മുംബൈ: ബോംബെ ഹൈക്കോടതിയില്‍ വ്യാജ അപേക്ഷ നല്‍കിയ സ്ത്രീയ്ക്ക് മേല്‍ മൂന്നുലക്ഷം രൂപ പിഴ ചുമത്തി. മാംസകച്ചവടം ലക്ഷ്യമിട്ട് കൗമരക്കാരിയുടെ അമ്മയാണെന്നും കുട്ടിയെ തനിക്ക് വിട്ടുകിട്ടണമെന്നും ആവശ്യപ്പെട്ട് സ്ത്രീ സമര്‍പ്പിച്ച ഹേബിയസ് കോര്‍പസിലാണ് കോടതി നടപടി. ശിശുക്ഷേമ സമിതിയുടെ സംരക്ഷണയിലുള്ള കുട്ടിയെ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ടായിരുന്നു ഹര്‍ജി. ഇതിനായി സ്ത്രീ വ്യാജമായി നിര്‍മിച്ച ആധാര്‍ കാര്‍ഡും, പാന്‍ കാര്‍ഡും മറ്റ് രേഖകളും കോടതിയില്‍ സമര്‍പ്പിച്ചിരുന്നു.
എന്നാല്‍ പരാതിയിന്മേല്‍ നടത്തിയ അന്വേഷണത്തില്‍ സ്ത്രീ സമര്‍പ്പിച്ച ആധാര്‍ കാര്‍ഡും മറ്റ് രേഖകളും വ്യാജമാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ജസ്റ്റിസ് ഹഖ്, ജസ്റ്റിസ് പുഷ്പ വി ഗണദീവാല എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ച് സ്ത്രീയില്‍ നിന്നും മൂന്ന് ലക്ഷം രൂപ പിഴ ഈടാക്കാന്‍ ഉത്തരവിട്ടത്.
സ്ത്രീ നല്‍കിയ പരാതിയില്‍ കോടതിയുടെ നിർദേശപ്രകാരം പെണ്‍ക്കുട്ടിയെ ഹാജരാക്കുകയും ഡിഎൻഎ പരിശോധന നടത്തുകയും ചെയ്തിരുന്നു. ഇതോടെ സ്ത്രീ പെണ്‍ക്കുട്ടിയുടെ അമ്മയല്ലായെന്ന് അന്വേഷണ സംഘത്തിന് വ്യക്തമായി. ഇതോടെ സ്ത്രീയുടെ വാദങ്ങള്‍ പൊളിയുകയായിരുന്നു. തെറ്റായ ഉദ്ദേശത്തോടെയാണ് പരാതിക്കാരൻ കോടതിയെ സമീപിച്ചതെന്ന് ബെഞ്ച് പറഞ്ഞു. വ്യാജരേഖകള്‍ തയ്യാറാക്കാന്‍ സ്ത്രീയെ സഹായിച്ചവര്‍ക്കെതിരെയും നടപടി സ്വീകരിക്കാന്‍ കോടതി ഉത്തരവിട്ടിട്ടുണ്ട്.