മെരിലാൻഡ്: യു.എസ് സ്റ്റേറ്റിലെ മെരിലാൻഡ് പ്രദേശത്തെ നിർമാണ പ്ലാന്‍റിൽ വ്യാഴാഴ്‌ചയുണ്ടായ (ജൂൺ 09) വെടിവയ്‌പ്പിൽ മൂന്ന് പേർ കൊല്ലപ്പെട്ടു. നോർത്തേൺ മെരിലാൻഡിലെ കൊളംബിയ മെഷീൻ ഫാക്‌ടറിയിൽ ഉണ്ടായ ആക്രമണത്തിൽ ഒരു പൊലീസിന് (സ്റ്റേറ്റ് ട്രൂപ്പർ) ഗുരുതരമായി പരിക്കേൽക്കുകയും ചെയ്‌തു. അതേസമയം വെടിയ്‌പ്പ് നടത്തിയതാരാണെന്ന് ഇതുവരെ തിരിച്ചറിയാൻ സാധിച്ചില്ലെന്നും യുഎസ് മാധ്യമങ്ങൾ അറിയിച്ചു.
വ്യാഴാഴ്‌ച ഉച്ചകഴിഞ്ഞ് 2.30ഓടെയായിരുന്നു സംഭവം. വെടിവയ്‌പ്പിൽ കൊല്ലപ്പെട്ടവരെയും അക്രമികളെയും കുറിച്ചുള്ള വിശദാംശങ്ങൾ വൈകാതെ ലഭ്യമാകുെമന്നും നിലവിൽ വെടിവയ്‌പ്പ് നടന്ന മേഖലയിലെ സ്ഥിതിഗതികൾ സജീവമായി നിരീക്ഷിച്ചുവരികയാണെന്നും വാഷിങ്‌ടൺ കൗണ്ടി ഷെരീഫ് ഓഫീസ് ഫേസ്‌ബുക്കിലൂടെ അറിയിച്ചു.
ALSO READ: നിരന്തര വെടിവയ്‌പ്പ്, ആയുധം വാങ്ങാനുള്ള പ്രായം ഉയര്‍ത്താന്‍ അമേരിക്ക ; 21 ആക്കേണ്ടതുണ്ടെന്ന് ബൈഡന്‍
ഈ മേഖലയിൽ താമസിക്കുന്നവർ നിയമപാലകർ പറയുന്നതുവരെ താൽകാലികമായി മറ്റെവിടേക്കെങ്കിലും മാറിനിൽക്കണമെന്നും അധികൃതർ അറിയിച്ചു. അക്രമി സമൂഹത്തിന് ഭീഷണിയല്ലെന്നും സംഭവത്തിൽ കൂടുതൽ വിശദാംശങ്ങൾ ഉടൻ ലഭ്യമാകുമെന്നും അധികൃതർ കൂട്ടിച്ചേർത്തു.
ഭീതിയൊഴിയാതെ അമേരിക്ക: ന്യൂയോർക്ക്, ടെക്‌സാസ്, ഒക്ലഹോമ എന്നിവിടങ്ങളിൽ കഴിഞ്ഞ ഏതാനും ആഴ്‌ചകളിലായി തുടരെ നടക്കുന്ന വെടിവയ്‌പ്പുകൾ അമേരിക്കൻ ജനങ്ങളിലാകെ ആശങ്ക ഉയർത്തുകയാണ്. ഈ വർഷം മാത്രം രാജ്യത്ത് 110ഓളം വെടിവയ്‌പ്പുകൾ നടന്നിട്ടുള്ളതായും, ആക്രമണങ്ങളിൽ ഇതുവരെ 17,000ത്തിലധികം പേർ കൊല്ലപ്പെടുകയോ പരിക്കേൽക്കുകയോ ചെയ്‌തിട്ടുള്ളതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
കഴിഞ്ഞ കുറച്ച് വർഷങ്ങളായി അമേരിക്കയിലുടനീളം വെടിവയ്‌പ്പ് സംഭവങ്ങൾ വർധിച്ചുവരുന്ന സാഹചര്യമാണ്. കൊവിഡ് മൂലമുണ്ടായ സാമ്പത്തികവും സാമൂഹികവുമായ പ്രതിസന്ധികൾ മുതൽ 2020ൽ നടന്ന തെരഞ്ഞെടുപ്പിലെ അശാന്തി വരെ ഇത്തരം പ്രവണതകളുടെ വർധനവിന് കാരണങ്ങളായി അധികാരികൾ ചൂണ്ടിക്കാണിക്കുന്നു.