എറണാകുളം: കോലഞ്ചേരിയില്‍ എഴുപത്തിയഞ്ചുകാരി കൂട്ടബലാത്സംഗത്തിനിരയായ സംഭവത്തില്‍ സ്‌ത്രീയടക്കം മൂന്ന് പേര്‍ പൊലീസ് കസ്റ്റഡിയില്‍. മൂന്ന് പേരെയും പൊലീസ് ചോദ്യം ചെയ്‌തുവരുകയാണ്. ഞായറാഴ്ച വീടിന് പുറത്ത് നടക്കുന്നതിനിടെ അയല്‍വാസിയായ സ്‌ത്രീ വയോധികയെ വീട്ടിലേക്ക് വിളിച്ചുകൊണ്ട് പോകുന്നത് കണ്ടെതായി നാട്ടുകാര്‍ പറഞ്ഞു. വൈകുന്നേരം നാല് മണിയോടെ രക്തം വാര്‍ന്ന നിലയില്‍ വൃദ്ധയെ തിരിച്ച് വീട്ടിലേക്ക് ഓട്ടോറിക്ഷയില്‍ ഇതേ സ്‌ത്രീ തന്നെ കൊണ്ടുവിടുകയായിരുന്നു.
കാല്‍വഴുതി വീണ് മുറിവേറ്റതാണെന്നാണ് വൃദ്ധയുടെ മകനോട് ഇവര്‍ പറഞ്ഞത്. പിന്നീട് അന്വേഷിച്ചപ്പോഴാണ് പീഡന വിവരം പുറത്തറിയുന്നത്. ഉടൻ തന്നെ ഇവരെ കിഴക്കമ്പലത്തെ പഴങ്ങനാടുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്ഥിതി ഗുരുതരമായതിനെ തുടര്‍ന്ന് പിന്നീട് കോലഞ്ചേരി മെഡിക്കൽ കോളജിലേക്ക് മാറ്റി. സംഭവത്തില്‍ കൃത്യമായ അന്വേഷണം നടക്കുന്നുണ്ടെന്നും ആശുപത്രി അധികൃതർ പ്രത്യേക പരിഗണന നൽകി മികച്ച ചികിത്സ നല്‍കുന്നുണ്ടെന്നും ജില്ലാ പഞ്ചായത്തംഗം ജോർജ് ഇടപ്പരത്തി, ഐക്കരനാട് പഞ്ചായത്ത് 14-ാം വാർഡ് മെമ്പർ മിനി സണ്ണി എന്നിവർ അറിയിച്ചു.