ന്യൂയോർക്ക് : ന്യൂയോർക്കില്‍ ശക്തമായ മഴയും കാറ്റും (Rainstorm in New York City). വെള്ളിയാഴ്‌ച മെട്രോപൊളിറ്റൻ പ്രദേശത്ത് വീശിയ ശക്തമായ മഴക്കാറ്റിനെ തുടര്‍ന്ന് നഗരത്തിലെ സബ്‌വേ സംവിധാനം ചില ഭാഗങ്ങളില്‍ അടച്ചുപൂട്ടി. തെരുവുകളും ഹൈവേകളും വെള്ളത്തിനടിയിലായതോടെ ലഗാർഡിയ എയർപോർട്ടിലേക്കുള്ള വിമാനങ്ങൾ വൈകിപ്പിക്കുകയും ചെയ്‌തു. ചിലയിടങ്ങളിൽ ഒറ്റ രാത്രികൊണ്ട് 13 സെന്‍റീമീറ്റർ വരെ മഴ പെയ്‌തു, ദിവസം മുഴുവൻ 18 സെന്‍റീമീറ്ററില്‍ കൂടുതൽ മഴ പ്രതീക്ഷിക്കുന്നതായി ന്യൂയോർക്ക് ഗവർണർ കാത്തി ഹോച്ചുൾ പറഞ്ഞു.
ഉച്ചയോടെ മഴയ്‌ക്ക് ആശ്വാസം ഉണ്ടായെങ്കിലും കരുതലോടെ തുടരാൻ മേയർ എറിക് ആഡംസ് ജനങ്ങളോട് അഭ്യർഥിച്ചു. ഇത് അവസാനിച്ചിട്ടില്ല, ഇടയ്‌ക്ക് കനത്ത മഴയ്‌ക്ക് ആശ്വാസം കിട്ടുന്നുണ്ടെങ്കിലും അത് അവസാനിച്ചുവെന്ന് തോന്നിപ്പിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ലെന്ന് അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു. മേയർ എറിക് ആഡംസും ഹോച്ചുളും അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ഉച്ചവരെ കൊടുങ്കാറ്റുമായി ബന്ധപ്പെട്ട മരണങ്ങളോ ഗുരുതരമായ പരിക്കുകളോ റിപ്പോർട്ട് ചെയ്‌തിട്ടില്ലെന്ന് നഗര അധികൃതർ അറിയിച്ചു. എന്നാൽ വെള്ളക്കെട്ടുള്ളതിനാല്‍ താമസക്കാർക്ക് പുറത്തിറങ്ങുന്നതിനായി ബുദ്ധിമുട്ടനുഭവപ്പെട്ടു.
മാൻഹട്ടന്‍റെ കിഴക്കുഭാഗത്തായി കാറുകളുടെ ടയറുകൾക്ക് മുകളിൽ വെള്ളം കയറി ഗതാഗതം സ്‌തംഭിച്ചു. ചില ഡ്രൈവർമാർ വാഹനങ്ങൾ ഉപേക്ഷിച്ചു. വെള്ളപ്പൊക്കമില്ലാഞ്ഞിട്ടും ഏകദേശം മൂന്ന് മണിക്കൂറോളം ഹൈവേയില്‍ കാറിൽ കുടുങ്ങിയതായി പ്രിസില്ല ഫോണ്ടാലിയോ പറഞ്ഞു. എന്‍റെ ജീവിതത്തിൽ ഇതുപോലൊന്ന് കണ്ടിട്ടില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
