വാഷിങ്ടൺ : ഹമാസ് ആക്രമണത്തിൽ ഇസ്രയേലിനെ സഹായിക്കാനൊരുങ്ങി അമേരിക്ക. ഇസ്രയേലിനെ പിന്തുണക്കുന്നതിനായി യുഎസ് യുദ്ധക്കപ്പൽ അയച്ചു (US Sending Aircraft Carrier Strike Group To Israel). ആണവശേഷിയുള്ള വിമാന വാഹിനിക്കപ്പൽ കിഴക്കൻ മെഡിറ്ററേനിയൻ സമുദ്രത്തിലേക്ക് തിരിക്കാൻ ഫോർഡ് കാരിയർ സ്‌ട്രൈക്ക് ഗ്രൂപ്പിന് നിർദേശം നൽകിയതായി യുഎസ് പ്രതിരോധ സെക്രട്ടറി ലോയ്‌ഡ് ഓസ്റ്റിൻ പറഞ്ഞു.
കൊല്ലപ്പെട്ടവരിലും കാണാതായവരിലും അമേരിക്കക്കാരും ഉണ്ടെന്നാണ് റിപ്പോർട്ട്. നാവികസേനയുടെ ഏറ്റവും പുതിയതും അത്യാധുനികവുമായ വിമാനവാഹിനിക്കപ്പലായ യുഎസ്എസ് ജെറാൾഡ് ആർ. ഫോർഡും അതിലെ ഏകദേശം 5,000 നാവികരും യുദ്ധവിമാനങ്ങളും ക്രൂയിസറുകളും ഡിസ്ട്രോയറുകളും അടങ്ങിയ വിമാനവാഹിനിക്കപ്പലാണ് അയച്ചത്. ഈ യുദ്ധക്കപ്പൽ എന്തിനോടും പ്രതികരിക്കാൻ തയാറാണ്. കൂടുതൽ ആയുധങ്ങൾ ഹമാസിൽ എത്തുന്നത് തടയുന്നതിനും നിരീക്ഷണം ശക്തിപ്പെടുത്തുന്നതിനും ഈ യുദ്ധക്കപ്പൽ സഹായിക്കുമെന്നാണ് റിപ്പോർട്ട് (Israel Hamas Attack). വരും ദിവസങ്ങളിൽ കൂടുതൽ സുരക്ഷ സഹായങ്ങൾ നൽകുമെന്ന് ഓസ്റ്റിൻ കൂട്ടിച്ചേർത്തു.
പ്രാഥമിക റിപ്പോർട്ടുകൾ പ്രകാരം, ആക്രമണത്തിൽ കുറഞ്ഞത് നാല് അമേരിക്കൻ പൗരന്മാരെങ്കിലും കൊല്ലപ്പെട്ടതായും ഏഴ് പേരെ കാണാതാകുകയും ചെയ്‌തതായി ഒരു യുഎസ് ഉദ്യോഗസ്ഥൻ പറഞ്ഞു.
ഒക്‌ടോബര്‍ 7ന് പ്രാദേശിക സമയം രാവിലെ 6.30ഓടെയാണ് ഹമാസ് ഇസ്രയേലിൽ ആക്രമണം നടത്തിയത്. ഗാസയില്‍ നിന്ന് ഇസ്രയേലിലേക്ക് റോക്കറ്റുകള്‍ അയച്ചുകൊണ്ടായിരുന്നു ആക്രമണം. 20 മിനിട്ടില്‍ ഇസ്രയേലിനെതിരെ 5000ല്‍ അധികം റോക്കറ്റുകള്‍ പ്രയോഗിച്ചുവെന്ന് ഹമാസ് അവകാശപ്പെട്ടു. ടെല്‍ അവീവ്, റെഹോവോട്ട്, ഗെഡേര, അഷ്‌കെലോണ്‍ എന്നിവ ഉള്‍പ്പടെ നിരവധി നഗരങ്ങളെ ആക്രമണം ബാധിച്ചു.
ഇതിനിടെ ഹമാസ് സംഘം ഗാസ മുനമ്പില്‍ നിന്ന് ഇസ്രയേലിലേക്ക് നുഴഞ്ഞുകയറി നഗരങ്ങള്‍ പിടിച്ചടക്കുകയും ചെയ്‌തു. ഹമാസിന്‍റെ ആക്രമണം രൂക്ഷമായതോടെ ഇസ്രയേല്‍ പ്രത്യാക്രമണം നടത്തുകയും ചെയ്‌തു. ഹമാസിന് നേരെ ഇസ്രയേല്‍ ഔദ്യോഗികമായി യുദ്ധം പ്രഖ്യാപിച്ചു.
Also read: Israel Palestine Conflict : ഹമാസിനെതിരെ തിരിച്ചടിച്ച് ഇസ്രയേൽ; മരണസംഖ്യ 600 കടന്നു
ഹമാസിന്‍റെ ആക്രമണം നേരിടുന്ന ഇസ്രയേലിന് അമേരിക്ക പിന്തുണ പ്രഖ്യാപിച്ചിരുന്നു. (US Stands With Israel In Hamas Attack). ഇസ്രയേലിനൊപ്പം അമേരിക്ക നിലകൊള്ളുന്നുവെന്നും ആവശ്യമായ സഹായം എത്തിക്കുമെന്നും യുഎസ് പ്രസിഡന്‍റ് ജോ ബൈഡന്‍ അറിയിച്ചിരുന്നു. (Joe Biden on Hamas Israel Attack). 'ഇസ്രയേല്‍ ജനത ഹമാസ് എന്ന ഭീകര സംഘടനയുടെ ആക്രമണം നേരിടുകയാണ്. ഈ ദുരന്ത നിമിഷത്തില്‍ അമേരിക്ക ഇസ്രയേലിനൊപ്പം നില്‍ക്കുന്നു എന്ന് ഹമാസിനോടും ലോകത്തിന്‍റെ എല്ലാ കോണിലുമുള്ള ഭീകരവാദികളോടും പറയാന്‍ താന്‍ ആഗ്രഹിക്കുന്നു. ഇസ്രയേലിന് പിന്തുണ നല്‍കുന്നതില്‍ നിന്ന് ഞങ്ങള്‍ ഒരിക്കലും പിന്നോട്ട് പോകില്ലെ'ന്നായിരുന്നു ബൈഡന്‍റെ പ്രതികരണം.