ബെയ്‌ജിങ് : ചൈനീസ് വിദേശകാര്യ മന്ത്രി ക്വിൻ ഗാങ്ങിനെ ഒരു മാസത്തോളമായി പൊതുവേദിയിൽ നിന്ന് കാണാതായിട്ട്. ഈ മാസമാദ്യം ഇന്തോനേഷ്യയിലെ ജക്കാർത്തയിൽ നടന്ന ആസിയാൻ റീജ്യണല്‍ ഫോറത്തിലും ഈസ്റ്റ് ഏഷ്യ ഉച്ചകോടിയിലും ക്വിൻ ഇല്ലാതിരുന്നത് വലിയ ചർച്ചകൾക്ക് വഴിവച്ചിരുന്നു. ജൂൺ 25 ന് ചൈനീസ് തലസ്ഥാനമായ ബെയ്‌ജിങ്ങിൽ ശ്രീലങ്കൻ വിദേശകാര്യ മന്ത്രി അലി സബ്രിയുമായി നടത്തിയ കൂടിക്കാഴ്‌ചയാണ് 57-കാരനായ ക്വിൻ ഗാങ് പങ്കെടുത്ത അവസാന പൊതുപരിപാടി. അതിനുശേഷം അദ്ദേഹം പൊതുമധ്യത്തില്‍ നിന്ന് അപ്രത്യക്ഷനായി.
ഭരണ നേതൃത്വങ്ങളില്‍ ഉള്ളവരെ സംബന്ധിച്ചുള്ള അവ്യക്തതകള്‍ക്ക് പേരുകേട്ട രാജ്യമാണ് ചൈന. അവിടെ എന്താണ് നടക്കുന്നതെന്ന് സാധാരണയായി വളരെ വൈകിയാണ് പുറംലോകം അറിയാറ്. അതുകൊണ്ടുതന്നെ നയപരമായ തീരുമാനങ്ങൾ എടുക്കുന്നതിൽ ചൈനയ്‌ക്ക് പുറത്തും പ്രശസ്‌തനായ ക്വിൻ ഗാങ്ങിന്‍റെ പൊതുവേദികളിലെ അസാന്നിധ്യം ചൂടേറിയ ചർച്ചകൾക്കാണ് വഴിവച്ചിട്ടുള്ളത്.
ഗാങ്ങിനെക്കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക് ചൈനീസ് വിദേശകാര്യ മന്ത്രാലയം വ്യക്തത നല്‍കാതെ ഒഴിഞ്ഞുമാറുകയാണ്. ഉന്നയിച്ച കാര്യത്തെക്കുറിച്ച് തനിക്ക് ഒരു ധാരണയുമില്ലെന്നാണ് ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് മാവോ നിംഗ് ഈ മാസം ആദ്യം ഒരു പതിവ് വാര്‍ത്താസമ്മേളനത്തിനിടെ പറഞ്ഞത്. കഴിഞ്ഞയാഴ്‌ച ഇതേ വിഷയത്തെ കുറിച്ച് വീണ്ടും ചോദിച്ചപ്പോൾ തനിക്ക് ഇക്കാര്യത്തിൽ ധാരണയില്ലെന്നായിരുന്നു പ്രതികരണം.
ക്വിൻ ഗാങ്ങിന് പകരം മുന്‍ വിദേശകാര്യ മന്ത്രിയും സെന്‍ട്രല്‍ ഫോറിന്‍ അഫയേഴ്‌സ് ഡയറക്‌ടറുമായ വാങ് യീയാണ് ചൈനീസ് പ്രസിഡന്‍റ് ഷി ജിന്‍ പിങ്ങിനൊപ്പം ഔദ്യോഗിക പരിപാടികളില്‍ പങ്കെടുക്കുന്നത്. ആസിയാൻ ഉച്ചകോടികളിൽ അടക്കം പങ്കെടുത്ത വാങ് യീ ഓഗസ്റ്റ് 24 മുതൽ ദക്ഷിണാഫ്രിക്കയിലെ ജൊഹാനസ്‌ബർഗിൽ ആരംഭിക്കുന്ന ബ്രിക്‌സ് ദേശീയ സുരക്ഷ ഉപദേഷ്‌ടാക്കളുടെയും ഉന്നത പ്രതിനിധികളുടെയും സമ്മേളനങ്ങളില്‍ പങ്കെടുക്കുമെന്നാണ് ചൈനീസ് സർക്കാർ വൃത്തങ്ങൾ നൽകുന്ന സൂചന. ഇതോടെ ഗാങ്ങിന്‍റെ രാഷ്‌ട്രീയ ഭാവി അവസാനിച്ചുവെന്ന തരത്തിലുള്ള അഭ്യൂഹങ്ങളും പുറത്തുവരുന്നുണ്ട്. എന്നാല്‍ ഗാങ്ങിന്‍റെ അസാന്നിധ്യത്തിലും ചൈനയുടെ നയതന്ത്ര പ്രവര്‍ത്തനങ്ങള്‍ കൃത്യമായി നടക്കുന്നുണ്ടെന്നാണ് അധികൃതരുടെ വാദം.
