ഇസ്ലാമാബാദ് (പാകിസ്ഥാന്‍) : തോഷഖാന കേസില്‍ പാകിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രിയും തെഹരീക് -ഇ -ഇന്‍സഫ് ചെയര്‍മാനുമായ ഇമ്രാന്‍ഖാനും ഭാര്യ ബുഷ്റ ബീബിയും കുറ്റക്കാരാണെന്ന് ഇസ്ലാമാബാദ് കോടതി. അദിയാല കോടതിയില്‍ നടന്ന വാദം കേള്‍ക്കാന്‍ ഇമ്രാനും ഭാര്യയും പിടിഐ അഭിഭാഷകരായ ഷൊയ്ബ് ഷഹീനും ഉമര്‍ നിയാസിയും കോടതിയില്‍ ഹാജരായിരുന്നു. എന്‍എബി (നാഷണല്‍ അക്കൗണ്ടബിലിറ്റി ബ്യൂറോ) പ്രൊസിക്യൂട്ടര്‍മാരായ സര്‍ദര്‍ മുസഫറും അംജദ് പര്‍വായിസും കോടതിയില്‍ ഹാജരായിരുന്നു (Toshakhana case).
ജഡ്‌ജി മുഹമ്മദ് ബഷീര്‍ പിടിഐ നേതാവിനും അദ്ദേഹത്തിന്‍റെ ഭാര്യയ്ക്കും വേണ്ടി കുറ്റപത്രം വായിച്ചു. അതേസമയം ഇമ്രാന്‍ തനിക്കെതിരെയുള്ള കുറ്റങ്ങള്‍ നിഷേധിച്ചു. തട്ടിക്കൊണ്ടുപോയ ആള്‍ക്കാരാണ് പിന്നീട് കേസിലെ സാക്ഷികളായതെന്നും അദ്ദേഹം ആരോപിച്ചു (case against Pak ex PM Imran Khan and wife).
കേസില്‍ തുടര്‍വാദം നാളെ നടക്കും. അടുത്ത വാദത്തിലും സാക്ഷികളെ ഹാജരാക്കണമെന്ന് കോടതി നിര്‍ദേശിച്ചിട്ടുണ്ട്. 1900 ലക്ഷം പൗണ്ടിന്‍റെ കേസില്‍ വിധി പിന്നീടുണ്ടാകും. ബഹാരിയ ടൗണ്‍ ലിമിറ്റഡില്‍ നിന്ന് കോടിക്കണക്കിന് രൂപയും ഭൂമിയും കൈപ്പറ്റിയെന്നാണ് കേസ്. 500 കോടി രൂപയുടെ കള്ളപ്പണം വെളുപ്പിക്കുന്നതിന് കൈക്കൂലി എന്ന നിലയിലാണ് ഇത് കൈപ്പറ്റിയതെന്നും കണ്ടെത്തിയിട്ടുണ്ട്. മുന്‍ പിടിഐ സര്‍ക്കാരിന്‍റെ കാലത്ത് ബ്രിട്ടനില്‍ നിന്നെത്തിച്ച പണമാണിത് (National Accountability bureau).
അനധികൃത പണക്കടത്തില്‍ ഇമ്രാന്‍ ഖാന് നിര്‍ണായക പങ്കുണ്ടെന്ന് എന്‍എബി (നാഷണല്‍ അക്കൗണ്ടബിലിറ്റി ബ്യൂറോ) പറഞ്ഞു. കറാച്ചിയിലെ ബഹാരിയ നഗരത്തിലെ ഭൂമി വാങ്ങാനായി തുടങ്ങിയ ബാങ്ക് അക്കൗണ്ട് വഴിയായിരുന്നു തട്ടിപ്പുകള്‍. നിരവധി തവണ വിവരങ്ങള്‍ നല്‍കാനും നിരപരാധിത്വം തെളിയിക്കാനും അവസരം നല്‍കിയെങ്കിലും ഇമ്രാന്‍ അതൊന്നും ഉപയോഗിച്ചിച്ചില്ലെന്നും എന്‍എബി ചൂണ്ടിക്കാട്ടി. ഇത് തെറ്റായ ഉദ്ദേശ്യത്തോടെയാണെന്നും അവര്‍ ആരോപിച്ചു. വിവരങ്ങള്‍ നല്‍കാനും ഇമ്രാന്‍ തയാറായില്ല. ഇമ്രാനും ഭാര്യക്കും കുറ്റപത്ര പകര്‍പ്പ് നല്‍കിയിട്ടുണ്ട്.
തോഷഖാന, 1900 ലക്ഷം പൗണ്ട് കേസുകളില്‍ ഇമ്രാന്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളി. തോഷഖാന കേസില്‍ ഓഫിസ് ജീവനക്കാരനെ കോടികളുടെ തട്ടിപ്പിന് പ്രധാനമന്ത്രിയായി ആള്‍മാറാട്ടം നടത്തിയെന്നാണ് ആരോപണം. എന്നാല്‍ പ്രധാനമന്ത്രിയായ താന്‍ ഇത്തരമൊരു കാര്യം ചെയ്‌തിട്ടില്ലെന്നാണ് ഇമ്രാന്‍റെ വാദം. ഓഫിസ് ബോയി അടക്കം രണ്ട് പേര്‍ ഇമ്രാനെതിരെ മൊഴി നല്‍കിയിട്ടുണ്ട്.
ഇതിന് പുറമെ കണക്കില്‍ പെടാത്ത സ്വത്ത് സമ്പാദനക്കേസില്‍ ഇമ്രാനും ഭാര്യയ്ക്കുമെതിരെ മറ്റൊരു കേസും എന്‍എബി എടുത്തിട്ടുണ്ട്. സൗദി കിരീടാവകാശിയില്‍ നിന്ന് സ്വീകരിച്ച ഒരു ആഭരണ സെറ്റ് തിരിച്ച് പിടിക്കാനുള്ള കേസാണിത്. വിദേശരാജ്യ തലവന്‍മാരിലും വിദേശത്തെ വിവിധ പ്രമുഖരില്‍ നിന്നുമായി 108 ഉപഹാരങ്ങള്‍ ഇമ്രാനും ഭാര്യയും ഭരണകാലയളവില്‍ സ്വീകരിച്ചിട്ടുണ്ടെന്നും എന്‍എബി കണ്ടെത്തിയിട്ടുണ്ട്. ഇതില്‍ 58 ഉപഹാരങ്ങള്‍ കണക്കില്‍ പെടുത്തിയിട്ടില്ലെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.