വാഷിങ്ടണ്‍: ഭക്ഷ്യ - ഊർജ സുരക്ഷ വെല്ലുവിളികൾ അഭിമുഖീകരിക്കുന്നതുൾപ്പെടെയുള്ള നിരവധി വിഷയങ്ങൾ മുൻനിർത്തി അടുത്ത വർഷവും ജി 20 അധ്യക്ഷ സ്ഥാനത്ത് ഇന്ത്യ വരുന്നത് പിന്തുണയ്‌ക്കുമെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരീൻ ജീൻ പിയറി. ഇന്നു മുതൽ ഇന്ത്യ ഔപചാരികമായി ജി 20 അധ്യക്ഷ സ്ഥാനം ഏറ്റെടുത്തു. കഴിഞ്ഞ മാസം ഇന്തോനേഷ്യ ആതിഥേയത്വം വഹിച്ച ബാലിയിൽ നടന്ന ദ്വിദിന ജി 20 ഉച്ചകോടിയിലാണ് ഇന്ത്യയ്ക്ക് അധ്യക്ഷ സ്ഥാനം ലഭിച്ചത്.
അതേ സമയം അടുത്ത വർഷം യുഎസ് പ്രസിഡന്‍റ് ജോ ബൈഡന്‍റെ ഇന്ത്യയിലേയ്‌ക്കുള്ള യാത്രയേക്കുറിച്ചുള്ള ചോദ്യത്തിന്, അദ്ദേഹം ജി 20യിൽ പങ്കെടുക്കാൻ എത്തിയതായും അടുത്ത വർഷത്തെ യാത്രയെ കുറിച്ച് യാതൊന്നും പറയാനില്ലെന്നും കരീൻ പറഞ്ഞു. സംസ്ഥാന സർക്കാർ തലത്തിലുള്ള അടുത്ത ജി20 ഉച്ചകോടി സെപ്‌റ്റംബർ ഒൻപത്, പത്ത് തീയതികളിൽ ന്യൂഡൽഹിയിൽ നടക്കും. G20 അല്ലെങ്കിൽ ഗ്രൂപ്പ് ഓഫ് 20 എന്നത് ലോകത്തിലെ പ്രധാന വികസിതവും വികസ്വരവുമായ രാജ്യങ്ങളുടെ ഒരു ഇന്‍റർഗവൺമെന്‍റൽ ഫോറമാണ്.
ഇതിൽ അർജന്‍റീന, ഓസ്‌ട്രേലിയ, ബ്രസീൽ, കാനഡ, ചൈന, ഫ്രാൻസ്, ജർമനി, ഇന്ത്യ, ഇന്തോനേഷ്യ, ഇറ്റലി, ജപ്പാൻ, റിപ്പബ്ലിക് ഓഫ് കൊറിയ, മെക്‌സിക്കോ, റഷ്യ, സൗദി അറേബ്യ, ദക്ഷിണാഫ്രിക്ക, തുർക്കി, യുകെ, യുഎസ്, യൂറോപ്യൻ യൂണിയൻ എന്നിവ ഉൾപ്പെടുന്നു.