മെൽബൺ : പ്രമുഖ സമൂഹ മാധ്യമമായ എക്‌സിൽ നിന്ന് ഉള്ളടക്കത്തിന്‍റെ വിശ്വാസ്യതയും സുരക്ഷയും നിയന്ത്രിക്കുന്ന ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിട്ടതായി റിപ്പോർട്ട്. അധിക്ഷേപകരമായവ അടക്കമുള്ള സെൻസിറ്റീവ് ഉള്ളടക്കം നിയന്ത്രിക്കുന്ന ജീവനക്കാരുടെ എണ്ണത്തിൽ എക്‌സ് 30 ശതമാനം കുറവുവരുത്തിയതായാണ് ഓസ്‌ട്രേലിയയുടെ ഇ-സേഫ്റ്റി കമ്മിഷന്‍റെ വിലയിരുത്തൽ. ഓൺലൈൻ ഉള്ളടക്കങ്ങളുടെ സുരക്ഷ ഉറപ്പാക്കാനുള്ള ലോകത്തെ ആദ്യ ഗവണ്മെന്‍റ് ഏജൻസിയാണ് ഓസ്‌ട്രേലിയന്‍ ഇ-സേഫ്റ്റി കമ്മീഷന്‍ (X Corp Slashes 30 Percent of Trust and Safety Staff).
ഇലോൺ മസ്‌ക് എക്‌സ് മേധാവിയായി ചുമതലയേറ്റതിനുശേഷം സുരക്ഷ എഞ്ചിനീയർമാരുടെ എണ്ണത്തിൽ 80 ശതമാനം കുറവുണ്ടായതായും ഇ-സേഫ്റ്റി കമ്മിഷന്‍റെ നിരീക്ഷണ വിഭാഗം ചൂണ്ടിക്കാട്ടി. വിദ്വേഷകരമായ ഉള്ളടക്കങ്ങൾ നിയന്ത്രിക്കാനുള്ള നയങ്ങൾ എങ്ങനെ നടപ്പാക്കി എന്ന തങ്ങളുടെ ചോദ്യങ്ങൾക്ക് എക്‌സ് നൽകിയ മറുപടിയുടെ അടിസ്ഥാനത്തിലാണ് ഇ-സേഫ്റ്റി കമ്മിഷന്‍റെ റിപ്പോർട്ട് (Staff Reduction in X).
2022 ഒക്‌ടോബർ 28-ന് ട്വിറ്ററിന്‍റെ നിയന്ത്രണം മസ്‌ക് ഏറ്റെടുക്കുന്നതിന് തലേദിവസം മുതൽ 2023 മെയ് 31 വരെ കമ്പനി പിരിച്ചുവിട്ടവരുടെ എണ്ണവും ഇ-സേഫ്റ്റി കമ്മിഷന്‍ പുറത്തുവിട്ടു. ഇക്കാലയളവിൽ വിശ്വാസ്യതയും സുരക്ഷയും ഉറപ്പാക്കുന്ന സുരക്ഷ ജീവനക്കാരുടെ എണ്ണം 4,062 ൽ നിന്ന് 2,849 ആയി കുറഞ്ഞിരുന്നു. ആഗോളതലത്തിൽ ഈ കുറവ് 30 ശതമാനം ആണ്, ഏഷ്യ-പസഫിക് മേഖലയിൽ മാത്രം രേഖപ്പെടുത്തിയ കുറവ് 45 ശതമാനം ആണ്.
എക്‌സിൽ വിശ്വാസ്യതയും സുരക്ഷയും നിയന്ത്രിക്കുന്ന എഞ്ചിനീയർമാരുടെ എണ്ണം ആഗോളതലത്തിൽ 279 ൽ നിന്ന് 55 ആയി കുറഞ്ഞു. ഇത് 80 ശതമാനം ഇടിവാണ്. ഉള്ളടക്കം നിയന്ത്രിക്കുന്ന മോഡറേറ്റർമാരുടെ എണ്ണം 107-ൽ നിന്ന് 51-ലേക്ക് കുറച്ചു (52%). ഇതുകൂടാതെ കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്യുന്ന മോഡറേറ്റർമാരുടെ എണ്ണം 2,613-ൽ നിന്ന് കുറച്ച് 2,305 ആക്കി (12%).
