ന്യൂഡല്‍ഹി: യുക്രൈന്‍ 'ഡേര്‍ട്ടി' ബോംബ് ഉപയോഗിക്കാന്‍ തയ്യാറെടുക്കുകയാണെന്ന് ഇന്ത്യയോട് റഷ്യ. റഷ്യന്‍ പ്രതിരോധ മന്ത്രി സെര്‍ജി ഷൊയിഗു ഇന്ത്യന്‍ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങിനെ ഫോണിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. അമേരിക്കയടക്കമുള്ള പാശ്ചാത്യ രാജ്യങ്ങളോടും ചൈനയോടും ഇക്കാര്യം റഷ്യ വ്യക്തമാക്കിയതാണ്.
ഐക്യരാഷ്‌ട്രസഭയിലും റഷ്യ ഇക്കാര്യം ഉന്നയിച്ചിട്ടുണ്ട്. 'ഡേര്‍ട്ടി' ബോംബ് ആറ്റം ബോംബല്ലെങ്കിലും റേഡിയോ വികിരണം ഇതിന്‍റെ ഫലമായി ഉണ്ടാകും. റേഡിയോവികിരണ പദാര്‍ഥങ്ങള്‍ ചേര്‍ത്ത സാധാരണ ബോംബിനെയാണ് ഡേര്‍ട്ടി ബോംബ് എന്ന് വിളിക്കുന്നത്.
യുക്രൈന്‍ ഡേര്‍ട്ടി ബോംബ് ഉപയോഗിക്കാന്‍ തയ്യാറെടുക്കുകയാണെന്ന റഷ്യയുടെ വാദം അമേരിക്കയും മറ്റ് പാശ്ചാത്യ രാജ്യങ്ങളും തള്ളിക്കളയുകയാണ് ചെയ്‌തത്. യുക്രൈനില്‍ കൂടുതല്‍ ശക്തമായ ആക്രമണം നടത്താന്‍ വേണ്ടിയുള്ള ന്യായീകരണത്തിനായി പടച്ചുണ്ടാക്കിയ കള്ളമാണ് ഇതെന്നാണ് പാശ്ചാത്യ രാജ്യങ്ങള്‍ പറയുന്നത്.
ഡേര്‍ട്ടി ബോംബ് റഷ്യ തന്നെ പ്രയോഗിക്കുകയും അത് യുക്രൈനിന്‍റെ തലയിലിടാനുള്ള പദ്ധതി റഷ്യ തയ്യാറാക്കുകയാണ് എന്നാണ് യുക്രൈന്‍ ആരോപിക്കുന്നത്. യുക്രൈനില്‍ ടാക്‌റ്റിക്കല്‍ ആണവായുധം പ്രയോഗിക്കുന്നതിന് വേണ്ടി റഷ്യ പടച്ചുണ്ടാക്കുന്നതാണ് ഇത്തരമൊരു ആരോപണം എന്നുള്ള വാദവും നാറ്റോ ഉയര്‍ത്തുന്നുണ്ട്.