ഹൈദരാബാദ്: നിർമ്മൽ ജില്ലയിലെ ഭൈൻസ പട്ടണത്തിൽ രണ്ട് സമുദായങ്ങൾ തമ്മിൽ ഉണ്ടായ ഏറ്റുമുട്ടലില്‍ മൂന്ന് പൊലീസ് ഉദ്യോഗസ്ഥർ ഉൾപ്പെടെ 11 പേർക്ക് പരിക്കേറ്റു. പിന്നീട് നിരോധനാജ്ഞ പ്രഖ്യാപിച്ച് പൊലീസ് സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കി. സൈലൻസറുകൾ നീക്കം ചെയ്‌ത് ബൈക്ക് ഓടിക്കുന്നതിനെ ചോദ്യം ചെയ്‌തതിനെച്ചൊല്ലിയാണ് സംഘർഷാവസ്ഥ ഉടലെടുത്തത്. ഇരു സമുദായങ്ങളിലെയും അംഗങ്ങൾ വാഹനങ്ങൾക്ക് പരസ്‌പരം തീകൊളുത്തി. വീടുകൾക്കും നാശനഷ്‌ടമുണ്ടായി. തുടർന്ന് പ്രശ്‌നം ഗുരുതരമാകുകയായിരുന്നു.
പരിക്കേറ്റവരിൽ പത്ത് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവസ്ഥലത്ത് പൊലീസ് പട്രോളിംഗും നിരീക്ഷണവും ഇപ്പോഴും തുടരുകയാണ്. സമീപ ജില്ലകളിൽ നിന്നും കൂടുതൽ പൊലീസ് ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്. ഏറ്റുമുട്ടലിൽ ഉൾപ്പെട്ടവരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും അക്രമത്തിന് ഉത്തരവാദികളായവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ഉയർന്ന പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.