കിങ്‌സ്റ്റണ്‍: മൃഗശാല ജീവനക്കാർക്ക് മൃഗങ്ങളുമായി അടുത്ത ബന്ധമുണ്ടാകുന്നത് സ്വാഭാവികമായ കാര്യമാണ്. എന്നാല്‍ ആ ബന്ധം കാഴ്‌ചക്കാർക്ക് മുന്നില്‍ പ്രകടിപ്പിച്ചാല്‍ മൃഗങ്ങൾ എങ്ങനെ പ്രതികരിക്കും എന്ന് പറയാനാകില്ല. ജമൈക്കയിലെ ഒരു മൃഗശാലയില്‍ നടന്ന സംഭവത്തിന്‍റെ ദൃശ്യങ്ങൾ ഇപ്പോൾ വൈറലാണ്.
വിനോദ സഞ്ചാരികളുടെ മുന്നിവല്‍വച്ച് ഒരു പൂച്ചയോട് എന്ന പോലെ സിംഹത്തിന്‍റെ വായിലും പല്ലിലുമൊക്കെ തൊടാൻ ശ്രമിച്ച മൃഗശാല ജീവനക്കാരന്‍റെ അവസ്ഥയാണിത്. സഞ്ചാരികൾക്ക് മുന്നില്‍ വെച്ച് സിംഹത്തിന്‍റെ മുരള്‍ച്ചയും പ്രകോപനവും ഒന്നും വകവെക്കാതെ മൃഗശാല ജീവനക്കാരന്‍ മൂക്കിലും വായിലും പിടിക്കാൻ ശ്രമിച്ചപ്പോഴാണ് സിംഹം അയാളുടെ മോതിര വിരലില്‍ കടിച്ചത്.
ഒന്നും അറിയാതെ ദൃശ്യം പകർത്തി കാഴ്‌ചക്കാർ: കടിവിടാതെ സിഹം അയാളെ കൂടിനോട് ചേര്‍ത്ത് വലിച്ചുപിടിക്കുകയായിരുന്നു. ഒടുവില്‍ അയാളുടെ വിരല്‍ കടിച്ചെടുത്ത് സിംഹം കൂട്ടിലിടുകയായിരുന്നു. ഈ ദാരുണ സംഭവത്തിന്‍റെ തീവ്രതയറിയാത്ത വിനോദ സഞ്ചാരികള്‍ ഈ ദൃശ്യം പകര്‍ത്തുന്നതില്‍ മുഴുകി. സംഭവത്തിന്‍റെ ഗൗരവം ആദ്യം മനസിലായില്ലെന്ന് വിനോദ സഞ്ചാരികള്‍ പറഞ്ഞു.
മൃഗശാല ജീവനക്കാരന്‍റെ വിരല്‍ അറ്റ് നിലത്തുവീണപ്പോഴാണ് കാര്യത്തിന്‍റെ ഗൗരവം മനസിലായതെന്ന് ഇവര്‍ പറഞ്ഞു. അദ്ദേഹം തങ്ങളുടെ മുന്നില്‍ ഒരു പ്രകടനം കാഴ്‌ചവെക്കുകയാണ് ചെയ്‌തതെന്നാണ് കരുതിയതെന്നും ഇവര്‍ പറഞ്ഞു. നിര്‍ഭാഗ്യകരമായ സംഭവമാണ് ഉണ്ടായതെന്നും മൃഗശാല ജീവനക്കാരന്‍ സുരക്ഷ മാനദണ്ഡകള്‍ പാലിച്ചില്ലെന്നും മൃഗശാല അധികൃതര്‍ പറഞ്ഞു.
എന്നാല്‍ സംഭവത്തില്‍ വിരല്‍ നഷ്ടപ്പെട്ട ജീവനക്കാരന് എല്ലാ സഹായവും നല്‍കുമെന്നും അധികൃതര്‍ വ്യക്തമാക്കി. ജമൈക്കയിലെ മൃഗ സ്നേഹികളുടെ സംഘടന സംഭവത്തില്‍ അന്വേഷണം വേണമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ്.