സാൻഫ്രാൻസിസ്കോ: ടെസ്‌ല സിഇഒ ഇലോൺ മസ്‌ക് ട്വിറ്റര്‍ ഏറ്റെടുത്തതോടെ ട്രോളിന്‍റെ പൂരമാണ് സോഷ്യല്‍ മീഡിയയില്‍. ട്വിറ്റര്‍ ജീവനക്കാരെ മസ്‌ക് പിരിച്ചുവിടുന്നുവെന്ന വാര്‍ത്തകള്‍ പുറത്തുവന്നതോടെയാണ് ട്രോളന്മാരുടെ 'ആക്രമണം'. ട്വിറ്റര്‍ അടക്കമുള്ള സാമൂഹ്യ മാധ്യമങ്ങള്‍ക്ക് പുറമെ പൊതുനിരത്തില്‍ പ്രാങ്കുമായി യുവാക്കള്‍ എത്തിയതും ശ്രദ്ധേയമായിട്ടുണ്ട്.
ഇലോണ്‍ മസ്‌ക് ഉടമയായ ശേഷം തങ്ങളെ പിരിച്ചുവിട്ടെന്ന് ആരോപിച്ചാണ് പ്രാങ്കുമായി ഇവരെത്തിയത്. കാര്‍ബോര്‍ഡ് പെട്ടികളുമായി വന്ന യുവാക്കള്‍ സാൻഫ്രാൻസിസ്കോയിലെ ട്വിറ്റര്‍ ഓഫിസിന്‍റെ മുന്‍പില്‍ നിന്ന് മാധ്യമങ്ങള്‍ക്ക് മുന്‍പാകെയാണ് തങ്ങളുടെ പ്രാങ്ക് അവതരിപ്പിച്ചത്. തങ്ങളെ പിരിച്ചുവിട്ടെന്ന് ഇവര്‍ ദുഃഖത്തോടെ മാധ്യമങ്ങളോട് പറയുന്ന ചിത്രങ്ങളും വീഡിയോകളുമാണ് വെള്ളിയാഴ്‌ച (ഒക്‌ടോബര്‍ 28) പുറത്തുവന്നത്.
ജീവനക്കാര്‍ക്കെതിരായ നടപടികള്‍ ഒഴിവാക്കണമെന്നും ആവിഷ്‌കാര സ്വാതന്ത്ര്യത്തിന് ട്വിറ്റര്‍ വില കല്‍പ്പിക്കണമെന്നും ഇവര്‍ മാധ്യമങ്ങളോട് പറഞ്ഞു. ലിഗ്‌മ ജോണ്‍സന് കഷ്‌ടകാലം വന്നു എന്ന സമാന അര്‍ഥം വരുന്ന 'ലിഗ്‌മ ജോണ്‍സന്‍ ഹാഡ് ഇറ്റ് കമിങ്' എന്ന അടിക്കുറിപ്പോടെയാണ് ചിത്രങ്ങളും വീഡിയോകളും പ്രചരിക്കുന്നത്. ഈ പ്രാങ്ക് ഫോട്ടോ ഇലോണ്‍ മസ്‌കും ഇതേ അടിക്കുറിപ്പോടെ ട്വിറ്ററില്‍ പങ്കുവച്ചിട്ടുണ്ട്.