന്നുവെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്. താൻ ആത്മഹത്യചെയ്യാനായി അമിതമായി ഗുളിക കഴിച്ചുവെന്ന് ഷീജ പറഞ്ഞുവെന്നും തുടര്‍ന്ന് അവശയായി കുഴഞ്ഞുവീഴുകയുമായിരുന്നുവെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു. കടയ്ക്കൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.