ഇന്നർ ഗ്രോവ് ഹെയ്‌റ്റ്‌സ്: ദയാവധത്തിന് വിധേയമാക്കിയ ജന്തുക്കളുടെ മൃതദേഹ അവശിഷ്‌ടങ്ങൾ കഴിച്ച് അവശനിലയിലായ 13 കഴുകൻമാരില്‍ മൂന്നെണ്ണത്തെ ചത്തനിലയില്‍ കണ്ടെത്തി. അമേരിക്കയിലെ ഇന്നസോട്ടയിലെ ഇൻവെർ ഗ്രോവ് ഹെയ്‌റ്റ്‌സിലെ മാലിന്യ നിക്ഷേപ സ്ഥലത്താണ് കഴുകൻമാരെ അവശനിലയിലും പിന്നീട് ചത്ത നിലയിലും കണ്ടെത്തിയത്. ഇക്കാര്യത്തില്‍ അമേരിക്കല്‍ ഫെഡറല്‍ വനം വന്യജീവി ഉദ്യോഗസ്ഥർ അന്വേഷണം ആരംഭിച്ചതായി അമേരിക്കൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തു.
പത്ത് പക്ഷികൾ മിനിസോട്ട യൂണിവേഴ്‌സിറ്റി റാപ്‌റ്റർ സെന്‍ററിൽ തീവ്രപരിചരണ വിഭാഗത്തിലാണ്. കഴുകന്മാരെ കണ്ടെത്തിയ സമയത്ത് അവയിൽ ചിലത് മഞ്ഞിൽ മുഖം താഴ്ത്തി ചലനമില്ലാത്ത അവസ്ഥയിലായിരുന്നു. പെന്‍റോബാർബിറ്റൽ ഉപയോഗിച്ച് ദയാവധം നടത്തിയ ഒരു മൃഗത്തിന്‍റെ ജഡത്തിന്‍റെ ഒരു ഭാഗം ചത്ത കഴുകന്മാർ ഭക്ഷിച്ചതാണ് പക്ഷികൾ ചത്തൊടുങ്ങാൻ കാരണമെന്നാണ് മൃഗഡോക്‌ടറുടെ പ്രാഥമിക നിഗമനം.
അതേസമയം ഡിസംബർ രണ്ടിന് ദയാവധം നടത്തിയ ചില മൃഗങ്ങളെ ലാൻഡ്‌ഫില്ലിലേക്ക് കൊണ്ടുവന്നതായി അന്വേഷകർ സ്ഥിരീകരിച്ചു. രാസവസ്‌തുക്കൾ ഉപയോഗിച്ച് ദയാവധം നടത്തുന്ന മൃഗങ്ങളെ മറ്റു മൃഗങ്ങൾ ഭക്ഷിക്കാത്ത രീതീയിലാണ് സംസ്‌കരിക്കേണ്ടത്. പക്ഷികൾ സുഖം പ്രാപിക്കുമെന്ന വിശ്വാസത്തിലാണെന്ന് സെന്‍റർ എക്‌സിക്യൂട്ടീവ് ഡയറക്‌ടർ വിക്‌ടോറിയ ഹാൾ പറഞ്ഞു.