ദുബൈ: യു.എ.ഇ പ്രസിഡന്‍റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്‌യാൻ അന്തരിച്ചു. യു.എ.ഇയുടെ രണ്ടാമത്തെ പ്രസിഡന്‍റാണ്. എമിറൈറ്റ്‌സ് ഓഫ് അബുദബിയുടെ 16-മത്തെ ഭരണാധികാരികൂടിയാണ്. യു.എ.ഇയെ വികസനക്കുതിപ്പിലേക്ക് നയിച്ച ഭരണാധികാരിയാണ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്‌യാൻ.
രാഷ്ട്ര പിതാവും പ്രഥമ യു.എ.ഇ പ്രസിഡന്‍റുമായിരുന്ന ശൈഖ് സായിദ് ബിൻ സുൽത്താൻ ആൽ നഹ്‌യാന്‍റെ മരണത്തെ തുടർന്നാണ് ശൈഖ് ഖലീഫ ബിൻ സായിദ് ആൽ നഹ്‌യാൻ യുണൈറ്റഡ് അറബ് എമിറേറ്റ്‌സിന്റെ രണ്ടാമത്തെ പ്രസിഡന്‍റായി 2004ല്‍ തെരഞ്ഞെടുക്കപ്പെട്ടത്. യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് സായുധ സേനയുടെ പരമോന്നത കമാൻഡറും സൂപ്രീം പെട്രോളിയം കൗൺസിലിന്‍റെ ചെയർമാനുമാണ്.
യുഎഇയെ ആഗോളതലത്തിൽ നിർണായ സ്ഥാനം നേടിക്കൊടുക്കുന്നതിൽ മുഖ്യപങ്കുവഹിച്ച ഭരണാധികാരിയാണ് ശൈഖ് സായിദ് ബിൻ നഹ്‌യാൻ. ഏതാനും മാസങ്ങളായി ആരോഗ്യപരമായ കാരണങ്ങളാൽ പൊതുവേദികളിൽനിന്ന് വിട്ടുനിൽക്കുകയായിരുന്നു.
വിയോഗത്തില്‍ പ്രസിഡൻഷ്യല്‍ അഫേഴ്സ് മന്ത്രാലയം ദുഃഖം രേഖപ്പെടുത്തി. അറബ് - ഇസ്‌ലാമിക് രാഷ്ട്രങ്ങളും അനുശോചനം അറിയിച്ചു. പ്രസിഡന്‍റിന്‍റെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തി രജ്യത്ത് 40 ദിവസത്തെ ദുഃഖാചരണം ഏര്‍പ്പെടുത്തി.