വാഷിങ്ടൺ : ജി20 ഉച്ചകോടിയില്‍ പങ്കെടുക്കാനായി യുഎസ് പ്രസിഡന്‍റ് ജോ ബൈഡന്‍ നാളെ (സെപ്‌റ്റംബര്‍ 7) ഇന്ത്യയിലേക്ക് (US President Joe Biden To India For G20 Summit). ബൈഡന്‍റെ കൊവിഡ് -19 പരിശോധന ഫലം നെഗറ്റീവാണെന്നും ജി 20 ഉച്ചകോടിയിൽ പങ്കെടുക്കാൻ അദ്ദേഹം വ്യാഴാഴ്‌ച ഇന്ത്യയിലേക്ക് തിരിക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഉഭയകക്ഷി കൂടിക്കാഴ്‌ച നടത്തുമെന്നും വൈറ്റ് ഹൗസ് അറിയിച്ചു (White House On Biden Will Travel To India For G20 Summit).
യുഎസ് പ്രഥമ വനിത ജിൽ ബൈഡന് തിങ്കളാഴ്‌ച വൈകിട്ട് നടത്തിയ പരിശോധനയിലായിരുന്നു കൊവിഡ്-19 സ്ഥിരീകരിച്ചത്. ഭാര്യയ്‌ക്ക് പോസിറ്റീവ് ആയതിനെ തുടർന്ന് തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ ബൈഡനെ വൈറസ് പരിശോധനയ്ക്ക് വിധേയനാക്കിയിരുന്നു. എന്നാൽ ഫലം നെഗറ്റീവായിരുന്നു. ബൈഡൻ ഇന്നലെ ഭാര്യയ്‌ക്കൊപ്പമുണ്ടായിരുന്നെങ്കിലും അദ്ദേഹത്തിന് രോഗലക്ഷണങ്ങളൊന്നും പ്രകടമായിരുന്നില്ല.
സിഡിസിയുടെ മാർഗനിർദേശത്തെ തുടർന്ന് അദ്ദേഹം വീടിനകത്തും ആളുകൾക്കിടയിലും മാസ്‌ക് ധരിച്ചിട്ടുണ്ടായിരുന്നു എന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരീൻ ജീൻ പിയറി പറഞ്ഞു. വീടിനകത്തും പുറത്തും മറ്റുള്ളവരിൽ നിന്നും മതിയായ അകലം പാലിച്ചു കൊണ്ടാണ് പ്രസിഡന്‍റ് ഇടപഴകിയത് എന്നും അദ്ദേഹം എല്ലാ കാര്യങ്ങളും തന്‍റെ ഫിസിഷ്യന്‍റെ നിർദേശത്തെ തുടർന്നാണ് ചെയ്യുന്നതെന്നും കരീൻ ജീൻ പിയറി അറിയിച്ചു.
ജി20 ഉച്ചകോടിയിൽ പങ്കെടുക്കാൻ യുഎസ് പ്രസിഡന്‍റ് വ്യാഴാഴ്‌ച ഇന്ത്യയിലേക്ക് തിരിക്കുമെന്ന് യുഎസ് ദേശീയ സുരക്ഷ ഉപദേഷ്‌ടാവ് ജേക്ക് സള്ളിവൻ വൈറ്റ് ഹൗസിൽ നടത്തിയ പത്രസമ്മേളനത്തിൽ പറഞ്ഞു. കൂടാതെ വെള്ളിയാഴ്‌ച പ്രധാനമന്ത്രി മോദിയുമായുള്ള ഉഭയകക്ഷി യോഗത്തിൽ പ്രസിഡന്‍റ് ബൈഡൻ പങ്കെടുക്കുമെന്നും അദ്ദേഹം അറിയിച്ചു.
ശനി, ഞായർ ദിവസങ്ങളിൽ നടക്കുന്ന ജി20 ഉച്ചകോടിയുടെ ഔദ്യോഗിക സെഷനുകളിൽ ബൈഡൻ പങ്കെടുക്കുമെന്ന് സള്ളിവൻ പറഞ്ഞു. വലിയ കാര്യങ്ങൾ ഒരുമിച്ച് എത്തിക്കുന്നതിന് വളർന്ന് വരുന്ന മാർക്കറ്റിങ് പങ്കാളികളുമായി പ്രവർത്തിക്കാൻ ബൈഡൻ പ്രതിജ്ഞാബദ്ധനാണെന്ന് എൻഎസ്എ (NSA) വ്യക്തമാക്കി. ജി20 യോടുള്ള അമേരിക്കയുടെ പ്രതിബദ്ധതയ്ക്ക് ഒരു മാറ്റവും വന്നിട്ടില്ല. വെല്ലുവിളി നിറഞ്ഞ സമയങ്ങളിലും ലോകത്തിലെ പ്രധാന സമ്പദ്‌വ്യവസ്ഥകൾക്ക് ഒരുമിച്ച് പ്രവർത്തിക്കാൻ ന്യൂഡൽഹിയിൽ നടക്കുന്ന ജി20 ഉച്ചകോടി കൊണ്ട് സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നായി അദ്ദേഹം പറഞ്ഞു.