കൊച്ചി : കേരളത്തിൽ നിന്ന് വിയറ്റ്‌നാമിലെ ഹോ ചി മിൻ സിറ്റിയിലേക്ക് ആദ്യമായി നേരിട്ടുള്ള ഫ്ലൈറ്റ് റൂട്ട് പ്രഖ്യാപിച്ച് എയർലൈന്‍ കമ്പനിയായ വിയറ്റ്‌ജെറ്റ്. വിയറ്റ്‌നാം അംബാസിഡർ എൻഗുയെൻ തൻ ഹായുമായി ജൂലൈ അഞ്ചിന് മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ കൂടിക്കാഴ്‌ചയ്‌ക്ക് പിന്നാലെയാണ് വിമാനമാര്‍ഗം പ്രഖ്യാപിച്ചുകൊണ്ടുള്ള പ്രഖ്യാപനം എത്തുന്നത്. ഇതുപ്രകാരം വരുന്ന ഓഗസ്‌റ്റ് 12 മുതൽ ഹോ ചി മിൻ സിറ്റിക്കും കൊച്ചിക്കും ഇടയിൽ നേരിട്ടുള്ള ഫ്ലൈറ്റ് സർവീസ് ആരംഭിക്കുമെന്ന് വിയറ്റ്‌ജെറ്റ് അറിയിച്ചു.
സര്‍വീസ് ഇങ്ങനെ : കൊച്ചി അന്താരാഷ്‌ട്ര വിമാനത്താവളത്തില്‍ നിന്ന് ആഴ്‌ചതോറും 32 വിയ്‌റ്റ്‌നാം - ഇന്ത്യ വിമാന സര്‍വീസുകളുണ്ടാകും. ഇതില്‍ കൊച്ചി - ഹോ ചി മിൻ സിറ്റി റൂട്ടിൽ ആഴ്‌ചയിലെ തിങ്കൾ, ബുധൻ, വെള്ളി, ശനി ദിവസങ്ങളിൽ നാല് വിമാനങ്ങൾ വീതമാണ് സർവീസ് നടത്തുക. കൊച്ചിയില്‍ നിന്നുള്ള വിമാനങ്ങള്‍ പ്രാദേശിക സമയം 23:50 ന് പുറപ്പെട്ട് പ്രാദേശിക സമയം 06:40 ന് ഹോ ചി മിൻ സിറ്റിയിൽ ഇറങ്ങും. മടക്ക വിമാനങ്ങള്‍ ഹോ ചി മിൻ സിറ്റിയിൽ നിന്ന് പ്രാദേശിക സമയം 19:20 ന് പുറപ്പെടുമെന്നും പ്രാദേശിക സമയം 22:50 ന് കൊച്ചിയിലെത്തുമെന്നും വിയറ്റ്‌ജെറ്റ് അധികൃതർ പ്രസ്‌താവനയില്‍ വ്യക്തമാക്കി.
ആകാശം മുട്ടെ പ്രതീക്ഷകള്‍ : കേരളത്തില്‍ നിന്ന് വിയറ്റ്‌നാമിലേക്ക് നേരിട്ടുള്ള വിമാന സർവീസ് ഇരുകൂട്ടരും തമ്മിലുള്ള ബന്ധം വർധിപ്പിക്കുമെന്നും സംസ്ഥാനത്തിന്‍റെ ടൂറിസത്തിനും വികസനത്തിനും ഗുണം ചെയ്യുമെന്നും അംബാസഡർ എൻഗുയെൻ തൻ ഹായുമായുള്ള കൂടിക്കാഴ്‌ചയ്‌ക്ക് ശേഷം മുഖ്യമന്ത്രി പിണറായി വിജയന്‍ ട്വിറ്ററില്‍ കുറിച്ചിരുന്നു. കൊച്ചിയെയും ഹോ ചി മിൻ സിറ്റിയെയും ബന്ധിപ്പിക്കുന്ന റൂട്ട് വിയറ്റ്‌ജെറ്റ് തുറന്നത് ഒരു വഴിത്തിരിവാണെന്നും വിയറ്റ്‌നാമും ദക്ഷിണേന്ത്യയും തമ്മില്‍ സാമ്പത്തിക വ്യാപാര ടൂറിസം സഹകരണത്തിന് പുതിയ പ്രചോദനം സൃഷ്‌ടിക്കുമെന്നും ഒരു പൊതുപരിപാടിയിൽ സംസാരിക്കവെ വിയറ്റ്‌നാമിലെ ഇന്ത്യന്‍ അംബാസഡറും പ്രതികരിച്ചിരുന്നു.
