കണ്ണൂർ: തലശ്ശേരി സവിത ജ്വല്ലറി ഉടമ പി.കെ.ദിനേശൻ കൊല്ലപ്പെട്ട കേസില്‍ അന്വേഷണം ശക്തമാക്കി സിബിഐ. കൊല നടന്ന ജ്വല്ലറി പരിസരത്ത് സിബിഐ സംഘം തെരച്ചിൽ നടത്തി.സി.ബി.ഐ. ഇൻസ്പെക്ടർ കെ.എം.സബാസ്റ്റ്യന്റെ നേതൃത്വത്തിലുള്ള സംഘമാണ് വാധ്യാർ പീടികയിലെ കിണർ വറ്റിച്ച് പരിശോധന നടത്തിയത്. മണിക്കൂറുകൾ നീണ്ട പരിശോധനയില്‍ പ്രത്യേകിച്ചൊന്നും കണ്ടെത്താനായില്ലെന്നാണ് സൂചന.സംഭവം നടന്ന അടുത്ത ദിവസം സ്ഥലത്തെത്തിയ പൊലീസ് നായയും ഇതേ കിണർ പരിസരത്ത് മണം പിടിച്ചെത്തിയിരുന്നു.
2014 ഡിസംബർ 23ന് രാത്രിയായിരുന്നു സവിതാ ജ്വല്ലറിക്കുള്ളിലെ പൂജാമുറിയിൽ ദുരൂഹ സാഹചര്യത്തിൽ ദിനേശന്‍റെ മൃതദേഹം കണ്ടെത്തിയത്. കുത്തേറ്റായിരുന്നു മരണം. ദിനേശന്‍റെ സവിത ജ്വല്ലറിയില്‍ സ്വര്‍ണാഭരണങ്ങള്‍ക്കു പകരം മുക്കുപണ്ടങ്ങളായിരുന്നു പ്രദര്‍ശനത്തിന് വച്ചിരുന്നത്. ഇത് നഷ്ടപ്പെട്ടിരുന്നു. ലോക്കൽ പൊലീസും പിന്നീട് ക്രൈംബ്രാഞ്ചും അന്വേഷിച്ച കേസില്‍ തുമ്പ് കിട്ടാത്തതിനെ തുടർന്ന് ദിനേശന്‍റെ സ്നേഹിതന്‍ ഗോവിന്ദ രാജ് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.