ലിസ്ബൺ (പോർച്ചുഗൽ): ലോകത്തിലെ ഏറ്റവും പ്രായം കൂടിയ നായ എന്ന ഖ്യാതി നേടിയ 31 വയസ്സുള്ള ബോബി ചത്തതായി ഉടമ തിങ്കളാഴ്‌ച അറിയിച്ചു. ബോബിയെ പല തവണ പരിശോധിച്ചിട്ടുള്ള മൃഗഡോക്ടറാണ് മരണ വാർത്ത സോഷ്യൽ മീഡിയയിലൂടെ പുറത്ത് വിട്ടത് (Worlds Oldest Dog Ever Dies In Portugal).
പോർച്ചുഗലിലെ കോൺക്വീറോസ് ഗ്രാമത്തിലെ കോസ്‌റ്റ കുടുംബത്തിലാണ് ബോബി ജനിച്ചത്. ഫാമിൽ കോസ്‌റ്റയ്ക്കും നാല് പൂച്ചകൾക്കുമൊപ്പമായിരുന്നു ബോബി താമസിച്ചിരുന്നത്. ഉടമയായ ലിയോണലിന് വെറും 8 വയസ്സുള്ളപ്പോളാണ് 1992 മെയ് 11 ബോബി ജനിച്ചത്.
ബോബിയുടെ നീണ്ട ജീവിതത്തിന്‍റെ രഹസ്യം നല്ല ഭക്ഷണവും ശുദ്ധ വായുവും ധാരാളം സ്നേഹവുമായിരുന്നു. നമ്മൾ കഴിക്കുന്നത് ബോബി കഴിക്കുന്നു എന്ന് ഈ വർഷമാദ്യം ഒരു അഭിമുഖത്തിൽ ഉടമയായ കോസ്‌റ്റ അസോസിയേറ്റഡ് പ്രസ്സിനോട് പറഞ്ഞിരുന്നു.
1939-ൽ 29-ആം വയസ്സിൽ മരിച്ച ബ്ലൂയി എന്ന ഓസ്‌ട്രേലിയൻ കേറ്റിൽ നായയിൽ നിന്ന് ബോബി ഗിന്നസ് വേൾഡ് റെക്കോർഡ് സ്വന്തമാക്കിയിരുന്നു. കഴിഞ്ഞ ഫെബ്രുവരിയിലാണ് ലോകത്തിലെ ഏറ്റവും പ്രായം കൂടിയ നായ എന്ന റെക്കോർഡ് അവൻ സ്വന്തമാക്കിയത്.
ലോകത്തിലെ ഏറ്റവും പ്രായം കൂടിയ നായയായ ബോബിയുടെ മരണവാർത്ത അറിഞ്ഞതിൽ ദു:ഖമുണ്ടെന്ന് ഗിന്നസ് വേൾഡ് റെക്കോർഡ്‌സ് അധികൃതർ തിങ്കളാഴ്‌ച പറഞ്ഞു. ബോബി 31 വർഷവും 165 ദിവസവും ജീവിച്ചിരുന്നുവെന്നും ശനിയാഴ്‌ച മരിച്ചുവെന്നും അവരുടെ വെബ്‌സൈറ്റിൽ നൽകിയ പ്രസ്‌താവനയിൽ പറഞ്ഞു.
ഏകദേശം 10 മുതൽ 14 വർഷം വരെ ശരാശരി ആയുർദൈർഘ്യമുള്ള റഫീറോ ഡോ അലന്റേജോ ഇനത്തിൽപ്പെട്ട നായയാണ് ബോബി. ജീവിച്ചിരിക്കുന്ന ഏറ്റവും പ്രായം കൂടിയ നായ മാത്രമല്ല, പകരം എക്കാലത്തെയും പ്രായം കൂടിയ നായ കൂടിയാണ് ബോബി.
ലോകത്തിലെ ഏറ്റവും പ്രായം കൂടിയ വ്യക്തിയെന്ന ഗിന്നസ് റെക്കോഡിന് ഉടമയായ സിസ്‌റ്റർ ആന്ദ്രേ എന്നറിയപ്പെട്ടിരുന്ന ലുസൈൽ റാൻഡൻ ജനുവരി 17ന് അന്തരിച്ചു. 118-ാം വയസിലായിരുന്നു മരണം. 1904 ഫെബ്രുവരി 11ന് തെക്കൻ ഫ്രാൻസിലെ അലെസ് പട്ടണത്തിലാണ് സിസ്‌റ്റർ ആന്ദ്രേ ജനിച്ചത് (Worlds Oldest Person Lucile Randon Passes Away).
സിസ്‌റ്റർ ആന്ദ്രേയക്ക് മൂന്ന് സഹോദരന്മാരും ഒരു ഇരട്ട സഹോദരിയുമായിരുന്നു ഉണ്ടായിരുന്നത്. ഇരട്ടസഹോദരിയുടെ പേര് ലിഡി എന്നാണ്. ജനിച്ച് ഒരു വർഷത്തിനുശേഷം സഹോദരി മരിച്ചിരുന്നു.
അതേസമയം ലുസൈലിന്‍റെ മരണത്തോടെ അമേരിക്കയിലുളള 115 കാരിയായ മരിയ ബ്രാന്യാസ് മൊറേറ ലോകത്തിലെ ഏറ്റവും പ്രായം കൂടിയ വ്യക്തി എന്ന റെക്കോഡിൽ തുടരും.
എന്നാൽ ലോകത്തിലെ ഏറ്റവും പ്രായം കൂടിയ വ്യക്തി എന്ന നിലയിൽ 2022 ഏപ്രിലിൽ ലുസൈൽ റാൻഡൻ ഗിന്നസ് വേൾഡ് റെക്കോഡിൽ ഇടം നേടിയത്. എന്നാൽ ഇത് ഒരു 'നിർഭാഗ്യകരമായ അംഗീകാരം' എന്നാണ് അവർ വിശേഷിപ്പിച്ചിരുന്നത്.