ഷി ജിൻ പിങ്ങിന്‍റെ വിശ്വസ്‌തന്‍ : 2022 ഡിസംബറിലാണ് ക്വിന്‍ ഗാങ് ചൈനയുടെ വിദേശകാര്യ മന്ത്രിയായി ചുമതലയേല്‍ക്കുന്നത്. 2021 മുതൽ 2023 വരെ യുഎസിലെ ചൈനീസ് അംബാസഡറായി പ്രവർത്തിച്ചിരുന്ന ഗാങ് രാഷ്‌ട്രീയത്തില്‍ ചൈനീസ് പ്രസിഡന്‍റിന്‍റെ ശിഷ്യനാണ്. 2018 മുതൽ 2021 വരെ ചൈനയുടെ വിദേശകാര്യ സഹമന്ത്രിയായും 2015 മുതൽ 2018 വരെ വിദേശകാര്യ മന്ത്രാലയത്തിലെ പ്രോട്ടോക്കോൾ ഡയറക്‌ടറായും 2011 മുതൽ 2015 വരെ വിദേശകാര്യ മന്ത്രാലയത്തില്‍ ഇൻഫർമേഷൻ ഡയറക്‌ടറായും ഗാങ് സേവനമനുഷ്‌ഠിച്ചിട്ടുണ്ട്. ചൈനയില്‍ ഷീ ജിൻപിങ് കൊണ്ടുവന്ന 'വൂള്‍ഫ് വാരിയര്‍' നയതന്ത്ര രീതിയിലെ ആക്രമണകാരിയായ യോദ്ധാവെന്നാണ് ഗാങ്ങിനെ മാധ്യമങ്ങൾ വിശേഷിപ്പിച്ചിരുന്നത്.
മുതിർന്ന നേതാക്കളായ വാങ് യീ അടക്കമുള്ളവരെ തഴഞ്ഞുകൊണ്ട് ഷീ ജിൻപിങ് തന്നെയാണ് വിദേശകാര്യമന്ത്രി സ്ഥാനത്തേക്ക് ഗാങ്ങിനെ കൊണ്ടുവരുന്നത്. അമേരിക്കയുമായി ചൈനയുടെ നയതന്ത്ര ബന്ധം മെച്ചപ്പെടുത്താൻ ഗാങ്ങിന്‍റെ ഭാഗത്തുനിന്ന് ശ്രമങ്ങള്‍ നടന്നുകൊണ്ടിരിക്കുമ്പോഴാണ് അപ്രത്യക്ഷമാകല്‍. കൊവിഡിന് ശേഷം രണ്ട് രാജ്യങ്ങളും തമ്മിലുള്ള ബന്ധം അത്ര ഊഷ്‌മളമായിരുന്നില്ല. ഒരുവര്‍ഷമായി രണ്ട് രാജ്യങ്ങൾക്കിടയിലും കാര്യമായ ഇടപാടുകള്‍ നടന്നിരുന്നില്ല. ഈ ബന്ധം പുനസ്ഥാപിക്കാനുള്ള ഗാങ്ങിന്‍റെ നീക്കം ഫലം കണ്ടുവരികയായിരുന്നു.
വിവാഹേതര ബന്ധവും രോഗവും : ചൈനീസ് ടെലിവിഷന്‍ അവതാരകയായ ഫ്യൂ ഷാവോഷിനുമായുള്ള വിവാഹേതര ബന്ധമാണ് ഗാങ് അപ്രത്യക്ഷനാകാനുള്ള കാരണമായി ചിലര്‍ പറയുന്നത്. ഫ്യൂ ഷാവോഷിനുമായുള്ള ഗാങ്ങിന്‍റെ ചിത്രങ്ങളും ദൃശ്യങ്ങളും സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി, അംഗങ്ങളെ വിവാഹേതര ബന്ധങ്ങളില്‍നിന്ന് വിലക്കിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് അന്വേഷണം നേരിടുന്നതുകൊണ്ടാണ് ഗാങ് പൊതുവേദിയില്‍ എത്താത്തതെന്ന് കരുതപ്പെടുന്നു.
രോഗ ബാധിതനായതിനാലാണ് ഗാങ് പൊതുമധ്യത്തില്‍ നിന്ന് വിട്ടുനില്‍ക്കുന്നതെന്ന് കരുതുന്നവരുമുണ്ട്. കൊവിഡ് ബാധിതനായപ്പോള്‍ പ്രസിഡന്‍റ് ഷിയും ഇതുപോലെ പൊതുവേദിയിൽ നിന്ന് അപ്രത്യക്ഷനായിരുന്നു. ആരോഗ്യ കാരണങ്ങളാല്‍, ജക്കാർത്തയിൽ നടക്കുന്ന ആസിയാന്‍ ഉച്ചകോടിയില്‍ നിന്ന് ഗാങ് വിട്ടുനില്‍ക്കുമെന്ന് അധികൃതർ അറിയിച്ച സമയത്ത്, രോഗവിവരമോ എത്രനാള്‍ പൊതുവേദിയിൽ നിന്ന് മാറിനില്‍ക്കും എന്നതോ പുറത്തുവിട്ടിരുന്നില്ല.
ഏതെങ്കിലും അന്വേഷണം നേരിടുന്നുണ്ടെങ്കിലും ഇത്തരം മാറിനില്‍ക്കല്‍ സ്വാഭാവികമാണ്. ഗാങ്ങിന്‍റെ കാര്യത്തിലും ഇത്തരം സാധ്യതകൾ തള്ളിക്കളയാനാകില്ലെന്ന് ഒരു സംഘം വിലയിരുത്തുന്നു. 2012-ല്‍ ഷി ജിന്‍ പിങ്ങും ഇതുപോലെ പൊതുപരിപാടികളിൽ നിന്ന് അപ്രത്യക്ഷനായിട്ടുണ്ട്. എന്നാല്‍ ചെറിയ ഇടവേളയ്‌ക്ക് ശേഷം മടങ്ങിവന്ന അദ്ദേഹം ചൈനയുടെ പരമോന്നത നേതാവായാണ് അവരോധിക്കപ്പെട്ടത്.