കണ്ണൂര്‍: മലയോര മേഖലകളിൽ തളിപ്പറമ്പ് ഡിവൈഎസ്‌പി ടി.കെ രത്‌നകുമാറിന്‍റെ നേതൃത്വത്തില്‍ വ്യാപക റെയ്‌ഡ് നടത്തി. പെരിങ്ങോം മേഖലയിൽ നടത്തിയ റെയ്‌ഡില്‍ രണ്ട് തോക്കുകള്‍ പിടിച്ചെടുത്തു. ഓടി രക്ഷപ്പെട്ട പ്രതികള്‍ക്കായി തെരച്ചില്‍ ഊര്‍ജിതമാക്കി. കണ്ണൂരിന്‍റെ മലയോര പ്രദേശങ്ങളില്‍ തോക്കുകളുടെ വില്‍പ്പന നടക്കുന്നതായി രഹസ്യാന്വേഷണ വിഭാഗം റിപ്പോര്‍ട്ട് ചെയ്‌തതിന്‍റെ അടിസ്ഥാനത്തിലാണ് റെയ്‌ഡ് നടന്നത്. അടുത്തിടെ ആലക്കോട് ഒരാള്‍ ലൈസന്‍സ് ഇല്ലാതെ തോക്കില്‍ നിന്നുള്ള വെടിയേറ്റ് മരിച്ചതിനെ തുടര്‍ന്നുള്ള അന്വേഷണത്തിലാണ് കള്ളത്തോക്കുകളെ കുറിച്ച് പൊലീസിന് കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചത്.
പന്തല്‍ പണിക്കാരനായ പെരിങ്ങോം കൊരങ്ങാട്ടെ പുതിയ പുരയില്‍ ജോമി ജോയി(24) യുടെ വീട്ടില്‍ നിന്നാണ് നാല് ഭാഗങ്ങളായി വേര്‍പെടുത്തിയ തോക്ക് പിടിച്ചെടുത്തത്. മറ്റൊരു തോക്ക് ചെങ്കല്‍ പണിക്കാരനായ ചൂരല്‍ ഒയോളത്തെ മൂപ്പന്‍റകത്ത് വീട്ടില്‍ എം.പ്രശാന്തിന്‍റെ (30) വീടിനോട് ചേര്‍ന്ന ആലയില്‍ നിന്നും കണ്ടെടുത്തു. കര്‍ണാടകയില്‍ നിന്നും പഴയ തോക്കുകള്‍ ചെറിയ വിലക്ക് വാങ്ങി ആവശ്യമായ അറ്റകുറ്റപ്പണികള്‍ നടത്തിയ ശേഷം വലിയ തുകക്ക് വില്‍ക്കുന്ന ഒരു സംഘം പാണത്തൂര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്നതായിട്ടാണ് പൊലീസിന് വിവരം ലഭിച്ചിരിക്കുന്നത്.
പഞ്ചായത്ത് തെരഞ്ഞെടുപ്പ് സമയത്ത് ലൈസന്‍സുള്ള എല്ലാ തോക്കുകളും പൊലീസ് സ്റ്റേഷനില്‍ സൂക്ഷിച്ചിരിക്കുകയാണ്. നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം മാത്രം വിട്ടുകൊടുത്താല്‍ മതിയെന്നാണ് ആഭ്യന്തര വകുപ്പിന്‍റെ നിര്‍ദേശം. ഈ സാഹചര്യം മുതലെടുത്താണ് കള്ളത്തോക്കുകളുടെ നിര്‍മാണവും വിപണനവും വ്യാപകമായത്. തെരഞ്ഞെടുപ്പിന്‍റെ സാഹചര്യത്തില്‍ തോക്കിടപാടുകള്‍ സജീവമായത് പൊലീസ് ഗൗരവമായി എടുത്തിട്ടുണ്ട്. ഓടി രക്ഷപ്പെട്ട പ്രതികളെ പിടികൂടിയാല്‍ മാത്രമെ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുകയുള്ളൂവെന്ന് ഡിവൈഎസ്‌പി രത്‌നകുമാര്‍ പറഞ്ഞു. ഡിവൈഎസ്‌പിയുടെ ക്രൈം സ്‌ക്വാഡ് അംഗങ്ങളായ സുരേഷ് കക്കറ, ടി.കെ ഗിരീഷ് എന്നിവരും റെയ്‌ഡില്‍ പങ്കെടുത്തു.