കൊല്ലം: പൊലീസിനെ കബളിപ്പിച്ച് രക്ഷപ്പെട്ട പ്രതി കോടതിയിൽ കീഴടങ്ങി. തെന്മല സ്വദേശി മുരുകനാണ് പുനലൂര്‍ രണ്ടാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ കീഴടങ്ങിയത്. മോഷണക്കേസില്‍ പിടിയിലാവുകയും തെളിവെടുപ്പിനിടെ തെന്മല പൊലീസിനെ കബളിപ്പിച്ച് രക്ഷപ്പെടുകയും ചെയ്‌ത സംഭവത്തിലെ പ്രതിയാണ് മുരുകൻ.
വ്യാഴാഴ്‌ച പുലര്‍ച്ചെയാണ് സംഭവം. കഴുതുരുട്ടിയിലെ മൊബൈല്‍ ഫോണ്‍ സ്ഥാപനത്തില്‍ കവര്‍ച്ച നടത്തിയ കേസിലാണ് മുരുകനെ തെന്മല പൊലീസ് അറസ്റ്റ് ചെയ്യുന്നത്. അറസ്റ്റ് രേഖപ്പെടുത്തി തെളിവെടുപ്പിനായി കൊണ്ടുപോകുന്ന വഴിക്ക് ഒറ്റക്കല്‍ റെയില്‍വെ സ്റ്റേഷന് സമീപത്ത് നിന്ന് മുരുകന്‍ രക്ഷപ്പെടുകയായിരുന്നു. തെന്മല സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ മണികണ്ഠൻ ഉണ്ണിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘത്തെ വെട്ടിച്ച് കൈവിലങ്ങുമായി രക്ഷപ്പെട്ട മുരുകനായി തെരച്ചില്‍ പൊലീസ് ഊര്‍ജിതമാക്കിയിരുന്നു. ഇതിനായി തമിഴ്‌നാട് പൊലീസിന്‍റെ സഹായവും തേടിയിരുന്നു. കേരള തമിഴ്നാട് അതിര്‍ത്തി ഗ്രാമങ്ങളിലേക്ക് പൊലീസ് അന്വേഷണം വ്യാപിപ്പിക്കുന്നതിനിടെയാണ് വെള്ളിയാഴ്ച വൈകിട്ട് മുരുകന്‍ കോടതിയില്‍ കീഴടങ്ങിയത്. മുരുകനെ രണ്ടാഴ്‌ചത്തേക്ക് കോടതി റിമാന്‍റ് ചെയ്തു. പ്രതിയെ കസ്റ്റഡിയില്‍ വാങ്ങുമെന്ന് തെന്മല പൊലീസ് അറിയിച്ചു.