ടെല്‍ അവീവ് : ഹമാസുമായുള്ള യുദ്ധം കനക്കുമ്പോള്‍ സഖ്യരാജ്യത്തിനുള്ള ശക്തമായ പിന്തുണ വ്യക്തമാക്കാന്‍ അമേരിക്കന്‍ പ്രസിഡന്‍റ് ജോ ബൈഡന്‍ ഇസ്രയേലിലേക്ക് (US President Joe Biden Will Travel To Israel). ബൈഡന്‍ ബുധനാഴ്‌ച ഇസ്രയേലിലെത്തുമെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്‍റണി ബ്ലിങ്കന്‍ അറിയിച്ചു. ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവുമായും മറ്റ് ഉന്നത നേതാക്കളുമായും നടത്തിയ ഏഴ് മണിക്കൂര്‍ ചര്‍ച്ചകള്‍ക്കൊടുവിലാണ് ആന്‍റണി ബ്ലിങ്കന്‍ ചൊവ്വാഴ്‌ച ഇക്കാര്യം വ്യക്തമാക്കിയത്.
ഹമാസിന്‍റെ വേരറുക്കാനെന്ന് പ്രഖ്യാപിച്ച് ഗാസയ്‌ക്കെതിരെ കരയുദ്ധത്തിന് ഇസ്രയേല്‍ കോപ്പുകൂട്ടുന്നതിനിടെയാണ് ബൈഡന്‍ സന്ദര്‍ശനത്തിനൊരുങ്ങുന്നത്. ഇസ്രയേലിന് പിന്നില്‍ തങ്ങള്‍ ശക്തമായി അടിയുറച്ചുനില്‍ക്കുന്നുവെന്ന സന്ദേശം ആ രാജ്യത്തിനും പ്രത്യേകിച്ച് ലോകത്തിനും നല്‍കാന്‍ ലക്ഷ്യമിട്ടുകൂടിയാണ് ബൈഡന്‍റെ സന്ദര്‍ശനം.
യുദ്ധസാഹചര്യത്തില്‍ ഇതിനകം അമേരിക്ക സൈനിക പിന്തുണയും മറ്റെല്ലാ തരത്തിലുമുള്ള സഹായങ്ങളും ഇസ്രയേലിന് ലഭ്യമാക്കി വരുന്നുണ്ട്. ഹമാസിനോട് യുദ്ധരംഗത്തുള്ള ഇസ്രയേല്‍, റഷ്യന്‍ അധിനിവേശത്തിനെതിരെ പോരാടുന്ന യുക്രെയ്‌ന്‍ എന്നീ രാജ്യങ്ങള്‍ക്കായി രണ്ട് ബില്യണ്‍ ഡോളറിന്‍റെ കൂടി സഹായം നല്‍കാന്‍ യുഎസ് കോണ്‍ഗ്രസിന്‍റെ പിന്തുണ തേടാനിരിക്കുകയുമാണ് അമേരിക്കന്‍ ഭരണകൂടം.