മാത്രമല്ല വിയറ്റ്നാമിന്‍റെയും പ്രത്യേകിച്ച് ഹോ ചി മിൻ സിറ്റിയുടെയും അനുകൂലമായ ഭൂമിശാസ്‌ത്രം, സന്ദർശകർക്ക് വിയറ്റ്നാമിൽ ഉടനീളവും അവിടെ നിന്ന് ലോകത്തുള്ള മറ്റ് രാജ്യങ്ങളിലേക്കും എളുപ്പത്തിൽ സഞ്ചരിക്കാനും ഗുണം ചെയ്യുമെന്ന് ഫ്ലൈറ്റ് റൂട്ട് പ്രഖ്യാപിച്ചുകൊണ്ടുള്ള പ്രസ്‌താവനയിലും വിയറ്റ്‌നാം അംബാസഡർ കൂട്ടിച്ചേര്‍ത്തു. ഈ പുതിയ റൂട്ടിലൂടെ വിയറ്റ്‌ജെറ്റ്, വിയറ്റ്‌നാമും ഇന്ത്യയും തമ്മിലുള്ള ബന്ധം വർധിപ്പിക്കുമെന്ന് എയർലൈനിന്‍റെ വൈസ് പ്രസിഡന്‍റ് (കൊമേഴ്‌സ്) ജയ് എൽ ലിംഗേശ്വരയും അറിയിച്ചു.
ഇന്ത്യന്‍ വിനോദസഞ്ചാരികളെ കണ്ണുവച്ച്: നിലവിൽ വിയറ്റ്‌ജെറ്റ് വിമാനങ്ങൾ മുംബൈ, ന്യൂഡൽഹി, അഹമ്മദാബാദ് എന്നിവിടങ്ങളിൽ നിന്ന് ഹനോയിയിലേക്കും ഹോ ചി മിൻ സിറ്റിയിലേക്കും സര്‍വീസ് നടത്തുന്നുണ്ട്. ഈ വർഷത്തിലെ ആദ്യ അഞ്ച് മാസങ്ങളിൽ തന്നെ ഇന്ത്യയിൽ നിന്ന് 1,41,000 യാത്രക്കാർ വിയറ്റ്നാം സന്ദർശിച്ചിട്ടുണ്ട്. വര്‍ഷാവസാനം ഇത് 500,000 സന്ദർശകരിലെത്തുമെന്നാണ് വിമാനക്കമ്പനി പ്രതീക്ഷിക്കുന്നത്. 2022 ൽ, വിയറ്റ്നാമിലേക്കുള്ള ഇന്ത്യൻ സന്ദർശകരുടെ എണ്ണം ഗണ്യമായി വർധിച്ചിരുന്നു. ഏകദേശം 137,900 പേർ വിയറ്റ്‌നാം സന്ദര്‍ശിച്ചുവെന്നാണ് കണക്കുകള്‍.
മാത്രമല്ല വിയറ്റ്നാമിലേക്ക് വിനോദസഞ്ചാരികളെ ഏറ്റവും കൂടുതൽ അയക്കുന്ന 10 വിപണികളിൽ ഒമ്പതാം സ്ഥാനത്താണ് നിലവില്‍ ഇന്ത്യയുള്ളത്. അതുകൊണ്ടുതന്നെ വിയറ്റ്‌ജെറ്റിന്‍റെ പുതിയ റൂട്ട് 2023 ൽ വിയറ്റ്നാമിലേക്ക് ദക്ഷിണേന്ത്യൻ മേഖലയിൽ നിന്ന് ഉദ്ദേശം 10,000 യാത്രക്കാരെ കൊണ്ടുവരുമെന്ന് പ്രതീക്ഷിക്കുന്നതായും കമ്പനി പ്രസ്‌താവനയിൽ വ്യക്തമാക്കി.