ജയ്‌പൂര്‍: നിങ്ങൾ ഒരു കോർപ്പറേറ്റ് സ്ഥാപനത്തിന്‍റെ ഭാഗവും നിരവധി പ്രധാനപ്പെട്ട വിവരങ്ങളും നിങ്ങളുടെ കമ്പനിയുടെ ഇൻവോയസുകളും ബില്ലുകളുമൊക്കെ അയക്കുന്ന വ്യക്തിയുമാണെങ്കിൽ ഈ വാർത്ത നിങ്ങൾക്ക് ഉപകാരപ്രദമാകും. സൈബർ കുറ്റവാളികൾ ഇപ്പോൾ കോർപ്പറേറ്റുകളെ ലക്ഷ്യമിടുന്നതിനായി ഇ-മെയിൽ ഫോർവേഡുകളാണ് ഉപയോഗിക്കുന്നത്.
ഈയിടെ ഒരു അറിയപ്പെടുന്ന കമ്പനിയുടെ ഇ-മെയിൽ അക്കൗണ്ട് ഒരു ഹാക്കർ ഇ മെയിൽ സന്ദേശം അയച്ച് ഹാക്ക് ചെയ്തു. വിദേശത്തുള്ള ഒരു കക്ഷിക്ക് കമ്പനിയുടെ അക്കൗണ്ട് വിശദാംശങ്ങൾ സഹിതം 38 ലക്ഷം രൂപയുടെ ഒരു ഇൻവോയ്സ് അയച്ചു. കമ്പനിയുടെ ഇ-മെയിൽ അയച്ച് അധികം താമസിയാതെ തന്നെ ഹാക്കർ ഒരു പുതിയ ഇൻവോയ്സ് കക്ഷിക്ക് വീണ്ടും അയച്ചു. പുതിയ മെയിലിൽ ഹാക്കർ സ്വന്തം ബാങ്ക് അക്കൗണ്ട് വിശദാംശങ്ങൾ ആണ് ചേർത്തത്. എന്നിട്ട് അയാൾ ആദ്യം അയച്ച മെയിലിൽ പറയുന്ന അക്കൗണ്ടിന് പകരം രണ്ടാമത് അയച്ച അക്കൗണ്ടിലേക്ക് പണം അയച്ചാൽ മതിയെന്ന് അറിയിച്ചു.
പക്ഷേ കക്ഷി ഹാക്കർ അയച്ച ബാങ്ക് അക്കൗണ്ടിൽ പണം അയക്കുന്നതന് മുമ്പായി കമ്പനിയിൽ വിളിച്ച് പുതിയ മെയിലിനെക്കുറിച്ചും പുതിയ അക്കൗണ്ട് നമ്പറിനെ കുറിച്ചും അന്വേഷിച്ചു. കൃത്യ സമയത്ത് എടുത്ത കൃത്യമായ നടപടി തങ്ങളുടെ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതായി അറിയുവാൻ കമ്പനിയെ സഹായിച്ചു. ഇത്തരം സൈബർ കുറ്റവാളികളുടെ തട്ടിപ്പുകൾക്ക് ഇരയാവാതിരിക്കുവാൻ കോർപ്പറേറ്റ് കമ്പനികൾ തങ്ങളുടെ ഇ മെയിൽ സുരക്ഷയുടെ കാര്യത്തിൽ പ്രത്യേകം ശ്രദ്ധ ചെലുത്തേണ്ടതുണ്ട് എന്നാണ് സൈബർ സുരക്ഷാ വിദഗ്ദ്ധനായ സച്ചിൻ ശർമ പറയുന്നത്. മാത്രമല്ല ഓരോ കമ്പ്യൂട്ടറിലും ആന്‍റി വൈറസ് സംരക്ഷണം ഉറപ്പാക്കണം എന്നും അദ്ദേഹം പറയുന്നു. അപ്പോഴും കമ്പനികൾ വ്യാജ ആന്‍റി വൈറസ് കമ്പ്യൂട്ടറുകളിൽ ഇൻസ്റ്റാൾ ചെയ്യാതെ സൂക്ഷിക്കണമെന്നും ഇല്ലെങ്കിൽ കമ്പ്യൂട്ടർ ക്രാഷ് ആകാനും സൈബർ കുറ്റവാളികളുടെ ആക്രമണങ്ങൾക്ക് ഇരയാവാനും ഇടയാവുമെന്നും അദ്ദേഹം വ്യക്തമാക്കുന്നു.