ഒക്‌ലഹോമ (യുഎസ്) : യുഎസ് സ്റ്റേറ്റായ ഒക്‌ലഹോമയിലെ തുൾസയിൽ മെഡിക്കൽ കെട്ടിടത്തിലുണ്ടായ വെടിവയ്‌പ്പിൽ അഞ്ച് മരണം. നിറയൊഴിച്ചയാളുള്‍പ്പടെയാണ് മരിച്ചത്. തുൾസയിലെ സെന്‍റ് ഫ്രാൻസിസ് ആശുപത്രിക്ക് സമീപമുള്ള നതാലി മെഡിക്കൽ കെട്ടിടത്തിൽ ബുധനാഴ്‌ച വൈകുന്നേരമായിരുന്നു സംഭവം.
വെടിയുതിർത്തയാൾ സ്വയം നിറയൊഴിച്ച് മരിച്ചെന്നും ഇയാളുടെ കൈവശം റൈഫിളും കൈത്തോക്കുമുൾപ്പടെ മാരകായുധങ്ങൾ ഉണ്ടായിരുന്നതായും യുഎസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. അക്രമി ആരെയെങ്കിലും പ്രത്യേകമായി ലക്ഷ്യമിട്ടിരുന്നോയെന്ന് വ്യക്തമല്ലെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും തുൾസ പൊലീസ് ഡിപ്പാർട്ട്‌മെന്‍റ് ഡെപ്യൂട്ടി ചീഫ് എറിക് ഡാൽഗ്ലീഷ് വാർത്താസമ്മേളനത്തിൽ അറിയിച്ചു.
വെടിവയ്‌പ്പ് നടന്ന കെട്ടിടത്തിലെ മറ്റ് മുറികളിലും പരിശോധന നടത്തിവരുന്നതായി പൊലീസ് ഫേസ്‌ബുക്ക് പോസ്റ്റിൽ കുറിച്ചു. സംഭവത്തെ തുടര്‍ന്ന് സെന്‍റ് ഫ്രാൻസിസ് ആശുപത്രി അടച്ചിട്ടു. കൂടാതെ മേഖലയിൽ ഗതാഗതം റദ്ദാക്കിയതായും അധികൃതർ അറിയിച്ചു.
READ MORE: യു.എസിലെ സ്‌കൂളില്‍ വെടിവയ്പ്പ്: 18 വിദ്യാര്‍ഥികളടക്കം 21 പേര്‍ കൊല്ലപ്പെട്ടു
തുൾസയിൽ നടന്ന വെടിവയ്‌പ്പും തുടര്‍ന്നുണ്ടായ സംഭവവികാസങ്ങളും പ്രസിഡന്‍റ് ജോ ബൈഡൻ വിലയിരുത്തിയതായും സ്ഥിതിഗതികൾ സൂക്ഷ്‌മമായി നിരീക്ഷിച്ചുവരികയാണെന്നും വൈറ്റ് ഹൗസ് അറിയിച്ചു.
നേരത്തെ ടെക്‌സാസിലെ പ്രൈമറി വിദ്യാലയത്തില്‍ ഉണ്ടായ വെടിവയ്‌പ്പിൽ 18 കുട്ടികളും മൂന്ന് അധ്യാപകരും ഉൾപ്പടെ 21 പേർ കൊല്ലപ്പെട്ടിരുന്നു. വെടിവയ്‌പ്പ് നടത്തിയ 18കാരന്‍ സാല്‍വഡോര്‍ റാമോസിനെ സംഭവസ്ഥലത്തുവച്ച് അധികൃതര്‍ കൊലപ്പെടുത്തിയിരുന്നു.