വാഷിങ്‌ടണ്‍: യുഎസ് ജനപ്രതിനിധി സഭ സ്‌പീക്കര്‍ നാന്‍സി പെലോസിയുടെ ഏഷ്യ സന്ദര്‍ശനം യുഎസ് ചൈന സംഘര്‍ഷത്തിലേക്ക് കലാശിക്കുമോ എന്ന ആശങ്കയിലാണ് ലോക രാജ്യങ്ങള്‍. സന്ദര്‍ശനത്തില്‍ തായ്‌വാന്‍ ഉള്‍പ്പെടുകയാണെങ്കില്‍ അത്തരമൊരു സാധ്യതയാണ് സംജാതമാകുക. നാന്‍സി പെലോസി തായ്‌വാന്‍ സന്ദര്‍ശിക്കുകയാണെങ്കില്‍ അതിന്‍റെ പ്രത്യാഘാതം യുഎസ് നേരിടേണ്ടി വരുമെന്ന് ചൈനീസ് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
നാന്‍സി പെലോസിയുടെ സന്ദര്‍ശനം തായ്‌വാനില്‍ വിഘടനവാദം പ്രോത്സാപ്പിക്കുമെന്നും യുഎസ് അംഗീകരിച്ച ഒരു ചൈന നയത്തിന്‍റെ(one china policy) ലംഘനമാകും സന്ദര്‍ശനം എന്നുമാണ് ചൈനയുടെ വാദം. ഈ വര്‍ഷം ആദ്യമാണ് തായ്‌വാന്‍ സന്ദര്‍ശിക്കുമെന്ന് നാന്‍സി പെലോസി പ്രഖ്യാപിക്കുന്നത്. എന്നാല്‍ ഇപ്പോള്‍ പ്രഖ്യാപിച്ച യാത്ര വിവരത്തില്‍ സിംഗപ്പൂര്‍, മലേഷ്യ, ദക്ഷിണ കൊറിയ, ജപ്പാന്‍ എന്നീ രാജ്യങ്ങള്‍ സന്ദര്‍ശിക്കുമെന്നാണ് വ്യക്‌തമാക്കിയിരിക്കുന്നത്
എന്നാല്‍ ഈ സന്ദര്‍ശനത്തില്‍ തായ്‌വാന്‍ ഉള്‍പ്പെടുമെന്നാണ് ബൈഡന്‍ ഭരണകൂടത്തിലെ ഉന്നത വൃത്തങ്ങളെ ഉദ്ദരിച്ച് അമേരിക്കന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. സുരക്ഷ കാരണങ്ങളാണ് തായ്‌വാന്‍ സന്ദര്‍ശനം സംബന്ധിച്ച വിവരങ്ങള്‍ വെളിപ്പെടുത്താതിരിക്കുന്നത് എന്നാണ് വിലയിരുത്തപ്പെടുന്നത്. നാന്‍സിപെലോസി തായ്‌വാന്‍ സന്ദര്‍ശിക്കുകയാണെങ്കില്‍ ചൈനയുടെ ഭാഗത്ത് നിന്ന് എന്ത് പ്രതികരണമാണ് ഉണ്ടാകുക എന്നതാണ് രാജ്യാന്തര നയതന്ത്ര ലോകം ഉറ്റ് നോക്കുന്നത്.
ഒരു ചൈന നയം പാലിക്കണമെന്ന് ചൈന: കഴിഞ്ഞ ജൂലൈ 28ന് അമേരിക്കന്‍ പ്രസിഡന്‍റ് ജോ ബൈഡനും ചൈനീസ് പ്രസിഡന്‍റ് ഷീ ജിന്‍ പിങ്ങും ഫോണ്‍ സംഭാഷണം നടത്തിയിരുന്നു. യുഎസിന്‍റെ തായ്‌വാന്‍ വിഷയത്തിലെ ഇടപെടല്‍ തീ കൊണ്ടുള്ള കളിയായിരിക്കും എന്നാണ് ഷീ ജിന്‍പിങ് ബൈഡനോട് വ്യക്കമാക്കിയത്. തായ്‌വാന്‍ കടലിടുക്കിന്‍റെ രണ്ട് ഭാഗവും ഒരു ചൈനയുടെ ഭാഗമാണ്. വിദേശ ശക്‌തി തായ്‌വാന്‍ വിഷയത്തില്‍ ഇടപെടുന്നതിനെ ശക്‌തമായി എതിര്‍ക്കുന്നു എന്നും ടെലിഫോണ്‍ സംഭാഷണത്തില്‍ ഷീ ജിന്‍പിങ് വ്യക്തമാക്കി.