ബ്രൂക്ലിനിലെ സൗത്ത് വില്യംസ്ബർഗിലെ ഒരു തെരുവിൽ കാർഡ്ബോർഡും മറ്റ് അവശിഷ്‌ടങ്ങളും ഒഴുകി നടക്കുന്നതിനാല്‍ തൊഴിലാളികൾ മുട്ടുവരെ വെള്ളത്തില്‍ നിന്നാണ് ഒഴിവാക്കാന്‍ ശ്രമിച്ചത്. മഴ അൽപ്പനേരത്തേക്ക് കുറഞ്ഞപ്പോൾ ബ്രൂക്ലിൻ നിവാസികൾ അവരുടെ വീടുകളിലെ നാശനഷ്‌ടങ്ങൾ വിലയിരുത്തി വെള്ളം ഒഴിവാക്കാൻ തുടങ്ങി. നഗരത്തിലുടനീളം ബസ് സർവീസ് സാരമായി തടസ്സപ്പെട്ടതായി മെട്രോപൊളിറ്റൻ ട്രാൻസ്‌പോർട്ടേഷൻ അതോറിറ്റി അഭിപ്രായപ്പെട്ടു. ബ്രൂക്ലിൻ സ്‌കൂളില്‍ വെള്ളം കയറിയതിനാല്‍ ഒഴിപ്പിച്ചതായി സ്‌കൂൾ ചാൻസലർ ഡേവിഡ് ബാങ്ക്സ് വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ബ്രൂക്ലിൻ നേവി യാർഡിൽ ഒറ്റ മണിക്കൂറിനുള്ളിൽ 2.5 ഇഞ്ച് (6 സെന്‍റീമീറ്റർ) മഴ പെയ്തെന്നും ചുറ്റുമുള്ള ഡ്രെയിനേജ് സംവിധാനങ്ങളില്‍ തടസം നേരിട്ടെന്നും എൻവയോൺമെന്‍റൽ പ്രൊട്ടക്ഷൻ കമ്മീഷണർ രോഹിത് ടി അഗർവാല പറഞ്ഞു. സോഷ്യൽ മീഡിയകളില്‍ സബ്‌വേ സ്റ്റേഷനുകളിലേക്കും ബേസ്‌മെന്‍റുകളിലേക്കും വെള്ളം ഒഴുകുന്ന ഫോട്ടോകളും വീഡിയോകളും പ്രചരിച്ചു.
വെള്ളിയാഴ്‌ച മഴ പെയ്‌തതിന് കാരണം തീരദേശ കൊടുങ്കാറ്റാണ്, കിഴക്കൻ തീരത്ത് ന്യൂനമർദം അറ്റ്ലാന്‍റിക് സമുദ്രത്തിൽ നിന്ന് ആഴത്തിലുള്ള ഈർപ്പം കൊണ്ടുവരുന്നു. കുറച്ച് സമയത്തിനുള്ളിൽ ഏറ്റവും ഈർപ്പമുള്ള ദിവസങ്ങളിൽ ഒന്നായിരിക്കും ഇതെന്ന് ന്യൂയോർക്കിലെ നാഷണൽ വെതർ സർവീസിലെ കാലാവസ്ഥ നിരീക്ഷകൻ ഡൊമിനിക് രാമുണ്ണി പറഞ്ഞു. എല്ലാ സബ്‌വേ ലൈനുകളും താത്‌കാലികമായി നിർത്തിവച്ചെങ്കിലും ചിലത് റൂട്ട് മാറ്റി അല്ലെങ്കിൽ സമയരഹിതമായി ഓടുന്നു. കൂടാതെ മെട്രോ-നോർത്ത് റെയിൽറോഡിന്‍റെ മൂന്ന് ലൈനുകളിൽ രണ്ടെണ്ണം താത്‌കാലികമായി നിർത്തിവച്ചു.
വിമാനത്താവളത്തിന്‍റെ ഇന്ധനം നിറയ്ക്കുന്ന സ്ഥലത്ത് വെള്ളം കയറിയതിനാൽ ലാഗാർഡിയയിലേക്കുള്ള വിമാനങ്ങൾ വെള്ളിയാഴ്‌ച രാവിലെ കുറച്ചുനേരം നിർത്തിവച്ചു. വെള്ളപ്പൊക്കത്തെ തുടർന്ന് വിമാനത്താവളത്തിന്‍റെ മൂന്ന് ടെർമിനലുകളിൽ ഒന്ന് അടച്ചിടേണ്ടി വന്നു.
ALSO READ: കാലവർഷം പിൻവാങ്ങുന്നു, ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദത്താല്‍ സംസ്ഥാനത്ത് മഴ തുടരും