ഹൈദരാബാദ്: ലോക രാജ്യങ്ങൾക്കിടയിൽ സമാധാനം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഐക്യരാഷ്‌ട്ര സഭ രൂപംകൊണ്ടത്. ഒരുപാട് വർഷങ്ങൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് 1945 ഒക്‌ടോബർ 24-ന് മികച്ച സംഘടന സംവിധാനമുള്ള യുണൈറ്റഡ് നാഷൻസ് സ്ഥാപിതമായത്. 1947 ഒക്‌ടോബർ 31-ന് യുഎൻ ജനറൽ അസംബ്ലി യുഎന്നിന്റെ ലക്ഷ്യങ്ങളെയും നേട്ടങ്ങളെയും കുറിച്ച് അവബോധം വളർത്തുന്നതിനും അതിന്‍റെ സുപ്രധാന പ്രവർത്തനങ്ങൾക്ക് പിന്തുണ നേടുന്നതിനുമായി ഈ ദിനം മാറ്റവയ്‌ക്കണമെന്ന പ്രമേയം പാസാക്കി. ഇതോടെ 1948 മുതൽ ഒക്‌ടോബർ 24-ന് ഐക്യരാഷ്‌ട്ര സഭ ദിനം ആചരിക്കാൻ തുടങ്ങി.
ലോക രാജ്യങ്ങൾക്കിടയിലെ സമാധാന അന്തരീക്ഷം തകിടം മറിയുന്ന സാഹചര്യങ്ങളിൽ ഒരു പരിധി വരെ അത്തരം പ്രശ്‌നങ്ങൾക്ക് പരിഹാരം കാണാനും ജനജീവിതം മെച്ചപ്പെടുത്താനും ഐക്യരാഷ്‌ട്ര സഭയ്‌ക്ക് സാധിച്ചിട്ടുണ്ട്. യുദ്ധങ്ങളിൽ നിന്ന് മാനവരാശിയെ സംരക്ഷിയ്‌ക്കുക, സ്‌ത്രീയ്‌ക്കും പുരുഷനും തുല്യ അവകാശം ഉറപ്പാക്കുക. സാമൂഹിക പുരോഗതിയും ജീവിത നിലവാരവും മെച്ചപ്പെടുത്തുന്നതിനായി പ്രവർത്തിക്കുക, രാജ്യന്തര നയങ്ങൾ സംരക്ഷിക്കുക എന്നിവയായിരുന്നു സംഘടനയുടെ സ്ഥാപിത ലക്ഷ്യങ്ങൾ. മുൻ പോർച്ചുഗീസ് പ്രധാനമന്ത്രിയും നയതന്ത്രജ്ഞനുമായ അന്‍റോണിയോ ഗുട്ടറസാണ് നിലവിലെ യുഎൻ സെക്രട്ടറി ജനറൽ.
ഈ വർഷത്തെ പ്രമേയം (UN Day 2023 theme): എല്ലാവർക്കും തുല്ല്യത, സ്വാതന്ത്ര്യം, നീതി എന്ന പ്രമേയത്തിലുള്ള ആഗോള മനുഷ്യാവകാശ സംഘടനയുടെ (Universal Declaration of Human Rights) 75-ാം വാർഷികത്തിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. 1948 ഡിസംബർ പത്തിനാണ് ഈ സംഘടന സ്ഥാപിതമായത്.
ഐക്യരാഷ്‌ട്ര സഭയുടെ ചരിത്രം (History of United Nations): രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം മറ്റൊരു യുദ്ധം മാനവരാശിയുടെ നിലനിൽപിന് ആപത്താണ്. അതുകൊണ്ട് ഇനിയൊരു യുദ്ധം വേണ്ട എന്ന ലക്ഷ്യത്തോടെയാണ് 1945-ൽ ഐക്യരാഷ്‌ട്ര സഭ സ്ഥാപിതമായത്. നിരവധിയാളുകളുടെ ജീവൻ നഷ്‌ടമാകുന്നതിലേക്കും അനേകം രാജ്യങ്ങളെ സാമ്പത്തകമായി തകർക്കുന്നതിനുമാണ് ഈ യുദ്ധം സാക്ഷ്യം വഹിച്ചത്. ഇത്തരത്തിലൊരു സാഹചര്യം ഇല്ലാതിരിക്കാൻ 1945 ഒക്‌ടോബർ 24-ന് സാൻഫ്രാൻസിസ്‌കോയിൽ നടന്ന യോഗത്തിൽ 50 രാജ്യങ്ങളുടെ പിന്തുണയോടെ ഐക്യരാഷ്‌ട്ര സംഘടന രൂപംകൊണ്ടു. ലോക രാഷ്‌ട്രങ്ങൾ തമ്മിലുള്ള നയതന്ത്ര ബന്ധങ്ങൾക്കിടയിലുള്ള മധ്യസ്ഥരായി പ്രവർത്തിക്കുന്ന യുഎൻ അന്തർദേശീയ സഹകരണം വളർത്തുന്നതിൽ നിർണായക പങ്കാണ് വഹിക്കുന്നത്.