തങ്ങളുടെ ഒരു ചൈന നയത്തില്‍ മാറ്റമില്ലെന്ന് ബൈഡന്‍ ടെലിഫോണ്‍ സംഭാഷണത്തില്‍ വ്യക്തമാക്കിയിരുന്നു. അതേസമയം ഇരുപക്ഷവും തല്‍സ്ഥിതി മാറ്റം വരുത്താന്‍ പാടില്ലെന്നും ബൈഡന്‍ പറഞ്ഞു. നാന്‍സി പെലോസിയുടെ സന്ദര്‍ശനം ഈ ഘട്ടത്തില്‍ ഗുണകരമല്ല എന്ന വാദമാണ് ജോ ബൈഡന്‍ സര്‍ക്കാറിനുള്ളത്.
എന്നാല്‍ നിയമനിര്‍മാണസഭയെ പ്രതിനിധീകരിക്കുന്ന സ്‌പീക്കര്‍ ഏതൊക്കെ രാജ്യങ്ങള്‍ സന്ദര്‍ശിക്കണമെന്ന് എക്‌സിക്യുട്ടീവിന്‍റെ തലവനായ പ്രസിഡന്‍റിന് നിശ്ചയിക്കാന്‍ സാധിക്കില്ലെന്നാണ് ബൈഡന്‍ ഭരണകൂടം വ്യക്തമാക്കിയത്. എന്നാല്‍ ഇത് ചൈനീസ് അധികൃതര്‍ മുഖവിലയ്‌ക്ക് എടുക്കുന്നില്ല. പ്രത്യേകിച്ച് സ്‌പീക്കറും പ്രസിഡന്‍റും ഒരേ രാഷ്‌ട്രീയ പാര്‍ട്ടിയില്‍ നിന്നായ സാഹചര്യത്തില്‍
യുഎസ് - ചൈന സൈനിക സംഘര്‍ഷത്തിന് സാധ്യത: നാന്‍സിപെലോസിയുടെ സന്ദര്‍ശനം നടക്കുകയാണെങ്കില്‍ ചൈന എങ്ങനെ പ്രതികരിക്കുമെന്നതില്‍ അനിശ്ചിതത്വം തുടരുകയാണ്. തായ്‌വാന്‍ കടലിടുക്കില്‍ സൈനിക ഡ്രില്‍ നടത്തുക, വ്യോമപാത അടയ്‌ക്കുക, തായ്‌വാന്‍റെ തുറമുഖങ്ങള്‍ താല്‍ക്കാലികമായി വളയുക തുടങ്ങിയ നടപടികള്‍ ചൈനയുടെ ഭാഗത്ത് നിന്ന് ഉണ്ടായേക്കാം. ഇത് ചൈനയും യുഎസും തമ്മില്‍ നേരിട്ടുള്ള സൈനിക ഏറ്റുമുട്ടലിലേക്ക് വരെ നയിച്ചേക്കാമെന്ന ആശങ്കയാണ് ലോകരാജ്യങ്ങള്‍ക്ക് ഉള്ളത്. രണ്ട് ആഗോള ശക്തികള്‍ ഏറ്റുമുട്ടുമ്പോള്‍ ലോകവ്യാപകമായി കനത്ത ആഘാതമാണ് അത് സൃഷ്‌ടിക്കുക.
