ഇടുക്കി: സിപിഐ സംസ്ഥാന കൗൺസിൽ അംഗത്തിനെതിരായ ലൈംഗിക പീഡന പരാതി സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ച മുൻ സിപിഐ നേതാവിനെതിരെ വധഭീഷണിയെന്ന് പരാതി. സംഭവത്തിൽ പാർട്ടി അന്വേഷണ കമ്മിഷൻ നടത്തിയ തെളിവെടുപ്പ് പ്രഹസനമാണന്ന ആക്ഷേപം നിലനില്‍ക്കുമ്പോഴാണ് വധഭീഷണി ആരോപിച്ച് മുൻ സിപിഐ നേതാവ് എംഎസ് ഷാജി രംഗത്ത് എത്തിയത്.
മൂന്ന് മാസം മുമ്പാണ് സിപിഐ സംസ്ഥാന കൗൺസിൽ അംഗം സികെ കൃഷ്ണൻകുട്ടിക്കെതിരെ വീട്ടമ്മ സിപിഐ സംസ്ഥാന സെക്രട്ടറിക്കും ജില്ലാ സെക്രട്ടറിക്കും പരാതി നൽകിയത്. നടപടിയോ അന്വേഷണമോ ഉണ്ടാകാതിരുന്ന സാഹചര്യത്തിൽ പൊലീസിൽ പരാതിപ്പെടാൻ അനുവദിക്കണം എന്നാവശ്യപ്പെട്ട് സിപിഐ പ്രവർത്തകയായ വീട്ടമ്മ വീണ്ടും പാർട്ടിയെ സമീപിച്ചു. ഇതിനെ തുടർന്ന് പാർട്ടി അന്വേഷണ കമ്മിഷനെ നിയമിക്കുകയും നെടുങ്കണ്ടത്ത് എത്തി തെളിവെടുപ്പ് നടത്തി. ആരോപണ വിധേയനായ സിപിഐ സംസ്ഥാന കൗൺസില്‍ അംഗം സികെ കൃഷ്ണൻകുട്ടിയെ പാർട്ടിയിൽ നിന്ന് പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് സമൂഹമാധ്യമങ്ങളിൽ എംഎസ് ഷാജി പോസ്‌റ്റുകൾ ഇട്ടിരുന്നു. ഇതേ തുടർന്ന് തനിക്കെതിരെ ഫോണിലൂടെ നിരവധി വധഭീഷണികൾ വന്നതായും പൊലീസിൽ പരാതി നൽകുമെന്നും ഷാജി പറഞ്ഞു.
അതിനിടെ, സംഭവത്തിൽ വിവിധ സംഘടനകൾ സിപിഐയ്ക്ക് എതിരെ രംഗത്ത് എത്തി. പ്രതിയെ പാർട്ടി സംരക്ഷിക്കുകയാണന്നും പൊലീസിൽ പരാതി നൽകുവാൻ പരാതിക്കാരിയെ അനുവദിക്കണമെന്നും ഇടുക്കി ഡിസിസി പ്രസിഡന്‍റ് ആവശ്യപ്പെട്ടു. പരാതി നല്‍കി മൂന്ന് മാസമായിട്ടും ആരോപണ വിധേയനെ സംരക്ഷിക്കുന്ന നിലപാട് സ്വീകരിക്കുന്ന ഇ.എസ്. ബിജിമോള്‍ എംഎല്‍എ തല്‍സ്ഥാനം രാജിവെക്കണമെന്ന് ആര്‍.എസ്.പി ജില്ല കമ്മിറ്റി ആവശ്യപ്പെട്ടു.