ജനീവ: കൊറോണ വൈറസിന്‍റെ ഉത്‌ഭവം സംബന്ധിച്ച് വ്യക്തത വരുത്തുന്നതിനായി കൊവിഡ് 19 നെ കുറിച്ചുള്ള ഡാറ്റ പങ്കുവയ്‌ക്കാന്‍ ചൈനയോട് ആവശ്യപ്പെട്ട് ലോകാരോഗ്യ സംഘടന അധ്യക്ഷന്‍ ടെഡ്രോസ് അദാനം ഗെബ്രിയേസസ്. ഉറവിടം കണ്ടെത്തുന്നതിന് ആവശ്യമായ പഠനങ്ങള്‍ നടത്താൻ ചൈനയോട് നിരന്തരം ആവശ്യപ്പെടുന്നതായി അദ്ദേഹം പറഞ്ഞു. വൈറസിനെ കുറിച്ചുള്ള അനുമാനങ്ങള്‍ ഇപ്പോഴും തുടരുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
മൂന്ന് വര്‍ഷം മുമ്പ് ചൈനയിലെ വുഹാനില്‍ ആവിര്‍ഭവിച്ച് മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് സുസ്ഥിരമായി പകരാന്‍ കഴിവുള്ള ശ്വാസകോശ രോഗകാരിയായ സാര്‍സ് കോവ് 2 (SARS-CoV-2) ആദ്യമായി ഉയര്‍ന്നു വന്നത് എങ്ങനെയെന്നത് സജീവ ചര്‍ച്ചയായി ഇപ്പോഴും തുടരുകയാണ്. വൈറസിന്‍റെ ഉത്ഭവത്തെക്കുറിച്ച് വിദഗ്‌ധർ രണ്ട് പ്രധാന സിദ്ധാന്തങ്ങൾ മുന്നോട്ട് വച്ചിട്ടുണ്ട്. സാര്‍സ് കേവ് 2 ഒരു സ്വാഭാവിക സൂനോട്ടിക് സ്‌പില്‍ ഓവറിന്‍റെ ഫലമാണ് എന്നതാണ് ആദ്യത്തെ സിദ്ധാന്തം. ഗവേഷണവുമായി ബന്ധപ്പെട്ട ഒരു സംഭവത്തിന്‍റെ അനന്തരഫലമായാണ് വൈറസ് മനുഷ്യരെ ബാധിച്ചതെന്നാണ് രണ്ടാമത്തെ സിദ്ധാന്തം.
ഇപ്പോഴും ആഗോള പൊതുജനാരോഗ്യ അടിയന്തരാവസ്ഥ (public health emergency of international concern-PHEIC) തുടരുകയാണ്. അതേസമയം അടുത്ത വർഷം കൊവിഡ് 19 ആഗോള ആരോഗ്യ അടിയന്തരാവസ്ഥയായി കണക്കാക്കേണ്ടി വരില്ലെന്ന് താൻ പ്രതീക്ഷിക്കുന്നതായി ടെഡ്രോസ് അദാനം പറഞ്ഞു.
കൊവിഡ് വകഭേദമായി വന്ന ഒമിക്രോണ്‍ അകന്നു തുടങ്ങിയതായും അദ്ദേഹം പറഞ്ഞു. 'തുടക്കത്തില്‍ കൊവിഡ് ബാധിച്ച് ആഴ്ചയില്‍ 50,000 ആളുകള്‍ മരിച്ചിരുന്നു. അത് നിലവില്‍ 10,000 ആയി കുറഞ്ഞു. അതു തന്നെ കൂടുതലാണ്. അതിനാല്‍ ആളുകളുടെ ജീവന്‍ രക്ഷിക്കാന്‍ രാജ്യങ്ങള്‍ ഇനിയും ഒരുപാട് കാര്യങ്ങള്‍ ചെയ്യണം. എങ്കിലും നമ്മള്‍ ഒരുപാട് മുന്നിലെത്തിയിട്ടുണ്ട്', ലോകാരോഗ്യ സംഘടന തലവന്‍ പറഞ്ഞു.
ജനുവരിയിൽ ചേരുന്ന അടിയന്തര സമിതിയുടെ അടുത്ത യോഗത്തിൽ അടിയന്തരാവസ്ഥ അവസാനിപ്പിക്കുന്നതിനുള്ള മാനദണ്ഡങ്ങൾ ചർച്ച ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.