അബൂജ (നൈജീരിയ): തെക്കൻ നൈജീരിയയിലെ പള്ളിയിൽ നടന്ന ചാരിറ്റി പരിപാടിക്കിടെയുണ്ടായ തിക്കിലും തിരക്കിലും 31 മരണം. ഏഴ് പേർക്ക് പരിക്കേറ്റു. മരിച്ചവരിൽ ഗർഭിണിയും നിരവധി കുട്ടികളും.
ശനിയാഴ്‌ച നടന്ന റിവേഴ്‌സ് സ്‌റ്റേറ്റിലെ കിങ്സ് അസംബ്ലി പെന്തക്കോസ്‌ത് പള്ളിയുടെ വാർഷിക "ഷോപ്പ് ഫോർ ഫ്രീ" ചാരിറ്റി പരിപാടിക്കിടെയാണ് അപകടം. സർക്കാർ സ്ഥിതിവിവരക്കണക്കുകൾ പ്രകാരം 80 ദശലക്ഷത്തിലധികം ആളുകൾ ദാരിദ്ര്യത്തിൽ കഴിയുന്ന ആഫ്രിക്കയിലെ ഏറ്റവും വലിയ സമ്പദ്‌വ്യവസ്ഥയുള്ള രാജ്യമായ നൈജീരിയയിൽ ഇത്തരം ചാരിറ്റി പരിപാടികൾ സാധാരണമാണ്.
ശനിയാഴ്‌ച രാവിലെ 9 മണിക്ക് ആരംഭിക്കേണ്ടിയിരുന്ന പരിപാടിക്ക് പങ്കെടുക്കാൻ നിരവധി ആളുകൾ പുലർച്ചെ 5 മണിക്ക് തന്നെ എത്തിയിരുന്നു. ആളുകൾ പള്ളിയുടെ പൂട്ടിയിരുന്ന ഗേറ്റ് തകർത്ത് അകത്ത് കയറാൻ ശ്രമിക്കുന്നതിനിടെ തിക്കിലും തിരക്കിലുംപെടുകയായിരുന്നു.
ദ്രുത പ്രതികരണ സേന മരിച്ചവരുടെ മൃതദേഹങ്ങൾ പുറത്തെടുത്ത് മോർച്ചറിയിലേക്ക് കൊണ്ടുപോയെന്ന് നൈജീരിയയിലെ നാഷണൽ എമർജൻസി മാനേജ്‌മെന്‍റ് ഏജൻസി അംഗം ഗോഡ്‌വിൻ ടെപികോർ പറഞ്ഞു. സുരക്ഷ സേന പ്രദേശം വളഞ്ഞു.
പരിക്കേറ്റവർ ചികിത്സയോട് പ്രതികരിക്കുന്നുണ്ടെന്ന് പൊലീസ് വക്താവ് പറഞ്ഞു. തിക്കും തിരക്കും ഉണ്ടായത് എങ്ങനെയെന്ന് അന്വേഷിച്ചുവരികയാണ്. പള്ളിയുടെ ഷോപ്പ് ഫോർ ഫ്രീ പരിപാടി താത്‌കാലികമായി നിർത്തിവച്ചു. നൈജീരിയയിൽ ഇതിനുമുൻപും ഇത്തരത്തിൽ തിക്കും തിരക്കും ഉണ്ടായിട്ടുണ്ട്. 2013ൽ അനമ്പ്രയിലെ പള്ളിയിലുണ്ടായ തിക്കിലും തിരക്കിലുംപെട്ട് 24 പേർ മരിച്ചിരുന്നു.