ഇതിനെല്ലാം പുറമെ വിദ്വേഷ പ്രചരണം അടക്കമുള്ള കാരണങ്ങൾക്ക് സസ്‌പെൻഡ് ചെയ്‌ത നിരവധി അക്കൗണ്ടുകൾ എക്‌സ് പുനഃസ്ഥാപിച്ചതായും ഇ സേഫ്റ്റി കമ്മിഷന്‍റെ റിപ്പോർട്ടിലുണ്ട്. വിദ്വേഷകരമായ ഉള്ളടക്കം പ്രസിദ്ധീകരിച്ചതിന് സസ്‌പെൻഡ് ചെയ്‌ത 194 എണ്ണം ഉൾപ്പെടെ 6,100 അക്കൗണ്ടുകളാണ് ഓസ്‌ട്രേലിയയിൽ മാത്രം പുനഃസ്ഥാപിച്ചത്. ഇതിന്‍റെ ആഗോള തലത്തിലുള്ള കണക്കുകൾ എക്‌സ് തങ്ങൾക്ക് നൽകിയില്ലെന്നും കമ്മിഷൻ വ്യക്തമാക്കി.
ഉപയോക്താക്കൾ റിപ്പോർട്ട് ചെയ്യുന്ന വിദ്വേഷകരമായ ഉള്ളടക്കത്തിന്മേലുള്ള നടപടികൾ ഇലോൺ മസ്‌ക് മേധാവിത്വം ഏറ്റെടുത്തതോടെ മന്ദഗതിയിലായി. വിശ്വാസ്യതയും സുരക്ഷയും ഉറപ്പാക്കുന്നവരുടെ എണ്ണം കുറയ്ക്കുകയും, നിരോധിച്ച അക്കൗണ്ടുകൾ പുനഃസ്ഥാപിക്കുകയും ചെയ്യുന്നതിലൂടെ ഒരു സമൂഹ മാധ്യമം കൂടുതൽ വിഷലിപ്‌തമാകുമെന്നും, ഉപയോക്താക്കൾക്ക് സുരക്ഷിതമല്ലാതാകുമെന്നും ഇ സേഫ്റ്റി കമ്മിഷണർ ജൂലി ഇൻമാൻ ഗ്രാൻഡ് ചൂണ്ടിക്കാട്ടി.
ഉപയോക്തൃ സുരക്ഷ മാനദണ്ഡങ്ങൾ നടപ്പാക്കുന്നതിലെ വീഴ്‌ച കമ്പനിയുടെ പ്രശസ്‌തിയും പരസ്യ വരുമാനവും അപകടത്തിലാക്കുമെന്നും ഇൻമാൻ ഗ്രാൻഡ് പറഞ്ഞു. 'പരസ്യദാതാക്കൾ സുരക്ഷിതമായ, പോസിറ്റീവും വിഷരഹിതവുമായ പ്ലാറ്റ്‌ഫോമുകളിൽ പരസ്യം ചെയ്യാൻ ആഗ്രഹിക്കുന്നു. ഒരു പ്ലാറ്റ്‌ഫോം സുരക്ഷിതമല്ലാത്തതോ വിഷലിപ്‌തമോ ആണെന്ന് തോന്നുമ്പോൾ ഉപയോക്താക്കൾ അത് തട്ടിയകറ്റും' -അവർ പറഞ്ഞു.
കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുന്ന ഉള്ളടക്കം എങ്ങനെ കൈകാര്യം ചെയ്യുന്നെന്ന് വിശദീകരിക്കുന്നതിൽ പരാജയപ്പെട്ടതിന് കമ്മfഷൻ കഴിഞ്ഞ സെപ്റ്റംബറിൽ എക്‌സിന് 610,500 ഓസ്‌ട്രേലിയൻ ഡോളർ (മൂന്ന് കോടിയോളം ഇന്ത്യൻ രൂപ) പിഴ ചുമത്തിയിരുന്നു. എന്നാൽ എക്‌സ് പണം നൽകാൻ വിസമ്മതിക്കുകയും ഓസ്‌ട്രേലിയൻ ഫെഡറൽ കോടതിയിൽ പിഴയ്‌ക്കെതിരെ അപ്പീൽ പോകുകയും ചെയ്‌തു.