വാഷിങ്‌ടൺ : ടെസ്‌ല, സ്‌പേസ്എക്‌സ് കമ്പനികളുടെ മേധാവിയും ശതകോടീശ്വരനുമായ ഇലോണ്‍ മസ്‌കും ട്വിറ്ററും തമ്മിലുള്ള നിയമപോരാട്ടം മുറുകുന്നു. പ്രമുഖ മൈക്രോ ബ്ലോഗിങ് പ്ലാറ്റ്‌ഫോമായ ട്വിറ്റർ വാങ്ങുന്നതിൽ നിന്ന് പിന്മാറിയതിന് മസ്‌കിനെതിരെ ട്വിറ്റർ നൽകിയ കേസിലെ വിചാരണ ഒക്‌ടോബറിൽ നടക്കും.
കേസ് അടുത്ത വർഷത്തേക്ക് മാറ്റണമെന്നായിരുന്നു മസ്‌കിന്‍റെ ആവശ്യം. എന്നാൽ ഒക്‌ടോബറിൽ തന്നെ വിചാരണ തുടങ്ങാമെന്ന് കോടതി വ്യക്തമാക്കുകയായിരുന്നു. ഇരു വിഭാഗത്തിന്റെയും അഭിഭാഷകർ തമ്മിൽ, കേസിന്‍റെ വിചാരണ ആരംഭിക്കുന്നത് സംബന്ധിച്ച് കടുത്ത വാദമാണ് നടന്നത്.
ഈ വര്‍ഷം ഏപ്രിലിലാണ് 44 ബില്യണ്‍ യുഎസ് ഡോളറിന് ട്വിറ്റര്‍ ഏറ്റെടുക്കുമെന്ന് മസ്‌ക് പ്രഖ്യാപിച്ചത്. പ്രതിദിനം ഒരു ദശലക്ഷം സ്‌പാം അക്കൗണ്ടുകൾ തടയുന്നുണ്ടെന്ന് ട്വിറ്റർ അവകാശപ്പെട്ടിരുന്നു. ഇതിന്‍റെ വ്യക്തമായ കണക്കുകൾ മസ്‌ക് കമ്പനിയോട് ആവശ്യപ്പെട്ടതോടെയാണ് പ്രശ്‌നങ്ങൾ തുടങ്ങിയത്.
വ്യാജ അക്കൗണ്ടുകള്‍ സംബന്ധിച്ച് വിവരങ്ങള്‍ നല്‍കുന്നതില്‍ ട്വിറ്റര്‍ പരാജയപ്പെട്ടതിനാല്‍ കരാറില്‍ നിന്നും പിന്മാറുകയാണെന്ന് മസ്‌ക് അറിയിക്കുകയായിരുന്നു.ഇതോടെ ട്വിറ്ററും മസ്‌കും തമ്മിലുള്ള നിയമയുദ്ധം തുടങ്ങി.എത്രയും വേഗം കേസിലെ വിചാരണ ആരംഭിക്കണമെന്നായിരുന്നു ട്വിറ്ററിന്‍റെ ആവശ്യം. എന്നാൽ,നീട്ടണമെന്ന് മസ്‌ക് നിലപാടെടുത്തു.എന്നാല്‍ കോടതി ഇത് തള്ളുകയായിരുന്നു.