ഇടുക്കി: പട്ടാപ്പകല്‍ എസ്റ്റേറ്റ് തൊഴിലാളിയുടെ വീട്ടില്‍ മോഷണം. മൂന്നാര്‍ കന്നിമല ലോവര്‍ ഡിവിഷനിലെ വിജയകുമാര്‍ കവിത ദമ്പതികളുടെ വീട് കുത്തി തുറന്ന് അമ്പതിനായിരം രൂപയും സ്വര്‍ണമാലയും അപഹരിച്ചു. ഇന്നലെ ഉച്ചയോടെയാണ് മോഷണം നടത്തിയത്. രാവിലെ ജോലിക്ക് പോയ വിജയകുമാറിന്‍റെ ഭാര്യ ഉച്ചയോടെ മടങ്ങിയെത്തിയപ്പോഴാണ് കതകിന്‍റെ പൂട്ട് തകര്‍ത്ത നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് ഭര്‍ത്താവിനെ വിവരമറിയിക്കുകയും വീടിനുള്ളില്‍ പരിശോധന നടത്തുകയും ചെയ്‌തപ്പോളാണ് ബാഗിൽ ഉണ്ടായിരുന്ന പണവും അലമരായില്‍ സൂക്ഷിച്ചിരുന്ന രണ്ട് പവന്‍റെ സ്വര്‍ണവും നഷ്‌ട്ടപ്പെട്ടതായി മനസിലായത്.
കുടുംബശ്രീയില്‍ നിന്നും ലോണെടുത്ത അരലക്ഷം രൂപയാണ് മോഷ്‌ടാക്കള്‍ അപഹരിച്ചത്. ബൈക്കിലെത്തിയ മൂന്ന് പേര്‍ ലയൺസിന്‍റെ മുകളിലെ വഴിയിൽ നിന്നാതായും ഒരാൾ വീടിന്‍റെ ഭാഗത്തുനിന്നും ഓടി ബൈക്കില്‍ കയറി രക്ഷപ്പെടുന്നതായി കണ്ടിരുന്നെന്ന് സമീപവാസിയായ വിദ്യാര്‍ത്ഥി മൊഴി നൽകിയിട്ടുണ്ട്. പരാതി നല്‍കിയതിന്‍റെ അടിസ്ഥാനത്തില്‍ മൂന്നാര്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഇടുക്കിയില്‍ നിന്നും ഫോറന്‍സിക് വിദഗ്ദ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി.