കൊളംബോ : കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന ശ്രീലങ്കയിൽ പ്രധാനമന്ത്രി മഹിന്ദ രജപക്‌സെ രാജിവച്ചതായി അഭ്യൂഹം. ശ്രീലങ്കൻ മാധ്യമങ്ങളാണ് രജപക്‌സെ രാജിക്കത്ത് നൽകിയതായി റിപ്പോർട്ടുകൾ നൽകിയത്. എന്നാൽ വാർത്ത അന്താരാഷ്‌ട്ര തലത്തിൽ ഏത്തിയതോടെ പ്രധാനമന്ത്രിയുടെ ഓഫിസ് ഇക്കാര്യം നിഷേധിച്ചു.
അതേസമയം ശ്രീലങ്കയിൽ കനത്ത പ്രതിസന്ധി തുടരുകയാണ്. പ്രസിഡന്‍റ് ഗോതബായ രജപക്‌സെയുടെ വസതിക്ക് പുറത്തുള്ള പ്രതിഷേധത്തെത്തുടർന്ന് ഏർപ്പെടുത്തിയ കർഫ്യൂ രാജ്യത്ത് 36 മണിക്കൂർ പിന്നിട്ടുകഴിഞ്ഞു. രാജ്യത്തെ പ്രധാന നഗരങ്ങളെല്ലാം ഏറെക്കുറേ വിജനമാണ്. നഗരത്തിൽ എല്ലായിടത്തും പൊലീസും സൈനികരും കർശന പരിശോധന നടത്തുന്നുണ്ട്.
എന്നിരുന്നാലും കർഫ്യൂ ലംഘിച്ച് രാജ്യത്തുടനീളം പ്രതിഷേധങ്ങളും നടക്കുന്നുണ്ട്. പ്രസിഡന്‍റ് ഗോതാബയ രജപക്‌സെയെ പരാമർശിച്ച് 'ഗോ ഗോതാബയ ഗോ' എന്ന മുദ്രാവാക്യവുമായി പ്രതിപക്ഷ സമാഗി ജന ബലവേഗയ (എസ്‌ജെബി) ഇന്ന് കൊളംബോയിൽ സർക്കാരിനെതിരെ പ്രതിഷേധ പ്രകടനവും നടത്തിയിരുന്നു.
ശനിയാഴ്‌ച വൈകുന്നേരം 6 മുതൽ തിങ്കളാഴ്‌ച രാവിലെ 6 വരെ പടിഞ്ഞാറൻ പ്രവിശ്യയിൽ ഏർപ്പെടുത്തിയ കർഫ്യൂ ലംഘിച്ച 664 പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രതിഷേധത്തിനിടെ മദ്യലഹരിയിലായിരുന്ന മധ്യവയസ്‌കൻ പ്രസിഡന്‍റിന്‍റെ വസതിക്ക് മുന്നിൽ ആത്‌മഹത്യ ചെയ്‌തതായും പൊലീസ് അറിയിച്ചു.
ALSO READ: ശ്രീലങ്കയിലേക്ക് ഇന്ത്യ സൈന്യത്തെ അയക്കില്ല; റിപ്പോർട്ടുകൾ തള്ളി ഇന്ത്യൻ ഹൈക്കമ്മിഷൻ
പ്രതിഷേധക്കാരെ നേരിടാൻ ശ്രീലങ്കൻ സർക്കാർ ഇന്ന് അർധരാത്രിക്ക് ശേഷം രാജ്യവ്യാപകമായി സോഷ്യൽ മീഡിയകൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയേക്കുമെന്നും റിപ്പോർട്ടുകളുണ്ട്. അതേസമയം ഭക്ഷണം, ഇന്ധനം, മറ്റ് അവശ്യവസ്തുക്കള്‍ എന്നിവയ്ക്ക് കടുത്തക്ഷാമമാണ് നേരിടുന്നത്. കൂടാതെ ശ്രീലങ്കയിൽ ഏർപ്പെടുത്തിയ 13 മണിക്കൂർ പവർകട്ടും ജനജീവിതം ദുസഹമാക്കുന്നുണ്ട്.