വാഷിങ്ടൺ: സർക്കാരിന്‍റെ ഔദ്യോഗിക ഉപകരണങ്ങളിൽ നിന്നും ടിക് ടോക്ക് ഒഴിവാക്കാൻ വൈറ്റ് ഹൗസിന്‍റെ നിർദേശം. ഇതിനായി എല്ലാ ഫെഡറൽ ഏജൻസികൾക്കും 30 ദിവസമാണ് അനുവദിച്ചിരിക്കുന്നത്. സുരക്ഷ ക്രമീകരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് നടപടി.
ഇതുസംബന്ധിച്ച് തിങ്കളാഴ്‌ച മാർഗനിർദേശങ്ങൾ പുറത്തിറക്കി. സെൻസിറ്റീവ് ഗവൺമെന്‍റ് ഡാറ്റയിലേക്ക് ആപ്പ് അവതരിപ്പിക്കുന്ന അപകടസാധ്യതകളെ ചോദ്യം ചെയ്‌തുകൊണ്ടുള്ള നിർണായക ചുവടുവയ്‌പ്പായി ഇതിനെ ഓഫിസ് ഓഫ് മാനേജ്മെന്‍റ് ആന്‍റ് ബജറ്റ് വിശേഷിപ്പിക്കുന്നു. ഡിപ്പാർട്ട്‌മെന്‍റ് ഓഫ് ഡിഫൻസ്, ഡിപ്പാർട്ട്‌മെന്‍റ് ഓഫ് ഹോംലാൻഡ് സെക്യൂരിറ്റി, സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് എന്നിവയുൾപ്പെടെ നിരവധി സർക്കാർ ഏജൻസികൾ വോട്ടെടുപ്പിന് മുമ്പ് സർക്കാർ ഔദ്യോഗിക ഉപകരണങ്ങളിൽ നിന്ന് ടിക് ടോക്ക് നിരോധിച്ചിരുന്നു. 30 ദിവസത്തിനുള്ളിൽ ഫെഡറൽ ജീവനക്കാർ ഇത് പിന്തുടരണമെന്നാണ് മർഗനിർദേശം.
ഡിജിറ്റൽ ഇൻഫ്രാസ്ട്രക്‌ചർ സുരക്ഷിതമാക്കുന്നതിനും അമേരിക്കൻ ജനതയുടെ സുരക്ഷയും സ്വകാര്യതയും സംരക്ഷിക്കുന്നതിനുള്ള അഡ്‌മിനിസ്ട്രേഷന്‍റെ നിരന്തരമായ പ്രതിബദ്ധതയുടെ ഭാഗമാണ് മാർഗനിർദ്ദേശം. ദേശീയ സുരക്ഷ, നിയമ നിർവ്വഹണം, ഗവേഷണ ആവശ്യങ്ങൾ എന്നിവയുൾപ്പെടെ ചില കേസുകളിൽ ടിക് ടോക്ക് ഉപയോഗിക്കുന്നതിന് നിയമനിർമ്മാണം അനുവദിക്കുന്നു.
സർക്കാർ ഉടമസ്ഥതയിലുള്ള ഉപകരണങ്ങളിൽ ചൈനീസ് ഉടമസ്ഥതയിലുള്ള വീഡിയോ ആപ്പ് ഉപയോഗിക്കുന്നതിൽ നിന്ന് ഫെഡറൽ ജീവനക്കാരെ വിലക്കുന്നതിന് ഡിസംബറിൽ കോൺഗ്രസ് വോട്ട് ചെയ്യുകയും ഏജൻസി നിർദേശങ്ങൾ പുറപ്പെടുവിക്കാൻ ബൈഡൻ ഭരണകൂടത്തിന് 60 ദിവസത്തെ സമയം നൽകുകയും ചെയ്‌തിരുന്നു. ആപ്പ് നേടിയ അമേരിക്കൻ ഉപയോക്തൃ ഡാറ്റയുടെ നിയന്ത്രണം ബീജിങ്ങിന് ലഭിക്കുമെന്ന ആശങ്ക വർധിച്ചുകൊണ്ടിരുന്ന സാഹചര്യത്തിലാണ് തീരുമാനം.
സർക്കാരിന്‍റെ എല്ലാ ഔദ്യോഗിക ഉപകരണങ്ങളിൽ നിന്നും സർക്കാർ ജീവനക്കാരുടെ മൊബൈലുകളിൽ നിന്നും ടിക് ടോക്ക് നിരോധിക്കുന്നതായി കാനഡയും അറിയിച്ചിരുന്നു. സൈബർ സുരക്ഷ നടപടിയെന്ന നിലയിൽ ജീവനക്കാർ ഉപയോഗിക്കുന്ന ഫോണുകളിൽ നിന്ന് ടിക് ടോക്ക് താൽകാലികമായി നിരോധിച്ചതായി യൂറോപ്യൻ യൂണിയന്‍റെ എക്‌സിക്യൂട്ടീവ് ബ്രാഞ്ച് കഴിഞ്ഞ ആഴ്‌ച അറിയിച്ചിരുന്നു. 2020 ജൂണിലാണ് സുരക്ഷ ഭീഷണിയെ തുടർന്ന് ഇന്ത്യ ടിക് ടോക്കിന് നിരോധനം ഏർപ്പെടുത്തിയത്.