യു.എസ്, യു.കെ സോവിയറ്റ് യൂണിയൻ, ചൈന എന്നീ നാല് പ്രധാന സഖ്യരാജ്യങ്ങളെ പരാമർശിച്ചുകൊണ്ട് അമേരിക്കൻ പ്രസിഡന്‍റ് ഫ്രാങ്ക്‌ലിൻ ഡി റൂസ്‌വെൽറ്റിന്‍റെ നാല് ശക്തികൾ (Four powers) എന്ന ആശയം ഐക്യരാഷ്ട്രസഭയുടെ പ്രഖ്യാപനത്തിൽ ഉയർന്നുവന്നിരുന്നു. 1941 ആഗസ്റ്റിൽ ബ്രിട്ടീഷ് പ്രധാനമന്ത്രി വിൻസ്റ്റൺ ചർച്ചിലും അമേരിക്കൻ പ്രസിഡന്‍ര് ഫ്രാങ്ക്‌ലിൻ ഡി റൂസ്‌വെൽറ്റും ഒപ്പിട്ട അറ്റ്‌ലാന്റിക് ചാർട്ടറിൽ ആഗോള തർക്കങ്ങൾ പരിഹരിക്കാൻ ഒരു പുതിയ സമിതി രൂപീകരിക്കും എന്ന സഖ്യരാഷ്‌ട്രങ്ങളുടെ തീരുമാനത്തെ തുടർന്നായിരുന്നു സംഘടനയുടെ പിറവി.
സുപ്രധാന നേട്ടങ്ങൾ: ഏഴ് പതിറ്റാണ്ടിലേറെ നീണ്ട കാലയളവിൽ, അന്താരാഷ്‌ട്ര സംഘർഷങ്ങൾ പരിഹരിക്കുന്നതിലും നിരായുധീകരണം പ്രോത്സാഹിപ്പിക്കുന്നതിലും സഭ നിർണായക പങ്കുവഹിച്ചു. സൂയസ് കനാൽ പ്രതിസന്ധി, കൊറിയൻ യുദ്ധം, വിയറ്റ്നാം യുദ്ധം തുടങ്ങിയ സംഘർഷങ്ങളിലും സുപ്രധാന ഇടപെടലുകൾ നടത്തി. ആണവ പരീക്ഷണ നിരോധന ഉടമ്പടികളിൽ ഒപ്പുവെക്കുന്നതിലും പരിസ്ഥിതിയെക്കുറിച്ചുള്ള സുപ്രധാന സമ്മേളനങ്ങൾ സംഘടിപ്പിക്കുന്നതിനും നേതൃത്വം നൽകി. ഓസോൺ പാളി സംരക്ഷിക്കുന്നതിനുള്ള മോൺട്രിയൽ പ്രോട്ടോക്കോൾ പോലുള്ള പാരിസ്ഥിതിക ശ്രമങ്ങളിൽ നിർണായക പങ്കുവഹിച്ചു.
യുണൈറ്റഡ് നേഷൻസ് ഘടന (United Nations structure): ജനറൽ അസംബ്ലി, സുരക്ഷ കൗൺസിൽ, കൗൺസിൽ ഓഫ് ഇക്കണോമിക് ആൻഡ് സോഷ്യൽ അഫയേഴ്‌സ് ആൻഡ് സോഷ്യൽ അഫയേഴ്‌സ്, ബോർഡ് ഓഫ് ട്രസ്റ്റിഷിപ്പ്, കോടതി, യുഎൻ സെക്രട്ടേറിയറ്റ് എന്നിവ ഉൾപ്പെടുന്നതാണ് ഐക്യരാഷ്‌ട്രസഭയുടെ ഘടന. അതോടൊപ്പം തന്നെ നിരവധി സംഘടനകളും സഭയുടെ പ്രവർത്തനത്തിൽ സഹായിക്കുന്നുണ്ട്. വേൾഡ് ബാങ്ക്, ലോകാരോഗ്യ സംഘടന (WHO), യുനെസ്കോ (UNESCO), യുനിസെഫ് (UNICEF), വേൾഡ് ഫുഡ് പ്രോഗ്രാം (WFP) എന്നിവ ഉൾപ്പെടുന്നു.
അംഗരാജ്യങ്ങൾ: ലോകത്തെ 193 രാജ്യങ്ങളാണ് ഇതുവരെ ഐക്യരാഷ്‌ട്ര സഭയിൽ അംഗത്വം നേടിയത്. ഇതിൽ യുണൈറ്റഡ് സ്റ്റേറ്റ്സ്, യുകെ, ഫ്രാൻസ്, സോവിയറ്റ് യൂണിയൻ, ചൈന എന്നിവരാണ് രക്ഷാസമിതിയിലെ സ്ഥിരാംഗങ്ങൾ. ഐക്യരാഷ്‌ട്ര സഭയിൽ അംഗമായ 29-ാം രാജ്യമാണ് ഇന്ത്യ. സംഘടനയ്‌ക്ക് രൂപം നൽകിയ സമയത്തെ 50 രാജ്യങ്ങളിൽ ഇന്ത്യയും ഉൾപ്പെട്ടിരുന്നു.
യുഎൻ പതാക: സമാധാനത്തിന്‍റെ പ്രതീകമായാണ് ഒലിവ് ചില്ലകൾ കണക്കാക്കുന്നത്. അതുകൊണ്ട് തന്നെ ലോക സമാധനത്തിനായി പ്രവർത്തിക്കുന്ന യുഎൻ പതാകയിൽ ഒലിവ് ചില്ലകൾ ആലേഖനം ചെയ്‌തിട്ടുണ്ട്. രണ്ട് ഒലിവ് ചില്ലകൾക്കിടയിൽ അന്റാർട്ടിക്ക ഒഴികെയുള്ള ലോകഭൂപടമാണ് ഐക്യരാഷ്‌ട്ര സഭയുടെ ചിഹ്നം. വെള്ള നിറത്തിലുള്ള പശ്ചാത്തലത്തിൽ ഇളംനീല നിറത്തിലാണ് ഈ ചിഹ്നം പതാകയിൽ ആലേഖനം ചെയ്‌തിട്ടുള്ളത്. 1946 ഡിസംബർ ഏഴിനാണ് പതാക അംഗീകരിച്ചത്.