വാഷിങ്‌ടണ്‍ : ഹമാസിന്‍റെ ആക്രമണം നേരിടുന്ന ഇസ്രയേലിന് പിന്തുണ അറിയിച്ച് അമേരിക്ക (US Stands With Israel In Hamas Attack). ഇസ്രയേലിനൊപ്പം അമേരിക്ക നിലകൊള്ളുന്നു എന്നും ആവശ്യമായ സഹായം എത്തിക്കുമെന്നും യുഎസ് പ്രസിഡന്‍റ് ജോ ബൈഡന്‍ പ്രതികരിച്ചു (Joe Biden on Hamas Israel Attack). ഇന്നലെ (ഒക്‌ടോബര്‍ 7) ആണ് ഇസ്രയേലിന് പിന്തുണ അറിയിച്ച് ബൈഡന്‍ പ്രതികരിച്ചത് (Hamas Israel Attack).
'ഇസ്രയേല്‍ ജനത ഹമാസ് എന്ന ഭീകര സംഘടനയുടെ ആക്രമണത്തിലാണ്. ഈ ദുരന്ത നിമിഷത്തില്‍ അമേരിക്ക ഇസ്രയേലിനൊപ്പം നില്‍ക്കുന്നു എന്ന് ഹമാസിനോടും ലോകത്തിന്‍റെ എല്ലാ കോണിലുമുള്ള ഭീകരവാദികളോടും പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഇസ്രയേലിന് പിന്തുണ നല്‍കുന്നതില്‍ നിന്ന് ഞങ്ങള്‍ ഒരിക്കലും പിന്നോട്ട് പോകില്ല' -ബൈഡന്‍ പറഞ്ഞു.
നേരത്തെ, ഹമാസ്-ഇസ്രയേല്‍ സംഘര്‍ഷം കനത്ത സാഹചര്യത്തില്‍ ഇസ്രയേലിന് പിന്തുണ അറിയിച്ച് ഇന്ത്യയും രംഗത്ത് വന്നിരുന്നു. 'ഇസ്രയേലിലെ ഭീകരാക്രമണ വാര്‍ത്തകള്‍ ഞെട്ടലുണ്ടാക്കി. നിരപരാധികളായ ഇരകള്‍ക്കും അവരുടെ കുടുംബത്തിനും വേണ്ടി ഞങ്ങള്‍ പ്രാര്‍ഥിക്കുന്നു. പ്രതിസന്ധി നിറഞ്ഞ ഈ സാഹചര്യത്തില്‍ ഞങ്ങള്‍ ഇസ്രയേലിന് ഒപ്പം നില്‍ക്കുന്നു' -എന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി എക്‌സില്‍ കുറിച്ചത്.
Also Read: Hamas Israel Conflict: പശ്ചിമേഷ്യ അസ്വസ്ഥം; ഇസ്രയേല്‍-ഹമാസ് ഏറ്റുമുട്ടല്‍ തുടരുന്നു, മരണം 300 കടന്നു
ഇന്നലെ (ഒക്‌ടോബര്‍ 7) പ്രാദേശിക സമയം രാവിലെ 6.30ഓടെയാണ് ആക്രമണം ആരംഭിച്ചത്. ഗാസയില്‍ നിന്ന് ഇസ്രയേലിലേക്ക് റോക്കറ്റുകള്‍ അയച്ചായിരുന്നു ഹമാസിന്‍റെ ആക്രമണം. 20 മിനിട്ടില്‍ ഇസ്രയേലിനെതിരെ 5000ല്‍ അധികം റോക്കറ്റുകള്‍ പ്രയോഗിച്ചതായി ഹമാസ് അവകാശപ്പെടുകയുണ്ടായി. ടെല്‍ അവീവ്, റെഹോവോട്ട്, ഗെഡേര, അഷ്‌കെലോണ്‍ എന്നിവ ഉള്‍പ്പടെ നിരവധി നഗരങ്ങള്‍ ആക്രമിക്കപ്പെട്ടു.
ഹമാസ് സംഘം ഗാസ മുനമ്പില്‍ നിന്ന് ഇസ്രയേലിലേക്ക് നുഴഞ്ഞു കയറി. ഇസ്രയേലില്‍ എത്തിയ സംഘം നരഗങ്ങള്‍ പിടിച്ചടക്കി. 'അല്‍ അഖ്‌സ കൊടുങ്കാറ്റ്' എന്നാണ് ആക്രമണത്തെ ഹമാസ് മിലിട്ടറി കമാന്‍ഡര്‍ മുഹമ്മദ് അല്‍ ദെയ്‌ഫ് വിശേഷിപ്പിച്ചത്. സ്‌ത്രീകള്‍ക്ക് എതിരായ ആക്രമണം, ജറുസലേമിലെ അല്‍ അഖ്‌സ മസ്‌ജിദിനെ അപമാനിക്കല്‍, ഗാസ ഉപരോധം എന്നിവക്കുള്ള മറുപടിയാണ് ഈ ആക്രമണം എന്നും മുഹമ്മദ് അല്‍ ദെയ്‌ഫ് പ്രതികരിച്ചിരുന്നു.
യന്ത്രം ഘടിപ്പിച്ച പാരഗ്ലൈഡറുകളില്‍ ഇസ്രയേല്‍ അതിര്‍ത്തി കടന്നെത്തുന്ന ഹമാസ് അംഗങ്ങളുടെ വീഡിയോകളും സ്‌ഡെറോട്ട് നഗരത്തിന്‍റെ തെരുവുകളില്‍ മൃതദേഹങ്ങള്‍ ചിന്നിച്ചിതറി കിടക്കുന്നതിന്‍റെ ചില വീഡിയോകളും പ്രചരിച്ചിരുന്നു.