വാഷിങ്‌ടണ്‍: യുക്രൈനിലെ റഷ്യന്‍ അധിനിവേശം തുടരുന്നതിനിടെ, അമേരിക്കന്‍ പ്രസിഡന്‍റ് ജോ ബൈഡന്‍ കീവ് സന്ദര്‍ശിക്കില്ലെന്ന് വ്യക്തമാക്കി വൈറ്റ് ഹൗസ്. വൈറ്റ് ഹൗസ് വക്‌താവ് ജെന്‍ സാക്കിയാണ് ഇക്കാര്യം അറിയിച്ചത്. 'യുക്രൈനില്‍ പോകാന്‍ പ്രസിഡന്‍റിന് പദ്ധതിയില്ല, ഇക്കാര്യം ആവര്‍ത്തിച്ച് പറയട്ടെ' സാക്കി മാധ്യമങ്ങളോട് പറഞ്ഞു.
സുരക്ഷ വെല്ലുവിളിയുള്ളതിനാല്‍ ബൈഡന് പകരം യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്‍റണി ബ്ലിങ്കനെയോ പ്രതിരോധ സെക്രട്ടറി ലോയിദ് ഓസ്റ്റിനെയോ അയക്കാനാണ് സാധ്യത. യുക്രൈനിലേക്ക് ഉന്നത ഉദ്യോഗസ്ഥനെ അയക്കുന്നത് സംബന്ധിച്ച് ഉടന്‍ തീരുമാനമെടുക്കുമെന്ന് ബൈഡന്‍ കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് പറഞ്ഞിരുന്നു. യുക്രൈന് പിന്തുണ പ്രഖ്യാപിച്ച് യുകെ പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ ഉള്‍പ്പെടെയുള്ള ലോക നേതാക്കള്‍ കഴിഞ്ഞ ദിവസങ്ങളില്‍ യുക്രൈന്‍ സന്ദര്‍ശിച്ചിരുന്നു.
ഇതിന് പിന്നാലെയാണ് ബൈഡന്‍റെ യുക്രൈന്‍ സന്ദര്‍ശനത്തെ കുറിച്ചുള്ള അഭ്യൂഹങ്ങള്‍ ഉയര്‍ന്നത്. നേരത്തെ ബൈഡന്‍ കീവ് സന്ദർശിക്കുമെന്നാണ് കരുതുന്നതെന്ന് യുക്രൈന്‍ പ്രസിഡന്‍റ് വൊളോഡിമിര്‍ സെലന്‍സ്‌കി വ്യക്തമാക്കിയിരുന്നു. യുക്രൈനിലേക്ക് സുരക്ഷ സഹായവുമായി നാല് വിമാനങ്ങള്‍ കഴിഞ്ഞ ആഴ്‌ച അയച്ചെന്നും മറ്റൊന്ന് തിങ്കളാഴ്‌ച പുറപ്പെട്ടിട്ടുണ്ടെന്നും വൈറ്റ് ഹൗസ് വക്താവ് മാധ്യമങ്ങളോട് വ്യക്തമാക്കി.
നേരത്തെ യുക്രൈന് 800 മില്യണ്‍ യുഎസ് ഡോളറിന്‍റെ അധിക സൈനിക സഹായം അമേരിക്ക പ്രഖ്യാപിച്ചിരുന്നു. റഷ്യക്കെതിരെയുള്ള യുദ്ധത്തില്‍ യുക്രൈന് സൈനിക സഹായം നല്‍കുന്ന 30 രാജ്യങ്ങളിലൊന്നാണ് അമേരിക്ക. ബൈഡന്‍ അധികാരത്തിലേറിയതിന് ശേഷം മാത്രം 3.2 ബില്യണ്‍ യുഎസ് ഡോളറിലധികം സുരക്ഷ സഹായമാണ് അമേരിക്ക യുക്രൈന് വാഗ്‌ദാനം ചെയ്‌തത്. റഷ്യ യുക്രൈനില്‍ അധിനിവേശം ആരംഭിച്ചതിന് പിന്നാലെ ഏകദേശം 2.6 ബില്യണ്‍ യുഎസ് ഡോളര്‍ സഹായം കൈമാറിയിട്ടുണ്ടെന്ന് പ്രതിരോധ മന്ത്രാലയം വ്യക്തമാക്കിയിരുന്നു.
Also read: യുക്രൈന്‍റെ കിഴക്കൻ മേഖല പൂർണമായി പിടിച്ചെടുക്കാന്‍ റഷ്യ ; ഷെല്ലാക്രമണം ശക്തം, ദുസ്സഹം ജനജീവിതം