തായ്‌വാനെ ചൈനയോട് പുനരേകീകരിക്കുക ലക്ഷ്യം: കെഎംടി പാര്‍ട്ടിയുടെ ചിയാങ് കൈഷക് മാവോസേതൂങ്ങിന്‍റെ നേതൃത്വത്തിലുള്ള കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയോട് ആഭ്യന്തര യുദ്ധത്തില്‍ പരാജയപ്പെട്ടതിന് ശേഷം 1949ല്‍ തായ്‌വാനിലേക്ക് പാലായനം ചെയ്യുകയായിരുന്നു. അന്ന് മുതല്‍ തായ്‌വാനില്‍ സ്വയംഭരണം നിലനില്‍ക്കുകയാണ്. തായ്‌വാനെ ചൈനയോട് പുനരേകീകരിക്കുക എന്നതാണ് ചൈനീസ് സര്‍ക്കാറിന്‍റെ പ്രഖ്യാപിത ലക്ഷ്യം. ഇതിന് വേണ്ടി വന്നാല്‍ സൈനിക നടപടിയും സ്വീകരിക്കുമെന്ന് തായ്‌വാന്‍ വിഷയത്തില്‍ ചൈനീസ് സര്‍ക്കാര്‍ ഇറക്കിയ ധവളപത്രത്തില്‍ വ്യക്തമാക്കുന്നു.
1972ലെ റിച്ചാര്‍ഡ് നിക്‌സന്‍റെ ചൈന സന്ദര്‍ശനത്തിന് ശേഷം അമേരിക്ക ഒരു ചൈന നയമാണ് സ്വീകരിച്ച് വരുന്നത്. തായ്‌വാനുമായി നയതന്ത്ര ബന്ധം അമേരിക്ക വച്ച് പുലര്‍ത്തുന്നില്ല. ഇന്ത്യ അടക്കമുള്ള പല രാജ്യങ്ങളും ഈ നയമാണ് സ്വീകരിക്കുന്നത്.
തന്ത്രപരമായ അവ്യക്തത പിന്തുടര്‍ന്ന് യുഎസ്: യുഎസ് കോണ്‍ഗ്രസിന്‍റെ 1979ലെ തായ്‌വാന്‍ റിലേഷന്‍സ് ആക്‌ടില്‍ തായ്‌വാന് സ്വയം പ്രതിരോധിക്കാനുള്ള സഹായം നല്‍കുമെന്ന് യുഎസ് വ്യക്തമാക്കുന്നു. തായ്‌വാനില്‍ ചൈന സൈനിക നടപടി സ്വീകരിച്ചാല്‍ എങ്ങനെ തായ്‌വാനെ സഹായിക്കും എന്നതില്‍ തന്ത്രപരമായ അവ്യക്തതയാണ് യുഎസ് പിന്തുടരുന്നത്. തായ്‌വാനെ സഹായിക്കാനായി യുഎസ് നേരിട്ട് സൈനികമായി ഇടപെടുമോ അതോ തായ്‌വാന് ആയുധങ്ങള്‍ നല്‍കുന്നതില്‍ ഒതുങ്ങുമോ എന്നതില്‍ യുഎസ് പരസ്യമായ പ്രഖ്യാപനം നടത്തിയിട്ടില്ല.
ഡെമോക്രാറ്റിക് പ്രോഗ്രസീവ് പാര്‍ട്ടിയുടെ സായി ഇങ്‌വിന്‍ തായ്‌വാനില്‍ 2016ല്‍ പ്രസിഡന്‍റ് സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടതോടെയാണ് ചൈനയും തായ്‌വാനും തമ്മിലുള്ള ബന്ധം വഷളാകുന്നത്. ചൈനയുമായുള്ള പുനരേകീകരണത്തെ സായി ഇങ്‌വിന്‍ ശക്തമായി എതിര്‍ക്കുന്നു. ചൈനയുമായുള്ള പുനരേകീകരണം ഏത് വിധത്തിലും തടയുമെന്നാണ് സായി ഇങ്‌വിന്‍ പ്രഖ്യാപിച്ചത്. എന്നാല്‍ സ്വതന്ത്ര രാജ്യമെന്ന ആശയമല്ല താന്‍ പിന്തുടരുതെന്നും അവര്‍ പ്രഖ്യാപിക്കുന്നു. തല്‍സ്ഥിതി തുടരണമെന്നാണ് സായി ഇങ്‌വിന്‍റെ നിലപാട്.