ബെയ്‌ജിങ്: ലോകത്തിന് മുൻപിൽ ചൈനയുടെ വാതിൽ മലർക്കെ തുറന്നിടുമെന്ന് കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ചൈനയുടെ നേതാവായി മൂന്നാം തവണയും അധികാരമേറ്റ ചൈനീസ് പ്രസിഡന്‍റ് ഷി ജിൻപിങ്. ഉന്നത നിലവാരത്തിലുള്ള വികസനം പിന്തുടരുന്നതിലും പരിഷ്‌കരണം ശക്തമാക്കുന്നതിലും ചൈന ഉറച്ചുനിൽക്കുമെന്ന് ഗ്രേറ്റ് ഹാൾ ഓഫ് ദി പീപ്പിളിൽ നടന്ന യോഗത്തിൽ ഷി ജിൻപിങ് പറഞ്ഞു.
ലോകത്ത് നിന്ന് ഒറ്റപ്പെട്ട് ചൈനയ്ക്ക് വികസിക്കാൻ കഴിയാത്തത് പോലെ ലോകത്തിനും വികസനത്തിന് ചൈനയെ ആവശ്യമാണ്. നാല് പതിറ്റാണ്ടിലേറെ നീണ്ട അശ്രാന്ത പരിഷ്‌കരണത്തിലൂടെയും തുറന്ന സമീപനത്തിലൂടെയും അതിവേഗ സാമ്പത്തിക വളർച്ചയുടെയും ദീർഘകാല സാമൂഹിക സ്ഥിരതയുടെയും അത്ഭുതങ്ങൾ സൃഷ്‌ടിക്കാൻ ചൈനയ്ക്ക് സാധിച്ചു.
മികച്ച സാധ്യതയുള്ളതും പൂർവസ്ഥിതി നേടാൻ എളുപ്പം സാധിക്കുന്നതുമാണ് ചൈനയുടെ സമ്പദ്‌വ്യവസ്ഥ. ചൈനയുടെ അടിസ്ഥാന തത്വങ്ങൾ മാറാത്തതും ദീർഘകാലം മികച്ച പാതയിൽ തുടരുന്നതുമാണെന്നും ഷി ജിൻപിങ് പറഞ്ഞു.
സിപിസി കേന്ദ്ര കമ്മിറ്റിയിലെ 203 അംഗങ്ങളും 168 ഇതര അംഗങ്ങളും പങ്കെടുത്ത ഷി അധ്യക്ഷനായ കേന്ദ്ര കമ്മിറ്റി യോഗത്തിലാണ് 20-ാമത് സെൻട്രൽ കമ്മിറ്റിയുടെ ജനറൽ സെക്രട്ടറിയായി ഷി ജിൻപിങ്ങിനെ തെരഞ്ഞെടുത്തത്. സിപിസിയുടെ പൊളിറ്റ് ബ്യൂറോ സ്റ്റാൻഡിങ് കമ്മിറ്റിയിൽ ഷിയുടെ പ്രധാന വിശ്വസ്‌തർ സ്ഥാനക്കയറ്റം നേടിയിരുന്നു. എന്നാൽ 20 വർഷങ്ങൾക്ക് ശേഷം ആദ്യമായി ഉന്നത നേതൃസ്ഥാനത്തേക്ക് സ്ത്രീകൾ തെരഞ്ഞെടുക്കപ്പെട്ടില്ല. പൊളിറ്റ്ബ്യൂറോ സ്റ്റാൻഡിങ് കമ്മിറ്റിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട നാല് പുതുമുഖങ്ങൾ ഉൾപ്പെടെയുള്ള അംഗങ്ങൾ എല്ലാം ഷിയുടെ വിശ്വസ്‌തരാണ്.
സ്ഥാനക്കയറ്റം നോക്കിയിരുന്ന ഉപ പ്രധാനമന്ത്രി ഹു ചുൻഹുവയെ കേന്ദ്രകമ്മിറ്റിയിൽ നിന്ന് വെട്ടിയതായാണ് റിപ്പോർട്ട്. ഷാങ്ഹായ് പാർട്ടി മേധാവി ലി ക്വിയാങ് പ്രധാനമന്ത്രിയാകും.